നേപ്പാളിലെ വാസ്തുശില്‌പ മാതൃകയില്‍ കൊല്ലത്തൊരു ക്ഷേത്രം

Posted on: 12 Aug 2008


കൊല്ലം: ഭാരതത്തിന്റെ അയല്‍രാജ്യമായ നേപ്പാളിലെ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ചൊരു ക്ഷേത്രം കൊല്ലത്തുണ്ട്. കുരീപ്പുഴയിലെ മണലില്‍ മഹാദേവക്ഷേത്രം. നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ നന്ദീശ്വരനോട് ഏറെ സാദൃശ്യമുള്ള നന്ദീശ്വരനും ഇവിടെയുണ്ട്. നഗരത്തിലെ ആറ് പ്രമുഖ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. പുരാതനമായ ഈ ക്ഷേത്രത്തിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള ചരിത്രം ഇങ്ങനെ:

ഒരുകാലത്ത് നഗരം 'കുരക്കേണി കൊല്ലം' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത് നവകോടി നാരായണചെട്ടി എന്നുപേരുള്ള ഒരു വണിഗ്വരന്‍ കൊല്ലത്ത് വാണിരുന്നു. അദ്ദേഹത്തിന്റെ ആസ്ഥാനം, ഇന്ന് മുളങ്കാടകം ശ്മശാനം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നത്രെ. രാജകൊട്ടാരത്തെ വെല്ലുന്ന മണിമാളികയിലായിരുന്നു വാസം. അദ്ദേഹം സായാഹ്ന വിശ്രമം നടത്തിയിരുന്നത് ഇന്നത്തെ വെള്ളയിട്ടമ്പലമായ വെള്ളികെട്ടിയമ്പലത്തിലായിരുന്നത്രെ. ആരാധനയ്ക്കായി അദ്ദേഹം പണികഴിപ്പിച്ച ക്ഷേത്രമായിരുന്നു മണലില്‍ ശിവക്ഷേത്രം. തന്റെ അഞ്ച് പെണ്‍മക്കള്‍ക്കായി കൊല്ലത്ത് അദ്ദേഹം അഞ്ച് ശിവക്ഷേത്രങ്ങള്‍കൂടി പണിതു. നാടുവാഴിയേക്കാള്‍ പ്രതാപത്തില്‍ വാണിരുന്ന നവകോടിയോട് രാജാവിന് ഈര്‍ഷ്യതോന്നിയത്രെ. അധിക ചുങ്കം ചുമത്തിയും പലവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും നവകോടിയെ രാജാവ് ശല്യപ്പെടുത്തിവന്നു. എന്നാല്‍ ഈറന്‍ വസ്ത്രമണിഞ്ഞ്, മണലീശ്വരനെ പ്രാര്‍ഥിച്ച് എല്ലാ പ്രശ്‌നങ്ങള്‍ക്കും നവകോടി പരിഹാരം കണ്ടുകൊണ്ടിരുന്നു. ഇതിനിടയില്‍ നവകോടിയുടെ ഇളയ മകളുമായി രാജാവിന്റെ മകന്‍ പ്രണയത്തിലായി. ഇതില്‍ കുപിതനായ രാജാവ് ആറ് കുപ്പിണി സൈന്യത്തെ വിട്ട് നവകോടിയുടെ ആസ്ഥാനം ആക്രമിച്ച് കുളംതോണ്ടി. ഇതോടെ നവകോടിയുടെ വീട് നശിച്ചു. പില്‍ക്കാലത്ത് ഇവിടം ശ്മശാനമാകുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പണികഴിപ്പിച്ച ക്ഷേത്രം കൊല്ലത്തെ പ്രമുഖ ആരാധനാകേന്ദ്രങ്ങളില്‍ ഒന്നായി മാറി.

ഏറ്റവും പ്രാധാന്യത്തോടെ ശിവരാത്രി ആഘോഷിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം.

ടി.രഞ്ജുലാല്‍



MathrubhumiMatrimonial