
കര്‍ഷകന് കണ്ണീര്‍പ്പാടം
Posted on: 24 Jan 2011
-എം.കെ.കൃഷ്ണകുമാര്‍
മായുന്ന മാമ്പഴക്കാലം -6

ബൊളീവിയയില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല

ബൊളീവിയയില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല
തുടര്‍ച്ചയായ വരള്‍ച്ച, കൊടും തണുപ്പും വെള്ളപ്പൊക്കവും - ബൊളീവിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
16,000 കാലിക്കൂട്ടങ്ങള്‍, 24,000 ഹെക്ടര്‍ ഗോതമ്പ്, ബീന്‍, ചോളം പാടങ്ങള്‍ എല്ലാം വരള്‍ച്ചയില്‍ നശിക്കും. ബൊളീവിയയെ പോലുള്ള ഒരു ചെറുരാജ്യത്തിന് താങ്ങാവുന്നതിനപ്പുറമായിരിക്കും ഇത്. ഈ രാജ്യത്തിന്റെ അഞ്ചിലൊരു ഭാഗം ഇപ്പോള്‍ത്തന്നെ കാലാവസ്ഥാമാറ്റത്തിന്റെ കെടുതിയിലാണെന്നും എഫ്.എ.ഒ. പറയുന്നു. കൊടുങ്കാറ്റ് ഒഴികെയുള്ള എല്ലാ പ്രകൃതിദുരന്തങ്ങളും ബൊളീവിയ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.
ഏത് രാജ്യത്തായാലും കാലാവസ്ഥാമാറ്റം കൂടുതല്‍ ബാധിക്കുന്നത് കര്‍ഷകരെയാണ്. പരമ്പരാഗത കൃഷി ഒരുവര്‍ഷത്തെ അതിമഴയിലോ അല്ലെങ്കില്‍ വരള്‍ച്ചകൊണ്ടോ തകര്‍ന്നുപോകുന്നു. കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയോ കടക്കെണിയില്‍ കൂടുങ്ങുകയോ ചെയ്യും.
ബൊളീവിയയില്‍ സംഭവിക്കുന്നതാണ് ഇന്ത്യയിലും അതില്‍ കേരളത്തിലും സംഭവിക്കാന്‍ പോകുന്നത്. മഴ കുറയുന്നതും കൂടുന്നതും മാത്രമല്ല, കാലം തെറ്റിവരുന്ന മഴയും കൃഷിയെ കുഴപ്പത്തിലാക്കുന്നു.
കോള്‍ കൃഷിയെ മുക്കിയ തുലാമഴ
മഴയുടെ രീതിയില്‍വരുന്ന ചെറിയ വ്യത്യാസംപോലും കൃഷിയെ അധികം ബാധിക്കുമെന്നതിന് തൃശ്ശൂരിലെ കോള്‍ പാടങ്ങള്‍ സാക്ഷിയാണ്.
സാധാരണ തുലാമഴ ഉച്ചതിരിഞ്ഞ് തുടങ്ങുകയും രാത്രി അധികം ശക്തിയില്ലാതെ പെയ്ത് രാവിലെയാവും മുമ്പ് തോരുകയും ചെയ്യും. എന്നാല്‍ പതിവില്‍ക്കവിഞ്ഞ ശക്തിയോടെ പെയ്ത മഴ 5000 ഏക്കറിലെ ഞാറുകള്‍ ആറു ദിവസം മുക്കിക്കളഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വിത്ത് മുഴുവന്‍ നശിച്ചപ്പോള്‍ രണ്ടാമത് വിതയ്ക്കാന്‍ വിത്തുതേടി തമിഴ്‌നാട്ടില്‍ പോകണമെന്ന നിലയായി. ഒരു മഴ കഴിഞ്ഞാല്‍ പിന്നെ കഠിനമായ വെയിലെന്ന പതിവില്‍ തുലാമഴ തുടര്‍ന്നിരുന്നെങ്കില്‍ ഇവിടെ കോള്‍നിലങ്ങളില്‍ നിന്ന് വെള്ളം വാര്‍ന്നുപോകുമായിരുന്നു.
വിളയാത്ത നെല്‍പ്പാടങ്ങള്‍
സമയത്ത് വിത്തിടുകയും വളം നല്‍കുകയും ചെയ്തിട്ടും വിളയാതെ കിടക്കുന്ന നെല്‍പ്പാടങ്ങള്‍ തളിപ്പറമ്പില്‍ കര്‍ഷകന് ദൂരൂഹതയായിരുന്നു. 115 ദിവസംകൊണ്ട് വിളവെടുക്കേണ്ട ആതിര നെല്ല് 180 ദിവസം കഴിഞ്ഞിട്ടും പൂവിട്ടില്ല. ചെടികള്‍ വെട്ടിക്കളഞ്ഞാണ് രണ്ടാംവിള ഇറക്കിയത്. കാലാവസ്ഥാമാറ്റമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ഇപ്പോള്‍ വിശദീകരിക്കപ്പെടുന്നു. ചൂട് കൂടിയതിനാല്‍ നേരത്തേ മൂപ്പെത്തിയ വിത്തുകള്‍ ഉപേയാഗിക്കുമ്പോഴാണ് മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുക.
തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴയെന്നാണ് ചൊല്ലെങ്കിലും കഴിഞ്ഞ പല വര്‍ഷങ്ങളിലും അങ്ങനെ സംഭവിക്കാറില്ല. കതിരുണ്ടാവേണ്ട സമയത്ത് കൂടുതല്‍ വെയിലുണ്ടായാല്‍ വിളവ് നന്നേ കുറയുന്നു. നെല്‍ച്ചെടിയില്‍ തിരിയിട്ട് പേറുന്ന സമയത്താണ് തിരിമുറിയാത്ത തിരുവാതിര മഴ വേണ്ടത്. അഥവാ, മഴയുടെ തുടര്‍ച്ച അല്പം കുറഞ്ഞാലും കനത്ത വെയില്‍ ദോഷം ചെയ്യും.
മഴയെ പ്രതീക്ഷിച്ച് ഞാര്‍ ഒരുക്കിയശേഷം മഴ കുറഞ്ഞാല്‍ മൂപ്പെത്തിയിട്ടും പറിച്ചുനടാനാവാത്ത സ്ഥിതി ഉണ്ടാവാറുണ്ട്. പുഴവെള്ളം കരകവിയുന്ന പ്രദേശങ്ങളില്‍ എളുപ്പം ചീയാത്ത കരുത്തുള്ള നെല്‍ച്ചെടികളാണ് നടാറുള്ളത്. എന്നാല്‍ പുഴയില്‍നിന്ന് വെള്ളം എത്താതെ വരുമ്പോള്‍ ചെടികള്‍ ഉണങ്ങാന്‍ തുടങ്ങും. അതേസമയം, പുഴവെള്ളം കരകവിഞ്ഞ് മൂടിപ്പോകുന്ന നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ മാനന്തവാടി ഭാഗത്തുണ്ട്.
വളരുംമുമ്പേ മൂക്കുമ്പോള്‍
നവംബറില്‍ വിതച്ചാല്‍ ഫിബ്രവരി ഒടുവില്‍ കൊയ്യാമെന്നാണ് നെല്‍കര്‍ഷകന്റെ കണക്ക്. നെല്‍ച്ചെടി പൂവിട്ടാല്‍ 25 മുതല്‍ 30 വരെ ദിവസത്തിനുള്ളില്‍ കൊയ്യാന്‍ പാകമാവും. എന്നാല്‍ ചൂടുകൂടുമ്പോള്‍ ഈ കണക്ക് പിഴയ്ക്കുന്നു. നെല്ല് വേഗം മൂപ്പെത്തും. വളര്‍ച്ച പൂര്‍ത്തിയാവാത്തതിനാല്‍ വലിപ്പവും തൂക്കവും കുറയുകയും ചെയ്യും.

ആലപ്പുഴ ജില്ലയില്‍ ഇതേറെ പ്രകടമായിരുന്നു. ശരാശരി 1.8 ഡിഗ്രി ചൂട് കൂടിയപ്പോള്‍ വിളവിന്റെ മൊത്തം തൂക്കത്തില്‍ 30 ശതമാനം വരെ കുറവുണ്ടായി. ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള ചൂടിന്റെ വര്‍ധനയാണ് ഇവിടെ സ്വാധീനിച്ചത്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ നെല്‍കൃഷിയെ ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നു.
കുരുമുളകിനും ഈ മാറ്റം ബാധിക്കുന്നുണ്ട്. ചൂട് കാരണം കുരുമുളക് നേരത്തേ പറിക്കേണ്ടിവരുന്നു. തൂക്കം വളരെ കുറയുകയും ചെയ്യും. ഉയര്‍ന്ന ചൂട് മൂലം പൂവിടുന്ന തണ്ടുകള്‍ കരിയുന്നതും പതിവായിട്ടുണ്ട്.
ഹൈറേഞ്ചില്‍ കൃഷിചെയ്യുന്ന കൊക്കോ, തേയില തുടങ്ങിയ വിളകളുടെ ഉത്പാദനത്തിലും വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കാര്‍ഷിക യൂണിവേഴ്‌സിറ്റികളിലെ കാലാവസ്ഥാ വ്യതിയാനഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പഠനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2004-ല്‍ കൊക്കോ വിളയില്‍ 39 ശതമാനം കുറവുണ്ടായി. രണ്ട് മുതല്‍ മൂന്നു വരെ ഡിഗ്രി ചൂട് കൂടിയപ്പോഴാണ് ഇതുണ്ടായത്.
കുരുമുളകിനും ഈ മാറ്റം ബാധിക്കുന്നുണ്ട്. ചൂട് കാരണം കുരുമുളക് നേരത്തേ പറിക്കേണ്ടിവരുന്നു. തൂക്കം വളരെ കുറയുകയും ചെയ്യും. ഉയര്‍ന്ന ചൂട് മൂലം പൂവിടുന്ന തണ്ടുകള്‍ കരിയുന്നതും പതിവായിട്ടുണ്ട്.
ഹൈറേഞ്ചില്‍ കൃഷിചെയ്യുന്ന കൊക്കോ, തേയില തുടങ്ങിയ വിളകളുടെ ഉത്പാദനത്തിലും വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കാര്‍ഷിക യൂണിവേഴ്‌സിറ്റികളിലെ കാലാവസ്ഥാ വ്യതിയാനഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പഠനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2004-ല്‍ കൊക്കോ വിളയില്‍ 39 ശതമാനം കുറവുണ്ടായി. രണ്ട് മുതല്‍ മൂന്നു വരെ ഡിഗ്രി ചൂട് കൂടിയപ്പോഴാണ് ഇതുണ്ടായത്.
ചുരുങ്ങുന്ന റബ്ബര്‍
3.8 ശതമാനം കുറവാണ് റബ്ബര്‍ ഉത്പാദനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉണ്ടായത്. കൂടുതല്‍ ഉത്പാദനശേഷിയുള്ള റബ്ബര്‍ ഇനങ്ങള്‍ വന്നതോടെയാണ് ഉത്പാദനം ഇത്രയെങ്കിലും ഉണ്ടായത്. കോട്ടയത്ത് 2000-ല്‍ ശരാശരി ഉയര്‍ന്ന താപനില 33.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെങ്കില്‍ 2010ല്‍ അത് 35 ആയി.
കനത്ത മഴയും കടുത്ത ചൂടും കാരണം താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ റബറില്‍ പുതിയ കീടങ്ങളും ഫംഗസും ഉണ്ടാകാന്‍ ഇടയാക്കി. കോട്ടയം അരിപ്പറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ ഈ വിധം പുതിയ കീടം പ്രത്യക്ഷപ്പെട്ടിരുന്നു. മാറിയ കാലാവസ്ഥ റബ്ബര്‍ മരങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്നതായും കണ്ടിട്ടുണ്ട്. മരങ്ങളുടെ ആയുസ്സ് കുറയുന്നതിനും ഇതിടയാക്കുന്നു.
താപനിലയിലെ വ്യത്യാസം കശുമാവുകളെയും പ്രതികൂലമായി ബാധിക്കാറുണ്ട്. തേയിലക്കൊതുകുകളുടെ ആക്രമണം കാരണം പൂക്കുലകള്‍ കരിഞ്ഞുണങ്ങുന്നു. ഒരു ഹെക്ടറില്‍ നിന്ന് ദിവസേന 20 കിലോ മുതല്‍ 30 കിലോ വരെ കശുവണ്ടി ലഭിച്ച സ്ഥാനത്ത് കുലയുണക്കം വരുമ്പോള്‍ 10 കിലോയില്‍ താഴെ മാത്രമാകും വിളവ്. തുടര്‍ച്ചയായ ഈവിധം രോഗങ്ങള്‍ കാരണം കശുമാവ് കൃഷി ചുരുങ്ങിവരികയാണ്. കശുമാവ് കൃഷിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോള്‍ നാലാം സ്ഥാനത്തായി. ഇനിയും താഴേക്കുവരുന്ന പ്രവണതയാണുള്ളത്.
പാലക്കാടിന്റെ തമിഴ്ടച്ച്
തമിഴ്‌നാടിന്റെ കാലാവസ്ഥ നേരിട്ട് ബാധിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാടിന്റെ അതിര്‍ത്തി ജില്ലയായ ചിറ്റൂരില്‍ ചെന്നാല്‍ വരണ്ട കാലാവസ്ഥ ബാധിക്കുന്നതുകാണാം. അവിടെത്തന്നെ എരിച്ചോംപതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, വടകരപ്പതി ഗ്രാമങ്ങള്‍ വേനലില്‍ തിളച്ചുമറിയും. കഴിഞ്ഞ വേനലില്‍ പാലക്കാട്ട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സൂര്യതാപം മൂലം പരിക്കേറ്റത് അതുകൊണ്ടാണ്. ഒരു ഘട്ടത്തില്‍ ചൂട് 42 ഡിഗ്രി കടന്നു. അപ്രതീക്ഷിതമായ താപവര്‍ധനയായിരിക്കും ചില ദിവസങ്ങളിലുണ്ടാവുക.
1950 ഏപ്രില്‍ 26ന് കേരളത്തിലെ ശരാശരി ചൂട് 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കെ പാലക്കാട്ട് 41 ആയതാണ് ഇക്കാര്യത്തില്‍ റെക്കോഡ്. കഴിഞ്ഞവേനലില്‍ അനേകദിവസം ചൂട് 41 ല്‍താഴാതെ നിന്നു. ചൂടിന്റെ വര്‍ധനകാരണം ചിറ്റൂരില്‍ നെല്‍കൃഷി കുറഞ്ഞു വരികയാണ്. കടലയാണ് ഇപ്പോള്‍ കൂടുതലുള്ളത്. കരിമ്പുഫാക്ടറി ഉണ്ടായിരുന്ന കാലം വരെ കരിമ്പും കൃഷിചെയ്തിരുന്നു. കാലവര്‍ഷത്തേക്കള്‍ തുലാവര്‍ഷമാണ് കിട്ടാറുള്ളത്.
ചൂടും ചുവടുമാറുന്നു
ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വലുതായിക്കൊണ്ടിരിക്കുന്നതാണ് ചൂടിന്റെ പ്രകടമായ ചുവടുമാറ്റം. കൃഷിയെ ഗുരുതരമായി ബാധിക്കുന്നതും ഇതുതന്നെ.
ശരാശരി വാര്‍ഷിക ഉയര്‍ന്ന താപനില 30.4 ഡിഗ്രിസെല്‍ഷ്യസില്‍ നിന്ന് 32.9 ആയി. രണ്ടാമത്തെ ഉയര്‍ന്ന വാര്‍ഷിക താപനില പാലക്കാട്ടാണ് രേഖപ്പെടുത്തിയത് - 32.4 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്ട് വേനലില്‍ പല ദിവസങ്ങളിലും ചൂട് 40 ഡിഗ്രി കടക്കുന്നു.
കുറഞ്ഞ താപനിലയില്‍ 22, 24 ഡിഗ്രി എന്നിങ്ങനെ ചാഞ്ചാട്ടം കാണാം. ഹൈറേഞ്ചില്‍ വാര്‍ഷിക ഉയര്‍ന്ന താപനില 24നും 28നും മധ്യേ മാറിമാറിക്കൊണ്ടിരിക്കുന്നു. അവിടത്തെ കുറഞ്ഞ താപനില മഞ്ഞുകാലത്ത് 15നും 18നും മധ്യേ വ്യത്യാസപ്പെടുന്നു.
കേരളത്തിലെ ഉയര്‍ന്ന താപനിലയില്‍ വ്യക്തമായ വര്‍ധനയുണ്ടായിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പുനലൂര്‍, പാമ്പാടുംപാറ, കൊച്ചി, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇവിടങ്ങളിലെ ഉയര്‍ന്ന വാര്‍ഷിക താപനിലയും കൂടിക്കൊണ്ടിരിക്കുന്നു. തെക്കുകിഴക്കന്‍ മണ്‍സൂണ്‍, മണ്‍സൂണ്‍ ശേഷകാലം, മഞ്ഞുകാലം, വേനല്‍ എന്നീ കാലങ്ങളിലെല്ലാം ഈ വര്‍ധന ഉണ്ടാകുന്നുണ്ട്.
തൃശ്ശൂരിലെ കോള്‍പ്പാടങ്ങളില്‍ വെള്ളത്തിന്റെ താപനില സാധാരണ 28 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാലിപ്പോള്‍ അത് 35 വരെ ഉയരുന്നു.
നീലിഗിരിയില്‍ മഞ്ഞുവീഴ്ച കുറഞ്ഞ് ചൂട് കൂടിയതോടെ തേയിലയില്‍ ചുവപ്പ് ചിലന്തികള്‍ വ്യാപകമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരണ്ട കാലാവസ്ഥയില്‍ വളരുന്ന ഈ കീടംകാരണം എട്ട് ശതമാനം വിളനാശം സംഭവിച്ചിരുന്നു. തണല്‍ മരങ്ങളില്ലാത്ത തേയിലക്കാടുകളെയാണ് ചുവപ്പ് ചിലന്തികള്‍ കാര്യമായി ബാധിക്കുന്നത്.




