
മാര്‍ഗംകളിയില്‍ വഴികാട്ടി ജയിംസ് മാഷ് തന്നെ
Posted on: 20 Jan 2011
മാര്‍ഗംകളിയില്‍ ജയിച്ച എല്ലാ ടീമുകള്‍ക്കൊപ്പവും ചിരിക്കാന്‍ ഒരാളുണ്ടായിരുന്നു... ജയിംസ് മാഷ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയത് ജയിംസ് മാഷിന്റെ കുട്ടികളാണ്. എ ഗ്രേഡ് കിട്ടിയ ടീമുകള്‍ വേറെയും.കോട്ടയം മാഞ്ഞൂര്‍ സൗത്ത് കുളത്തുംതലയില്‍ കെ.സി. ജയിംസ് കഴിഞ്ഞ 27 വര്‍ഷമായി ഈ രംഗത്തെ അറിയപ്പെടുന്ന അധ്യാപകനാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലെ മാര്‍ഗംകളി ടീമുകളുടെ ഗുരുവും വഴികാട്ടിയുമെല്ലാം ജയിംസ് മാഷാണ്.
കാരിത്താസില്‍ ഫാ. ഡോ. ജേക്കബ് വെള്ളിയാന്‍ ഡയറക്ടറായ ആമൂസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ മിക്ക ടീമുകളെയും പരിശീലിപ്പിക്കുന്നതും ജയിംസ് മാഷ് തന്നെ.
ഇത്തവണ എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 11 ടീമാണ് മാഷിന്റെ ശിഷ്യഗണത്തില്‍പ്പെട്ടവര്‍.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എറണാകുളം സെന്റ് ആന്റണീസിനും കിടങ്ങന്നൂര്‍ എച്ച്.എസ്.എസ്സിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. ഹയര്‍ സെക്കന്‍ഡറിയില്‍ തിരുവനന്തപുരം നിര്‍മ്മലാ ഭവന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ വടുതല ജുമാഅത്ത് സ്‌കൂള്‍ 2-ാം സ്ഥാനവും മൂവാറ്റുപുഴ സെന്റ അഗസ്റ്റിന്‍സ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 22 ടീമില്‍ 18 ടീമിന് എ ഗ്രേഡും 4 ടീമിന് ബി ഗ്രേഡും ലഭിച്ചു.




