പുതിയ മഴ..... പഴയ കുട

Posted on: 19 Jan 2011

-എം.കെ.കൃഷ്ണകുമാര്‍



മായുന്ന മാമ്പഴക്കാലം-5

കളമശ്ശേരിയിലൂടെ ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ മഴ ചാറുകയായിരുന്നു; സാധാരണ ചാറ്റല്‍മഴയല്ല. തണുത്ത അന്തരീക്ഷത്തില്‍ ഇടയ്ക്കിടെ വീഴുന്ന കനംകുറഞ്ഞ തൂവല്‍മഴ. വന്നപോലെ പെട്ടെന്ന് തോര്‍ന്നു. മഴയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍ പറഞ്ഞു: ''ഇതാണ് ഊട്ടിമഴ!''

ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ കാണുന്ന മഴ കേരളത്തിലും വന്നത് കഴിഞ്ഞ ആഗസ്തിലാണ്. എന്താണ് ഈ മഴയുടെ കാരണങ്ങളെന്നതിന് അല്പമകലെ ഉത്തരമുണ്ടായിരുന്നു. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ (എസ്.സി.എം.എസ്.) കാലാവസ്ഥാ വിദഗ്ധന്‍ ഡോ. സി.കെ. രാജന്‍ വിശദീകരിച്ചു: ''അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതുകൊണ്ടാണ് മഴക്കാലമായിട്ടും തൂവല്‍മഴ ഉണ്ടാവുന്നത്. കൂടെ കാറ്റും ഉണ്ടാവുന്നു. വായുവിന്റെ നാല് ശതമാനമാണ് പരമാവധി നീരാവിയുണ്ടാവുക. അതില്‍ കൂടിയാല്‍ അത് വെള്ളമോ മഞ്ഞോ ആകും. കടലിനു മുകളിലെ വായുവിനുപോലും ഇതുബാധകമാണ്. താപനില കൂടിയിരുന്നാല്‍ മാത്രമേ നാലുശതമാനം നീരാവി ഉണ്ടാകൂ. കുറഞ്ഞാല്‍ അത് രണ്ടോ മൂന്നോ ശതമാനമാകും. ഇത്തരമൊരു പ്രവര്‍ത്തനംമൂലമാണ് നഗരങ്ങളില്‍ കണ്ടുപരിചയമില്ലാത്ത 'ഊട്ടിമഴ'കള്‍ ഉണ്ടാകുന്നത് .''

രൂപത്തിലും ഭാവത്തിലും മഴ കേരളത്തില്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു. കര്‍ഷകന്റെ കൈവിരല്‍ കണക്കുകള്‍ പലതും തെറ്റിക്കുന്നു. അത് നാടിനെ വളര്‍ത്തുമോ തളര്‍ത്തുമോ എന്ന് പറയാന്‍ വയ്യ. പഴയ കുട ചോരാന്‍ തുടങ്ങിയിരിക്കുന്നു. കുറഞ്ഞദിവസങ്ങളില്‍ കൂടുതല്‍ മഴ എന്നതാണ് മഴയുടെ പുതിയ ശീലം. മഴ കുറഞ്ഞുവെന്ന് ജനം സങ്കടപ്പെടുമ്പോള്‍ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് കുറഞ്ഞിട്ടില്ലെന്നാണ്. മൊത്തം മഴയുടെ അളവ് കുറഞ്ഞിട്ടില്ല. എന്നാല്‍ മഴ ദിവസങ്ങളുടെ എണ്ണം കുറഞ്ഞു. മഴയുടെ ശക്തി കൂടുകയും ചെയ്തു. ഇതിന്റെ ഫലമായി വെള്ളം മണ്ണിലേക്ക് ഇറങ്ങാതെ കുത്തിയൊലിച്ച് പോകുന്നു. അതിനാല്‍ വേനലില്‍ ഉറവകള്‍ കുറയുന്നു. വെള്ളക്കെട്ടും വെള്ളപ്പൊക്കവുമാണ് മറ്റൊരു പ്രശ്‌നം. വളക്കൂറുള്ള മേല്‍മണ്ണ് നഷ്ടപ്പെടുന്നു. വിളനാശമുണ്ടാകുന്നു.

കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലുകളാണ് കാലമാറ്റത്തിന്റെ മറ്റൊരു പ്രതിഫലനം. 2002-ല്‍ ജൂലായ് - ആഗസ്ത് മാസങ്ങളില്‍ മഴ വളരെ കുറഞ്ഞത് കടുത്ത ജലക്ഷാമം ഉണ്ടാക്കിയിരുന്നു. കാലവര്‍ഷത്തിന്റെ മാസംതോറുമുള്ള പെയ്ത്ത് സാധാരണതോതില്‍ ഇങ്ങനെയാണ് : ജൂണ്‍ 21-ശതമാനം, ജൂലായ് -33 ശതമാനം, ആഗസ്ത് -28 ശതമാനം, സപ്തംബര്‍-18 ശതമാനം.

ഈ തോതില്‍ പലപ്പോഴും കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് ജൂലായില്‍ മഴയ്ക്ക് ഉണ്ടാകുന്ന ഇടവേളകള്‍ കൂടിവരുന്നു. അത് 30 ശതമാനം കൂടിയെന്നാണ് കണക്ക്. കാലവര്‍ഷത്തിലെ കാറ്റിന്റെ തരംഗം, അഥവാ ന്യൂനമര്‍ദപാത്തി, ഹിമാലയത്തിന്റെ അടിവാരത്തിലേക്ക് പോകുന്നതാണ് മഴയുടെ നീണ്ട ഇടവേളകള്‍ക്ക് കാരണമെന്ന് കെ. രാമമൂര്‍ത്തി പറയുന്നു. ഈ നിഗമനത്തിലെത്താന്‍ 1888 മുതല്‍ 1967 വരെയുള്ള 80 കൊല്ലത്തെ പ്രവണതകളാണ് അദ്ദേഹം ആധാരമാക്കിയത്. കുറഞ്ഞ ഉയരത്തില്‍ വീശുന്ന കിഴക്കന്‍ കാറ്റുകള്‍ കുറയുന്നതും ഈ പിന്‍വാങ്ങലിന് കാരണമാണ്.

മലമുകളിലെ മഴ

15 കൊല്ലമായി മലമ്പ്രദേശത്ത് 20 ശതമാനം മഴ കുറഞ്ഞു. ഓരോ കൊല്ലം കഴിയുന്തോറും മഴ കുറയുകയാണു എന്നതാണ് കൂടുതല്‍ അപകടകരം.

തീരപ്രദേശത്തുനിന്നും മലമ്പ്രദേശങ്ങളിലേക്ക് പോകുന്തോറും മഴയുടെ ശക്തി കൂടുകയാണ് ചെയ്യുക. മലയുടെ പൊക്കം കൂടിയാല്‍ മഴയുടെ ശക്തികൂടും. എന്നാല്‍ പരിധിയില്‍ കൂടിയാല്‍ ശക്തി കുറയുകയാണുണ്ടാവുക.

കേരളത്തിലെ മലമ്പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവരുന്നതിനു പ്രധാനകാരണം പ്രാദേശിക പ്രവൃത്തികളാണ്. പീരുമേട്, നേര്യമംഗലം ഭാഗങ്ങളില്‍ 600 സെന്റിമീറ്റര്‍ വരെ മഴ കിട്ടിയിരുന്നു. വനനശീകരണം ഇവിടെയെല്ലാം മഴ കുറച്ചുകൊണ്ടുവന്നു.

മരങ്ങള്‍ അന്തരീക്ഷത്തില്‍ നീരാവിയുടെ ഒരു പാട തന്നെ ഉണ്ടാക്കുന്നുണ്ട്. ഇത് മഴയായി കിട്ടുകയും ചെയ്യും. എന്നാല്‍, കാലവര്‍ഷത്തില്‍ മഴ പെയ്യുന്നത് ഈ രീതിയിലല്ല. നീരാവിയെ വെള്ളമാക്കി മാറ്റുന്നത് കടലിനുമുകളില്‍ നിന്നുവരുന്ന തണുത്ത കാറ്റാണ്. മുകളിലേക്ക് ഉയരുന്നവായു തണുത്ത് വെള്ളമായി മാറുകയാണ്.

കാലവര്‍ഷത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വരുന്ന കാറ്റിനെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്നത് മലകളാണ്. കടലിന്റെയും കരയുടെയും അനുപാതം കാരണം ഇന്ത്യ ഉള്‍പ്പെടെ തെക്കനേഷ്യയിലും ആഫ്രിക്ക, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും കാലവര്‍ഷം കിട്ടുന്നു. മറ്റിടങ്ങളില്‍ ചുഴലിക്കാറ്റാണ് ഉണ്ടാവുന്നത്.

കടലില്‍ മഴ കൂടുന്നു

മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നതെന്ന പരേതനായ സീതിഹാജിയുടെ ചോദ്യത്തിന് പലര്‍ക്കും അന്ന് ഉത്തരമുണ്ടായിരുന്നില്ലെന്നതാണ് സത്യം. കടലില്‍ നിന്നുയരുന്ന നീരാവിയില്‍ തണുത്ത കാറ്റടിക്കുമ്പോഴാണ് അവിടെ മഴപെയ്യുന്നത്. കടലില്‍ ചൂട് കൂടിയതോടെ മഴയും കൂടി.

എങ്കില്‍, കരയില്‍ ചൂട് കൂടുമ്പോള്‍ ഇവിടെയും മഴ കൂടേണ്ടേ? ചോദ്യം വിദ്യാര്‍ഥികളോടാണെങ്കില്‍ അവര്‍ എളുപ്പത്തില്‍ ഉത്തരം തരും: ''ചൂടിന്റെ കൂടെ നീരാവിയും ഉണ്ടായാലേ മഴ പെയ്യൂ. കരയില്‍ വെള്ളത്തിന്റെ ഉറവിടങ്ങള്‍ കുറവായതിനാല്‍ നീരാവിയും കുറയുന്നു. അപ്പോള്‍ ചൂട് കൂടുംതോറും അന്തരീക്ഷം വരണ്ടതാവുമെന്നല്ലാതെ മഴ പെയ്യുന്നില്ല.''

കൊടുംമഴ വെറുംകടം

ഉപരിതല ജലവിതാനമാണ് വയനാടിനെപ്പോലെ ചെരിഞ്ഞ പ്രതലങ്ങളുള്ള സ്ഥലങ്ങളില്‍ പ്രധാനം. കുറഞ്ഞദിവസങ്ങളില്‍ കൂടുതല്‍ മഴപെയ്താല്‍ ചെരിവിലൂടെ വെള്ളം ഒഴുകിപ്പോകുമെന്നല്ലാതെ ജലലഭ്യത വര്‍ധിക്കുകയില്ല.


കേരളത്തില്‍ കൊടുംമഴകളുടെ എണ്ണം കൂടുന്നുവെന്നാണ് കാണുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് 20 സെ.മീ. മഴയുണ്ടെങ്കില്‍ അത് കൊടുംമഴയായി കണക്കാക്കും. 2008 മാര്‍ച്ചില്‍ ഇത്തരം മഴ കുട്ടനാട്ടില്‍ കനത്ത കൃഷിനാശമാണ് ഉണ്ടാക്കിയത്. അസ്വാഭാവിക ന്യൂനമര്‍ദത്തിന്റെ ഫലമായിരുന്നു അത്. ഇടുക്കിയിലുണ്ടായ മഞ്ഞുവീഴ്ച ഏലത്തോട്ടത്തിന് നാശമുണ്ടാക്കി.

ഇത്തരം സംഭവങ്ങള്‍ കൂടിവരുന്നത് അസ്വാഭാവിക മാറ്റമായാണ് കാലാവസ്ഥാ നിരീക്ഷകര്‍ പരിഗണിക്കുന്നത്. ഇതോടൊപ്പം പലവര്‍ഷങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറയുകയും ചെയ്യുന്നു. കേരളം കൂടാതെ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ കുറവ് കാണുന്നത്.

കന്നിമാസം മറന്ന പട്ടികള്‍

കന്നിമാസമായി എന്നറിയാന്‍ പട്ടികള്‍ക്ക് കലണ്ടര്‍ നോക്കേണ്ട എന്നത് ഒരു നാടന്‍ തമാശമാത്രമല്ല, ജീവികളുടെ വംശവര്‍ധനയ്ക്ക് കാലവും കാലാവസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ ഉദാഹരണം കൂടിയാണ്.

എന്താണ് കന്നിമാസത്തിന്റെ പ്രത്യേകതകള്‍? കുറഞ്ഞ പകല്‍വെളിച്ചം, കൂടുതല്‍ രാത്രി. കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനുമിടയിലെ മഴയൊഴിഞ്ഞ കാലം. ഈ സാഹചര്യങ്ങള്‍ ലൈംഗിക ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കുന്ന വിധമാണ് നായകളിലെ ജൈവ ഘടനയെന്ന് ഡോ. ആത്മന്‍ പറയുന്നു. നായകളിലെ ജൈവ ഘടികാരത്തിന്റെ (ബയോക്ലോക്ക്) പ്രവര്‍ത്തനമാണിതെന്നും പറയാം.

കന്നിമാസത്തില്‍ ഗര്‍ഭം ധരിക്കുന്ന പട്ടികള്‍ 60-70 ദിവസം കഴിഞ്ഞാണ് പ്രസവിക്കുക. അപ്പോഴേക്കും കനത്ത മഴക്കാലം തീര്‍ന്നിട്ടുണ്ടാവും. കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷം. ഇതുകൊണ്ടെല്ലാമായിരിക്കും പ്രകൃതി ഇവയ്ക്ക് കന്നിമാസം തന്നെ കല്പിച്ചുകൊടുത്തത്.

എന്നാല്‍, ഇക്കൊല്ലം കന്നിമാസം കലണ്ടറിലൊതുങ്ങുകയായിരുന്നു. കാലവര്‍ഷത്തിന്റെ സ്വഭാവം തന്നെയാണ് തുടര്‍ന്നത്. ഇത് പട്ടികളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചു. തെരുവുനായകള്‍ 'അങ്ങുമിങ്ങും പലായനം' ചെയ്തതല്ലാതെ ഇണചേരുന്നത് കുറവായിരുന്നുവെന്നാണ് പറയുന്നത്.

കാലാവസ്ഥാമാറ്റം നായകളുടെ ശാരീരിക പ്രത്യേകതകളില്‍ വലിയ മാറ്റം വരുത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിദേശ ജനുസ്സുകളായ റോട്ട്‌വീലര്‍, അല്‍സേഷ്യന്‍ തുടങ്ങിയയുടെ കേരളത്തിലെ സന്തതിപരമ്പരകള്‍ക്ക് വലിപ്പവും ഉശിരും കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കരുണാപുരം പറഞ്ഞ കഥ

രാമക്കല്‍മേട്ടില്‍ നില്‍ക്കുമ്പോള്‍ കാറ്റുവന്ന് പറത്തിക്കൊണ്ടു പോകുമെന്ന് തോന്നും. വീഴുന്നത് കേരളത്തിലാണെങ്കിലും എത്തുന്നത് തമിഴ്‌നാട്ടിലായിരിക്കും. ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലാണ് ഈ കുന്ന്. കുന്നിന് തൊട്ടപ്പുറം താഴെ തമിഴ്‌നാട് കാണാം. തമിഴ്‌നാടിലെ തേനി ജില്ലയുമായി കരുണാപുരം അതിര്‍ത്തി പങ്കിടുന്നു.

ഒരു കുറ്റിമരമല്ലാതെ രാമക്കല്‍മേട്ടില്‍ പിന്നെയുള്ളത് പുല്‍ത്തലപ്പുകള്‍ മാത്രം. താഴെ കാറ്റാടിപ്പാടം. ചീറിപ്പാഞ്ഞുവരുന്ന കാറ്റിന് ശരാശരി 25 കിലോമീറ്റര്‍ വേഗമുണ്ടിവിടെ. മിക്കപ്പോഴും 40 കിലോമീറ്റര്‍ കടക്കും. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റടിക്കുന്ന പ്രദേശങ്ങളിലൊന്ന്.

കട്ടപ്പനയില്‍ കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോള്‍ രാമക്കല്‍മേട്ടിലും കരുണാപുരത്തിന്റെ മറ്റുഭാഗങ്ങളിലും കനം കുറഞ്ഞ മഴ മാത്രമാണ് കിട്ടുക. തമിഴ്‌നാടിന്റെ കാലാവസ്ഥയ്ക്കാണ് ഇവിടെ സ്വാധീനം. അവിടെ മഴകിട്ടാതെ വരണ്ട കാലാവസ്ഥയായിരുന്നപ്പോള്‍ കരുണാപുരത്തും വെള്ളമില്ലാത്ത കാലമായിരുന്നു. കുഴല്‍ക്കിണറുകള്‍ പോലും വെള്ളമില്ലാതെ അടഞ്ഞുപോയിരുന്നുവെന്ന് അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എം. ബാലകൃഷ്ണന്‍ പറഞ്ഞു. പിന്നീട് തമിഴ്‌നാട്ടിലും മഴ കിട്ടാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെയും സ്ഥിതി മെച്ചപ്പെട്ടത്.

1955-ല്‍ നെടുങ്കണ്ടത്തും പരിസരത്തും ആള്‍ത്താമസം തുടങ്ങുന്നകാലത്ത് അവിടെ ദിവസം മുഴുവന്‍ തൂവല്‍മഴയായിരുന്നുവെന്ന് പ്രായം 75 പിന്നിട്ട കെ. കൃഷ്ണന്‍നായരും കെ. ഗോപാലകൃഷ്ണന്‍ നായരും പറഞ്ഞു.

40-ാം നമ്പര്‍ മഴയെന്നാണ് ആളുകള്‍ പറയുക. കുടിയേറ്റം വ്യാപകമാവുകയും മരങ്ങള്‍ വെട്ടിനീക്കുകയും ചെയ്തതോടെ മഴപോയി. കൊല്ലത്തില്‍ 30 ദിവസം മാത്രം തെളിഞ്ഞ സൂര്യവെളിച്ചം കിട്ടിയിരുന്ന ഇവിടെ വെള്ളം തണുത്ത് ഉറഞ്ഞതായിരുന്നു. 1965- ഓടെ തണുപ്പ് കുറയാന്‍ തുടങ്ങി. വരണ്ടകാറ്റ് രാമക്കല്‍മേട് വഴി കേരളത്തിലേക്ക് വന്നു. കാലവര്‍ഷം തീരെയില്ലാതായി.

നാലോ അഞ്ചോ തുലാമഴ കിട്ടിയാലായി എന്ന സ്ഥിതി വന്നു. മൂടിപ്പുതപ്പിക്കുന്ന മഞ്ഞിനുപകരം ചൂടുവരാന്‍ തുടങ്ങി. തങ്ങിനില്‍ക്കാന്‍ മരങ്ങളില്ലാതെ മഴമേഘങ്ങള്‍ അതിര്‍ത്തി കടന്ന് പോയപ്പോഴാണ് ഇടുക്കി കാലാവസ്ഥാമാറ്റത്തിന്റെ ഗൗരവം അറിഞ്ഞത്. തേനി ജില്ലയുടെ അതിര്‍ത്തിയില്‍ കയര്‍ഫാക്ടറികളിലെ മാലിന്യം തുടര്‍ച്ചയായി കത്തിക്കുന്നതിന്റെ കനത്ത പുക കുന്നുകയറി വരുന്നതാണ് ഇവിടെ ഇപ്പോള്‍ മറ്റൊരു ഭീഷണി.



MathrubhumiMatrimonial