മാതൃകയായി സദ്യാലയവും

Posted on: 19 Jan 2011


കോട്ടയം: വില കയ്ക്കുമ്പോഴും കലോത്സവ വേദിയിലെ ഭക്ഷണത്തിന് മാധുര്യമേറുന്നു. പച്ചക്കറിയുടെ വില മൂന്നിരട്ടിയിലധികമായി വര്‍ധിച്ച സാഹചര്യത്തിലും അതൊന്നും ഭക്ഷണത്തിന്റെ രുചിയിലോ, അളവിലോ യാതൊരു മാറ്റവും വരാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നുണ്ട്. കേരളത്തില്‍നിന്നുതന്നെയുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നത് എന്നതും പ്രത്യേകതയാണ്.

25 മുതല്‍ 40 രൂപവരെ വില നിന്നിരുന്ന പച്ചക്കറികള്‍ക്ക് ഞായറാഴ്ച നൂറിന് മുകളിലായി വില. മുന്‍ നിശ്ചയ പ്രകാരം പച്ചക്കറി വാങ്ങാന്‍ എത്തിയ ഭക്ഷണ കമ്മിറ്റിക്കാരുടെ കണ്ണുതള്ളിപ്പോയി.

എന്നാല്‍ ഇതൊന്നും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കരുതെന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തിയതായി ഫുഡ്പര്‍ച്ചേസിങ് കമ്മിറ്റി കണ്‍വീനര്‍ സിബിച്ചന്‍ കുരുവിള പറഞ്ഞു.

1995 മുതല്‍ കലോത്സവ വേദിയിലെ ഭക്ഷണച്ചുമതല വഹിക്കുന്ന സിബിച്ചന്‍ ചങ്ങനാശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപകനാണ്.

രുചിയുടെ മികവിനൊപ്പം വിതരണത്തിന്റെ പ്രത്യേകതകൊണ്ടും ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ ഭക്ഷണ ശാല.

നെഹ്‌റു സ്റ്റേഡിയത്തില്‍ നിര്‍മിച്ചിരിക്കുന്ന ഭക്ഷണ ശാലയുടെ വലിപ്പംതന്നെയാണ് മുഖ്യാകര്‍ഷണം. വിശാലമായ ഈ പാചകശാലയില്‍ പാചകക്കാര്‍ക്ക് സ്ഥലത്തിന്റെ ലഭ്യതമൂലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവും. ഇതോടൊപ്പം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമുള്ള ഭക്ഷണ ശാലകള്‍ പാചകശാലയ്ക്ക് ഇരുവശവുമായി സജ്ജീകരിച്ചതും തിരക്കൊഴിവാക്കാന്‍ സഹായകമായി. ജഡ്ജസ്, പോലീസ്, വി.ഐ.പി.തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രത്യേക ഭക്ഷണശാലയും സജ്ജീകരിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ പാചകശാലയില്‍നിന്ന് വിവിധ സ്‌കൂളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ഭക്ഷണ ശാലകളില്‍ ഭക്ഷണം എത്തിക്കുകയായിരുന്നു പതിവ്. ഇത് പല പ്രശ്‌നങ്ങള്‍ക്കും വഴിവച്ചിരുന്നു.

എന്നാല്‍, ഇക്കുറി എല്ലാം ഒരുസ്ഥലത്ത് ആയതിനാല്‍ കോട്ടയം മോഡല്‍ ഇനിയുള്ള കലോത്സവങ്ങളില്‍ ആവര്‍ത്തിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ സ്ഥലത്തുതന്നെ ഭക്ഷണശാലകളും ക്രമീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച 12000 പേര്‍ക്കാണ് മൂന്നുനേരവും ഭക്ഷണം നല്‍കിയത്. ഭക്ഷണ വിതരണത്തിനായി 400 അധ്യാപകരാണ് ദിവസവും ജോലി ചെയ്യുന്നത്.



MathrubhumiMatrimonial