
മേളപ്പെരുക്കത്തില്‍ തിരുനക്കര; പ്രിയം പഞ്ചാരി
Posted on: 19 Jan 2011

മേളത്തിനൊത്തു തലയാട്ടിയും താളംപിടിച്ചും താളവട്ടങ്ങളോളമിരുന്ന സദസ്സ് തിരുനക്കരയ്ക്കു തീര്‍ത്തും ഇണങ്ങുന്നതുമായിരുന്നു. മകരച്ചൂടിന്റെ മധ്യാഹ്‌നത്തില്‍ പോലും മേളപ്പെരുക്കം ആസ്വദിക്കാന്‍ മൈതാനത്തേക്ക്ആള്‍വരവേറെയായിരുന്നു.
രാവിലെ ഒമ്പതരയ്ക്കുതന്നെ ഇവിടെ ചെണ്ടപ്പുറത്ത് ആദ്യകോല്‍വീണു. ആദ്യം ഹൈസ്‌കൂള്‍ വിഭാഗം. 17 ടീം ഈ ഗണത്തില്‍ കൊട്ടിക്കയറാനെത്തി. കൂട്ടത്തില്‍ ചെണ്ടക്കാരികളുമായി രണ്ടുസ്‌കൂളും എത്തി. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയും പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍സെക്കന്‍ഡറി സ്‌കൂളുമായിരുന്നു ആണ്‍ ഭൂരിപക്ഷത്തോടുപൊരുതാനായി അംഗനമാരുമായി എത്തിയത്.
കൊട്ടിയവരിലേറെപ്പേര്‍ക്കും പ്രിയം പഞ്ചാരിമേളത്തോടുതന്നെയായിരുന്നു. പത്തു മിനിട്ടു കൊണ്ട് ഇതിലെ 3,4,5 കാലം ഭംഗിയായി വായിച്ചെടുക്കാമെന്നതാകാം ഇതു പ്രിയമാകാന്‍ കാരണം, 'സൗമ്യശീലന്‍ പഞ്ചാരി' എന്നൊരു പ്രയോഗം തന്നെ ചെണ്ടക്കാര്‍ക്കിടയിലുണ്ട്.
ചില ടീമുകളുടെ മേളങ്ങളില്‍ ചെറിയ ഇമ്പക്കുറവും തോന്നിയിരുന്നു. കൊമ്പും കുഴലുംതമ്മിലുള്ള ചേര്‍ച്ചക്കുറവ് ചിലരുടെ മേളങ്ങളില്‍ മുഴച്ചുനിന്നു. സുഖകരമല്ലാത്ത കുഴല്‍നാദവും അപൂര്‍വമായി ഉണ്ടായി. 3, 4, 5 കാലത്തില്‍ കൊട്ടിയവരാണ് കൈയടി നേടിയവരിലേറെയും.
ഉച്ചകഴിഞ്ഞായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മത്സരം. തായമ്പകയിലെ പദ്മശ്രീയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പ്രൊഫ. സി. വിജയകൃഷ്ണന്‍, ആയാംകുടി കുട്ടപ്പമാരാര്‍ എന്നിവരായിരുന്നു കൊച്ചുമേളക്കാരുടെ താളപ്രമാണങ്ങള്‍ക്കു മാര്‍ക്കിട്ടത്.
