
ഭരതനാട്യത്തില്‍ വീണ്ടും 'ഐശ്വര്യ'മുദ്ര
Posted on: 19 Jan 2011

അക്ഷരങ്ങളുടെ മണ്ണില്‍ അക്ഷരദേവതയുടെ അപൂര്‍വകഥ ആടിയാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സിലെ ഈ പത്താംക്ലാസ്സുകാരി കലോത്സവത്തിന്റെ ആദ്യയിനത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയത്. വീണയുടെ ഒരറ്റത്ത് വ്യാളീമുഖം വന്നതിനുപിന്നിലെ കഥയാണ് ഐശ്വര്യമുദ്രകളില്‍ വിടര്‍ത്തിയത്. വ്യാളിയെ സരസ്വതീദേവി സംഗീതംകൊണ്ട് കീഴടക്കി വീണയുടെ അറ്റത്ത് ബന്ധിച്ചതെങ്ങനെയെന്ന് ഐശ്വര്യയുടെ ചുവടുകള്‍ പറഞ്ഞു. കലോത്സവവേദിയിലെ ഈ അപൂര്‍വയിനം അവതരിപ്പിക്കാന്‍ വ്യത്യസ്തമായ വേഷമാണ് ഐശ്വര്യ തിരഞ്ഞെടുത്തത്.
ആര്‍.എല്‍.വി ആനന്ദിന്റെ കീഴില്‍ നൃത്തം പഠിക്കുന്ന ഐശ്വര്യ അഞ്ചാംക്ലാസ്സ് മുതല്‍ ജില്ലാതലത്തില്‍ തുടര്‍ച്ചയായി ഭരതനാട്യ കിരീടം കുത്തകയാക്കുന്നു. കോട്ടയത്ത് കുച്ചുപ്പുടിയിലും സംഘനൃത്തത്തിലും മത്സരിക്കുന്നു.
അപ്പീല്‍ കിട്ടിയാല്‍ മോഹിനിയാട്ടത്തിലും. ബിസിനസ്സുകാരനായ എ.സി.കൃഷ്ണകുമാറിന്റെയും അധ്യാപികയായ സന്ധ്യയുടെയും മകളാണ്.
