
കലോത്സവ വേദിയിലെ വാനമ്പാടി
Posted on: 18 Jan 2011
ആഷ കെ.ചന്ദ്രന്‍
''ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ
ചുണ്ടിലെ തേന്‍മൊഴി നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി
മറ്റൊരു രാധയോ രുഗ്മിണിയോ....''
ചുണ്ടിലെ തേന്‍മൊഴി നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി
മറ്റൊരു രാധയോ രുഗ്മിണിയോ....''

ഒന്നാംസ്ഥാനം കിട്ടിയ ഗായികയെ ആകാശവാണി സ്റ്റുഡിയോയിലെത്തിച്ചു. പിന്നീട് വര്‍ഷങ്ങളോളം ഈ പാട്ട് ആകാശവാണിയിലൂടെ കേരളം കേട്ടു, ഏറ്റുപാടി ഹൃദിസ്ഥമാക്കി.
''സമ്മാനം കിട്ടുമോ ഇല്ലയോ എന്ന് ആകാംക്ഷയൊന്നും ഇല്ലായിരുന്നു. സംസ്ഥാനതല മത്സരത്തിലേക്ക് ആദ്യം എത്തുകയായിരുന്നു. സഹോദരി ബീനയും അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു. വേദിയില്‍ കയറുമ്പോഴുള്ള ചെറിയ ടെന്‍ഷന്‍ മാത്രം. അന്നും ഇന്നും പാടുംമുമ്പ് അതേ കൊച്ചുകുട്ടിയുടെ ടെന്‍ഷനുണ്ടെന്ന് മലയാളത്തിന്റെ വാനമ്പാടി പറയുന്നു.
''അച്ഛനാണ് അന്ന് പാട്ടുപഠിപ്പിച്ചത്. പക്ഷേ, ഇന്നത്തെപ്പോലെ മത്സരങ്ങളില്‍ മാതാപിതാക്കളുടെ കൈകടത്തല്‍ ഉണ്ടായിരുന്നില്ല. എന്റെ അച്ഛനുമമ്മയും, മത്സരത്തില്‍ ജയിക്കണമെന്ന വാശിയോടെ പാട്ടുപഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. മത്സരിക്കണം, ജയിക്കണം എന്നതിലുപരി അഭ്യസിക്കുന്ന സംഗീതം ശുദ്ധവും തെറ്റില്ലാതെയും ആയിരിക്കണം എന്ന ലക്ഷ്യം മാത്രം.'' മലയാളത്തിന്റെ സംഗീതസുകൃതത്തിനെ ശബ്ദംകൊണ്ട് ലോകം തിരിച്ചറിയുമ്പോള്‍ തന്റെ ഉപാസന ലക്ഷ്യംകാണുന്നുവെന്ന സന്തോഷം മാത്രം. സംസ്ഥാന കലോത്സവങ്ങളില്‍ അതിനു മുമ്പോ പിമ്പോ ചിത്ര തിളങ്ങിയിട്ടില്ല. ജില്ലാതല മത്സരത്തില്‍ മൂന്നാംസ്ഥാനം കിട്ടിയിട്ടുണ്ട്.
സംഗീതത്തില്‍ പിന്നീട് ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കോടെ സ്വന്തമാക്കിയെങ്കിലും സര്‍വകലാശാലാ കലോത്സവ മത്സരവേദികളിലും ചിത്ര അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഉള്ളിലുള്ള സംഗീതത്തോടുള്ള പ്രേമത്തിന്റെ കനല്‍ ഒരു തപസ്വിനിയെപ്പോല്‍ ഊതിത്തെളിച്ചുകൊണ്ടേയിരുന്നു. ഡോ. കെ.ഓമനക്കുട്ടിയുടെ ശിഷ്യയായ കെ.എസ്.ചിത്ര, പിന്നീട് മലയാളത്തിന്റെയും തമിഴിലെയും പിന്നണിഗായികയായി പേരെടുത്തു. ഓരോ വര്‍ഷവും നിരവധി പുരസ്‌കാരങ്ങള്‍, മലയാളത്തിലും അന്യഭാഷകളിലും, കോടാനുകോടി ആരാധകര്‍. സംഗീതാരാധികയെ പത്മഭൂഷന്‍ നല്‍കി ഭാരതം ആരാധിക്കുമ്പോഴും പാടറിയേന്‍ പഠിപ്പറിയേന്‍ എന്നു പാടിത്തുടങ്ങിയ കാലത്തെ വിനയാന്വിതയായ കൗമാരക്കാരിയാണ് ചിത്ര. വരികളിലുറയുന്ന സ്‌നേഹവും, ഭക്തിയും, ദയയും, ദയനീയതയും ശബ്ദത്തിലേക്കാവാഹിച്ച് രാഗവിരുന്നൊരുക്കുമ്പോഴും ഈ പാട്ടുകാരിക്ക് ഇനിയും തപം തുടരാനുള്ള അടങ്ങാത്ത ആഗ്രഹം മാത്രം.
പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോഴും ചിത്രയ്ക്ക് കൗതുകവും ഒപ്പം ഒത്തിരി സന്തോഷവും നല്‍കിയതുമായ ഒരു കുട്ടിക്കാലമുണ്ട്. അതില്‍ 80ലെ കലോത്സവദിനങ്ങളുമുണ്ട്. കൂടാതെ ഇടയ്ക്കിടെ കാതില്‍ മുഴങ്ങുന്ന പഴയ ആകാശവാണിയിലെ ഈ അനൗണ്‍സ്‌മെന്റും.
''അടുത്തതായി നിങ്ങള്‍ കേള്‍ക്കുന്നത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കെ.എസ്.ചിത്രയുടെ സമ്മാനാര്‍ഹമായ ലളിതഗാനം''.
