ആളൊരുങ്ങി; അരങ്ങൊരുങ്ങി

Posted on: 18 Jan 2011


ഇനി ചിലമ്പൊലിയുടെ രാപ്പകലുകള്‍

കോട്ടയം: മീനച്ചിലാറിന്റെ തീരങ്ങള്‍ക്കിനി കലാമാമാങ്കത്തിന്റെ ആറ് രാപകലുകള്‍. ഏറ്റവുമധികം പ്രതിഭകള്‍ ഒത്തുചേര്‍ന്ന് അവതരിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സര്‍ഗ്ഗോത്സവത്തിന് വേദിയാവാന്‍ അക്ഷരനഗരി ഒരുങ്ങി. പുല്‍മേട് ദുരന്തം സൃഷ്ടിച്ച മൂകതയുടെ പശ്ചാത്തലത്തിലാണെങ്കിലും കേളികൊട്ടിന് കാതോര്‍ത്ത് കേരളം ഉണര്‍ന്നുകഴിഞ്ഞു. കലോത്സവത്തലേന്നുള്ള നഗരദൃശ്യം ജില്ലയുടെ ആവേശോത്സവത്തിന്റെ നേര്‍ക്കാഴ്ചയുമായി.

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍നിന്നുള്ള കുട്ടികള്‍ തിങ്കളാഴ്ചതന്നെ എത്തി. ആദ്യദിനത്തിലെ മത്സരങ്ങള്‍ മാറ്റിവച്ചുവെങ്കിലും ഊട്ടുപുരയിലെത്തിയവര്‍ക്ക് മുഴുവന്‍ വയര്‍ നിറയെ ഭക്ഷണമൊരുക്കിയിരുന്നു. കുട്ടികള്‍ യാത്രാക്ഷീണത്തിന്റെ ആലസ്യത്തിലായതിനാല്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ അധ്യാപകരായിരുന്നു എത്തിയത്.
പ്രധാന വേദികളിലെല്ലാം അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയായി. വാണിജ്യസ്ഥാപനങ്ങളിലെല്ലാം ദീപാലങ്കാരങ്ങള്‍ തിങ്കളാഴ്ച സന്ധ്യയോടെ നിരന്നിരുന്നു. ഉത്സവത്തിമിര്‍പ്പിന്റെ നിമിഷങ്ങള്‍ക്കായി ഇമചിമ്മാതെ കാത്തിരിക്കുകയാണ് നഗരം.





MathrubhumiMatrimonial