
ഇനി വേണ്ട, ഈ കോഴിക്കോടന്‍ അധ്യായം
Posted on: 18 Jan 2011
ടി.സോമന്‍

അതിന്റെ പേരില്‍ മാത്രമാണ് കലാപ്രതിഭ,കലാതിലകം പോലുള്ള പട്ടങ്ങളും മറ്റും ഇല്ലാതായത്.ഓരോ വര്‍ഷം പിന്നിടുമ്പോഴും കേരളത്തിന്റെ കൗമാരോത്സവത്തെ എന്തെങ്കിലും മാറ്റങ്ങളിലുടെ ഏഷ്യയിലെ മികച്ച കലോത്സവമാക്കി മാറ്റാനുള്ള തീരുമാനങ്ങള്‍ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്.അതാകട്ടെ മാധ്യമങ്ങളിലൂടെ ഉയര്‍ത്തപ്പെടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങളുമായിരിക്കും.കലോത്സവത്തിന്റെ കളങ്കം കണ്ടെത്തുന്നതിലും കഴുകിക്കളയുന്നതിനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ ആര്‍ക്കും നിഷേധിക്കാനാവില്ല.പക്ഷെ പറഞ്ഞിട്ടെന്തുകാര്യം?കഴിഞ്ഞ തവണ കോഴിക്കോട്ട് നടന്ന സ്്കൂള്‍കലോത്സവം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കലാപാത്സോവമാക്കി മാറ്റി.
ദീര്‍ഘകാലത്തെ പരിശീലനത്തിന്റെയും തപസ്യയുടെയും ത്യാഗത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായി കുട്ടികള്‍ക്ക് ലഭിച്ച വിജയത്തിന്റെ കനിയായ സ്വര്‍ണക്കപ്പും സര്‍ട്ടിഫിക്കറ്റുകളും തട്ടിത്തെറിപ്പിച്ചു ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പേക്കൂത്തുകള്‍ കേരളം തത്സമയം കണ്ട് ഞെട്ടി.സ്വര്‍ണക്കപ്പിന്റെ പ്രതിരൂപം മാധ്യമപ്രവര്‍ത്തകരുടെ പിടിവലിയില്‍ രണ്ടായി പിളരുന്നതുകണ്ടപ്പോള്‍ കാണികളുടെ ധാര്‍മികരോഷം ഉണര്‍ന്നത് വെറുതെയല്ല.
തകര്‍ന്നത് സ്വര്‍ണക്കപ്പിന്റെ പ്രതിരൂപമായിരുന്നില്ല,കലോത്സവത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു-ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും ആശകളുടെയും ആഗ്രഹങ്ങളുടെയും അനുഭൂതികളുടെയും പ്രതീക്ഷകളുടെയുമെല്ലാം പ്രതിരൂപം.
എന്തിനുവേണ്ടിയായിരുന്നു ആ പിടിവലി?സ്വര്‍ണക്കപ്പിനൊപ്പം അതു വാങ്ങിയ സംഘത്തിനെ തങ്ങളുടെ താല്‍ക്കാലിക സ്റ്റുഡിയോകള്‍ക്ക് മുന്നില്‍ കൊണ്ടുപോയി അഇതാ ആദ്യം ഞങ്ങളുടെ അടുത്തെഅന്ന് ആക്രോശിക്കാന്‍!അതിനുവേണ്ടി കലോത്സവത്തിന്റെ പ്രതീകമായ കെ.ജെ.യേശുദാസ് അടക്കമുള്ളവര്‍ തള്ളിമാറ്റപ്പെട്ടു.രണ്ടോ മൂന്നോകുട്ടികളെ വേദിയില്‍ നിന്നും താഴോട്ട് തൂക്കിയെറിഞ്ഞു.പരസ്പരം തല്ലി.തെറിവിളിച്ചു.
അതിരു തെറ്റുന്ന മത്സരവീര്യം പാടില്ലെന്ന് പറയുമ്പോള്‍ തന്നെ അതിനു പ്രേരിപ്പിക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നത് ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ട ഓരോ പ്രകടനവും വീണ്ടും താല്‍ക്കാലിക സ്റ്റുഡിയോവിലും ആവര്‍ത്തിക്കപ്പെടുന്നു.ഒരിടത്തല്ല,പല സ്റ്റുഡിയോകളില്‍.മാധ്യമങ്ങള്‍ നടത്തുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കുമാകണം.മാധ്യമ പ്രീണനം എന്ന തെറ്റായ നടപടികളില്‍ നിന്നാണ് ഇത്തരം പ്രവണതകളുണ്ടാകുന്നതെന്ന വസ്തുതയും മനസ്സിലാക്കാന്‍ കഴിയണം.
കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ നന്നായി കവര്‍ ചെയ്യുന്നതിനുള്ള സൗകര്യം വേണം.അവരെ മീഡിയ സെന്ററിലും അത്യാവശ്യ ഘട്ടങ്ങളില്‍ വേദിക്കു പിന്നിലും കാണാനുള്ള സംവിധാനം ഒരുക്കണം.മത്സരഫലങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും കഴിയണം-അത്രയേ കലോത്സവ റിപ്പോര്‍ട്ടിങ്ങിനു വേണ്ടൂ.അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് പോകുമ്പോഴാണ് സ്വാഭാവികമായും മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരമുണ്ടാകുന്നത്.
മറ്റൊന്നുകൂടി,സമാപന ചടങ്ങിലും മറ്റും വേദിയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം മതിയെന്നു തീരുമാനിക്കാന്‍ സംഘാടകര്‍ക്ക് കഴിയണം.കലോത്സവ നടത്തിപ്പ് അധ്യാപക സംഘടനകള്‍ക്ക് വീതംവെച്ചു നല്‍കി എല്ലാവരെയും സംതൃപ്തിപ്പെടുത്തുന്ന മനോഭാവം, സ്‌റ്റേജില്‍ കസേരകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ കാണിക്കേണ്ടതില്ല.
കലോത്സവങ്ങളുടെ ചരിത്രത്തില്‍ പല നാഴികക്കല്ലുകളും സ്ഥാപിക്കപ്പെട്ട കോഴിക്കോട്ട്,കഴിഞ്ഞതവണയും മറക്കാനാവാത്ത കാല്‍വെപ്പുണ്ടായി.കുട്ടിപ്പോലീസ് എന്നപേരില്‍ യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ കലോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണം ഏറ്റെടുത്ത സംഭവമാണത്.
സ്വര്‍ണക്കപ്പ് നിലനിര്‍ത്തുന്ന കാര്യത്തിലും കോഴിക്കോട് വീഴ്ചവരുത്തിയില്ല.തുടര്‍ച്ചയായി നാലാം തവണയും കോഴിക്കോട് കിരീടം നിലനിര്‍ത്തി.
