
ഇനി ഉത്സവനഗരി
Posted on: 18 Jan 2011
കെ.ജി. മുരളീധരന്‍
അരങ്ങുണരുന്നു; അക്ഷര നഗരിയില്‍ ഇനി കലാവസന്തം. കൈരളിയുടെ കലോത്സവത്തിന്
ആതിഥ്യമരുളി അക്ഷര നഗരി ഉത്സവ ലഹരിയിലേക്ക്. സ്വപ്നം കാണാന്‍ ലാസ്യലയങ്ങളില്‍ ലയിക്കാന്‍ ആറ് പകലുകള്‍, ആറ് രാവുകള്‍...
ആതിഥ്യമരുളി അക്ഷര നഗരി ഉത്സവ ലഹരിയിലേക്ക്. സ്വപ്നം കാണാന്‍ ലാസ്യലയങ്ങളില്‍ ലയിക്കാന്‍ ആറ് പകലുകള്‍, ആറ് രാവുകള്‍...

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തിന്റെ രണ്ട് അയല്‍ജില്ലകളിലെ കലോത്സവവേദികളില്‍നിന്ന് എത്തിയ വാര്‍ത്തകളില്‍ നിറഞ്ഞാടുന്നത് കത്തിവേഷങ്ങളാണ്. പത്തനംതിട്ട കലോത്സവത്തിനിടെ ഒരു നൃത്താധ്യാപികയും മത്സരാര്‍ഥിയായ കുട്ടിയുടെ അമ്മയും ചേര്‍ന്ന് വിധികര്‍ത്താക്കളിലൊരാളെ കസേര എടുത്ത് അടിച്ചു. എന്നിട്ടും അരിശം തീരാഞ്ഞ് ചെരിപ്പൂരിയടിച്ചപ്പോള്‍ വിധികര്‍ത്താവ് വേദിവിട്ടോടി. പോലീസും സംഘാടകരും പണിപ്പെട്ടാണ് രംഗം ശാന്തമാക്കി, മത്സരങ്ങള്‍ പുനരാരംഭിച്ചത്. ആലപ്പുഴയില്‍ ഓട്ടന്‍തുള്ളല്‍ വേദി മാറ്റണമെന്നാവശ്യപ്പെട്ട മത്സരാര്‍ഥിയുടെ അമ്മയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കരണത്തടിച്ചെന്നാണ് പരാതി. പരാതിക്കാരായ സ്ത്രീകളിലൊരാള്‍ തന്നെ കസേരയ്ക്കടിച്ചെന്നാണ് ഡി.ഡി.ഇ.യുടെ പരാതി. രണ്ടുപേരും ആസ്പത്രിയില്‍ ചികിത്സതേടി. പോരേ പൂരം!
ഉത്സവം മത്സരവും മത്സരം കയ്യാങ്കളിയുമായി മാറുന്നതെന്തുകൊണ്ടാണ്. ഉത്തരം തേടുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വന്ന രൂപപരിണാമങ്ങള്‍ കാണാതെപോകരുത്. 1956ല്‍ എറണാകുളം എസ്.ആര്‍.വി. ഹൈസ്‌കൂളില്‍ ആദ്യ സംസ്ഥാന കലോത്സവത്തിന് തിരശ്ശീല ഉയരുമ്പോള്‍ മത്സരാര്‍ഥികള്‍ 200. ഒറ്റദിവസംകൊണ്ട് മേള കൊടിയിറങ്ങുകയും ചെയ്തു. എന്നാല്‍ കോഴിക്കോട്ട് 2010 ജനവരിയില്‍ നടന്ന സുവര്‍ണ ജൂബിലി മേള ഏഴുദിവസം നീണ്ടു. പങ്കാളികളുടെ എണ്ണം 9500 കവിഞ്ഞു. കോട്ടയം ഈ റെക്കോഡും തകര്‍ക്കുമെന്നുറപ്പിക്കാം.
ചാനലുകളിലെ 'റിയാലിറ്റി ഷോ'കളുടെ മാസ്മരിക ലോകത്താണ് നാമിന്ന്. എന്നാല്‍ എല്ലാ റിയാലിറ്റി ഷോകളുടെയും മാതാവ് എന്ന വിശേഷണം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് നമ്മള്‍ മറന്നുപോകുന്നു. സ്‌കൂള്‍ കലോത്സവവേദികളില്‍നിന്ന് ഉദിച്ചുയര്‍ന്ന താരങ്ങളുടെ കണക്കെടുത്താല്‍ ഇന്നത്തെ 'ചാനല്‍ ഷോ' നടത്തിപ്പുകാരുടെ കണ്ണ് തള്ളിപ്പോകും. യേശുദാസും ജയചന്ദ്രനും ചിത്രയും സുജാതയും ജി.വേണുഗോപാലും കാവാലം ശ്രീകുമാറും വിനീതും മഞ്ജുവാര്യരും നവ്യാനായരും കാവ്യാമാധവനും ദിവ്യാഉണ്ണിയുമൊക്കെ സ്‌കൂള്‍ കലോത്സവവേദികളിലൂടെയാണ് കലാകേരളത്തിന്റെ അരങ്ങിലേക്ക് വന്നത്.
അനാരോഗ്യമായ മത്സരങ്ങള്‍ ഒഴിവാക്കാന്‍ കലാപ്രതിഭ, കലാതിലകം തുടങ്ങിയ വിശേഷപ്പട്ടങ്ങള്‍ വേണ്ടെന്ന് വച്ചെങ്കിലും അതൊന്നും സ്‌കൂള്‍ കലാമേളയുടെ മാറ്റ് കുറച്ചിട്ടില്ല. കാരണം നാളെയുടെ നാമ്പുകളെ തേടി സത്യന്‍ അന്തിക്കാടിനെയും ലാല്‍ജോസിനെയും കമലിനെയും ബ്ലെസിയെയും സിബി മലയിലിനെയും പോലുള്ള സിനിമാസംവിധായകരും സീരിയല്‍ സംവിധായകരും ഈ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കോട്ടയവും വ്യത്യസ്തമാകാനിടയില്ല.
ഈ കൊച്ചുകലാകാരന്മാരും കലാകാരികളും തന്നെയാകും നാളെയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുക എന്നുറപ്പാണ്. മികവ് കാട്ടുന്നവര്‍ക്ക് ഗ്രേഡ് അനുസരിച്ച് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകളുണ്ട് (എ - 30, ബി -24, സി - 18). മറ്റൊരാകര്‍ഷണം ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്ന 1000, 800, 600 രൂപ വീതമുള്ള കാഷ് പ്രൈസ്‌പോലും കുട്ടികള്‍ക്ക് വലിയ അംഗീകാരമാണ്. പക്ഷേ, ഈ വേദികളെ കുട്ടികള്‍ക്ക് മാത്രമായി വിട്ടുകൊടുക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും എന്നെങ്കിലും തയ്യാറാകുമോ എന്നതാണ് പ്രശ്‌നം.
കുറ്റങ്ങളും കുറവുകളും എത്രയെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും ഒരു സത്യം നമ്മള്‍ കാണാതെ പോകരുത്. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എത്രയോ കലാരൂപങ്ങള്‍ക്ക് പുനര്‍ജനി കിട്ടിയത് സ്‌കൂള്‍ കലോത്സവവേദികളിലാണ്. ഈ വര്‍ണപ്പകിട്ടിനിടയിലും ജീവിതത്തിന്റെ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' ഫ്രെയ്മുകള്‍ മാത്രം കണ്ടിട്ടുള്ള പാവപ്പെട്ട കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നമ്മുടെ ഉറക്കം കെടുത്താറുണ്ടോ? പതിനായിരങ്ങളും ലക്ഷങ്ങളും വാരിയെറിഞ്ഞ് തങ്ങളുടെ കുട്ടികളെ അണിയിച്ചൊരുക്കുന്ന താരമാതാക്കള്‍ക്കും താരഗുരുക്കന്മാര്‍ക്കും മാത്രമായി ഈ മേളയെ നമുക്ക് വിട്ടുകൊടുക്കാനാകുമോ? അവസരങ്ങളുടെ ഈ വലിയ കലവറ അര്‍ഹതപ്പെട്ട ഒരു കുട്ടിയുടെ മുമ്പിലും വാതിലടയ്ക്കാതിരിക്കട്ടെ.... ഇതൊരാഗ്രഹം മാത്രമാണെങ്കിലും.
