
കാനനഭംഗിയില്‍ ലയിച്ച ഉല്ലാസയാത്ര
Posted on: 11 Jul 2008
മലയോരഭംഗികളിലേക്ക് ഒരു ഉല്ലാസയാത്ര. ഒന്നുകില്‍ ഇടുക്കിയുടെ സ്വപ്നസങ്കേതങ്ങളിലേക്ക്. അല്ലെങ്കില്‍ വയനാടിന്റെ വിസ്മയങ്ങളിലേക്ക്. കുടുംബമായി പോകാന്‍ രണ്ടു ദിവസത്തെ രണ്ടു ടൂര്‍ പാക്കേജുകള്‍
ഇരാറ്റുപേട്ടയില്‍ നിന്ന് വാഗമണ്‍-പീരുമേട്-കുട്ടിക്കാനം-ഗ്രാമ്പി- വണ്ടിപ്പെരിയാര്‍-ഗവി-കുമളി വഴി തേക്കടിയിലേക്ക് ഒരു വിനോദയാത്ര. ദൂരം 90 കി.മീറ്റര്‍.

റോഡിനൊരുവശത്ത് തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍. മറുവശത്ത് അഗാധഗര്‍ത്തം. മലമുകളില്‍ നിന്നു ഇറങ്ങിവരുന്ന വാഹനങ്ങള്‍ കണ്ടാല്‍ ശരീരം അടിമുടി വിറയ്ക്കും. ഒരടി തെറ്റിയാല്‍ ഹോ...ഓര്‍ക്കാനേ വയ്യ.
വാഗമണ്ണിലേക്ക് ഇരാറ്റുപേട്ടയില്‍ നിന്ന് പകല്‍സമയത്ത് ഒരു മണിക്കൂര്‍ ഇടവിട്ട് ബസ്സുണ്ട്. വീതി കുറഞ്ഞ റോഡിലൂടെ ഒരഭ്യാസിയെപ്പോലെ വണ്ടിയോടിച്ച് ഡ്രൈവര്‍ ചാക്കോച്ചന്‍, ''ഇപ്പോള്‍ വാഗമണ്ണിലേക്കുള്ള വിനോദയാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.'' ഏഷ്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രമായി ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ വാഗമണ്ണിനെ തിരഞ്ഞെടുത്തത് ചാക്കോച്ചന്‍ അറിഞ്ഞിട്ടില്ല.
വാഗമണ്ണില്‍ നിന്ന് ഒരു ജീപ്പ് യാത്ര, കോലാഹലമേട്ടിലെത്തി. നാലു കിലോമീറ്റര്‍ ദൂരമുണ്ടിവിടേക്ക്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന പച്ചക്കുന്നുകള്‍. ഈ പച്ചത്തുരുത്തില്‍ അല്‍പസമയം നിന്നാല്‍ മതി മനസ്സും ശരീരവും ശാന്തമാകും. വിസ്തൃതമായ കുന്നുകളില്‍ അങ്ങിങ്ങായി വിനോദയാത്രക്കാരുടെ സംഘങ്ങള്‍ ഒഴുകി നീങ്ങുന്നത് കാണാം.
''ഇത്രയും ശാന്തമായ പ്രദേശത്തിന് കോലാഹലമേട് എന്ന പേര് എങ്ങനെ വന്നു?''
''കാറ്റിന് ഇത്തിരി ശക്തി കൂടുതലാണിവിടെ. കാറ്റിന്റെ ഇരമ്പല്‍ ഏതു സമയത്തും കേള്‍ക്കാം. അതുകൊണ്ടാകാം ഈ നിശബ്ദ സുന്ദരഭൂമിയെ പണ്ട് ഏതോ സഞ്ചാരി കോലാഹലമേടെന്ന് വിളിച്ചത്'', ഗൈഡ് സൈമണ്‍ പറഞ്ഞു.
റൊമാന്റിക് നിശബ്ദത

''ഞങ്ങള്‍ നിങ്ങളുടെ കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ വന്നവരാണ്. ആദ്യമായാണ് വാഗമണ്ണില്‍ വരുന്നത്. ഈ നിശബ്ദത ഞങ്ങള്‍ക്കിഷ്ടമായി. ഈ താഴ്‌വര ഞങ്ങളെ വല്ലാതെ റൊമാന്റിക്കാക്കുന്നു'', വിന്‍സന്റ് ഫ്രീസ് അന്നയെ ചേര്‍ത്തുപിടിച്ചു.
''നേരം പുലരുംമുമ്പേ ഞങ്ങളിവിടെയെത്തി. അതിനുശേഷം എത്ര തവണ ഈ താഴ്‌വരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുവെന്ന് ഞങ്ങള്‍ക്കുപോലും അറിയില്ല. സ്വിറ്റ്‌സര്‍ലാന്റിലെ കൊയ്‌റിക് പുല്‍മേടുപോലെ തോന്നുന്നു ഇവിടം'', വിന്‍സന്റും അന്നയും മെല്‍ബന്‍ ആര്‍ട്ട് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്.
ഉയര്‍ന്നുതാണ് വീണ്ടുമുയര്‍ന്ന് അനന്തതയിലലിയുന്ന മലനിരകള്‍. വിദൂരതയില്‍ നിന്നും തെന്നി ഒഴുകിവരുന്ന മഞ്ഞുമേഘങ്ങള്‍.
''കുറച്ചകലെ മലമുകളില്‍ ഒരു വെളിച്ചം. എന്തായിരിക്കുമത്?''
''ക്രൈസ്തവ തീര്‍ഥാടനകേന്ദ്രമായ കുരിശുമലയാണ്. ഇവിടെനിന്ന് മൂന്നു കിലോമീറ്റര്‍ ഈരാറ്റുപേട്ട റൂട്ടില്‍ പോയി ഒരു കിലോമീറ്റര്‍ മലകയറണം. കുരിശുമലക്ക് അപ്പുറത്ത് മുരുകന്‍മല. പാണ്ടിപ്പടയോട് യുദ്ധത്തില്‍ തോറ്റ് ഒളിത്താവളം തേടിവന്ന ഒരു രാജാവിന് രക്ഷയായത് മുരുകന്‍മലയിലെ ഗുഹകളാണ്. രാജാവ് ആരാധിച്ചിരുന്ന ദേവീവിഗ്രഹം പാറയിടുക്കില്‍ ഇന്നും കാണാം. മുരുകന്‍മലയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ വടക്കുമാറിയാണ് മുസ്ലിം തീര്‍ത്ഥാടനകേന്ദ്രമായ തങ്ങള്‍പാറ'', ഗൈഡ് സൈമണ്‍ വിശദമാക്കി.
നീലപരവതാനിപോലെ കടല്‍
കൗരിശുമലയുടെ മുകളില്‍ നിന്നു നോക്കിയാല്‍ പടിഞ്ഞാറ് നീലപരവതാനി വിരിച്ചപോലെ അറബിക്കടല്‍. വടക്കുകിഴക്കായി ഇടുക്കിഡാമും. മഞ്ഞിന്‍നിരകള്‍ക്കു മേലെ തെന്നിയുയരുന്ന സൂര്യനും ഹൃദയസ്പര്‍ശിയായ കാഴ്ച തന്നെ.
കുരിശുമലയില്‍ നിന്ന് ഏലപ്പാറ റൂട്ടില്‍ അഞ്ചു കിലോമീറ്റര്‍ വന്നപ്പോള്‍ വെടിക്കുഴിയിലെത്തി. മൂന്നുംകൂടിയ ചെറിയ അങ്ങാടി. 'തയ്യില്‍ സ്റ്റോഴ്‌സ്', ഒരു ചെറിയ കട. ചായയും രുചിയേറിയ ഞാലിപ്പൂവന്‍ പഴവും എത്തി.
''നിങ്ങള്‍ ഇനി വരുമ്പോള്‍ ഈ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറിയിട്ടുണ്ടാകും. വാഗമണ്ണിന്റെ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്'', കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന 'സഖാവ്' കൃഷ്ണന്‍ പറഞ്ഞു.
നേരെ പൈന്‍മരക്കാട്ടിലേക്ക്. വെടിക്കുഴിയില്‍ നിന്ന് കഷ്ടി അരക്കിലോമീറ്റര്‍ മാത്രം. ഇവിടെ ഏതോ തമിഴ് സിനിമയുടെ പാട്ടുസീന്‍ ഷൂട്ടു ചെയ്യുകയാണ്. സ്ഥലം കാണാന്‍ വന്ന സ്‌കൂള്‍കുട്ടികള്‍ താരങ്ങള്‍ക്കു ചുറ്റും അനുസരണയോടെ നില്‍ക്കുന്നു. താഴ്‌വരയില്‍ കുറെ ചെറുപ്പക്കാര്‍ പന്തു കളിക്കുന്നുണ്ട്.
''വനംവകുപ്പിന് കീഴില്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി നട്ട മരങ്ങളാണിത്. രണ്ടായിരത്തില്‍ വാഗമണ്‍ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചപ്പോള്‍ മരംവെട്ടി മാറ്റുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തു. അത് വളര്‍ന്ന് കാടായി. കേരളത്തിലെ ഒരേയൊരു പൈന്‍മരക്കാട്. ഇപ്പോഴിവിടെ 24,745 പൈന്‍മരങ്ങളുണ്ട്'', പൈന്‍ പ്ലാന്‍േറഷനിലെ വാച്ചര്‍ സുരേഷ്ബാബു കൃത്യമായി പറഞ്ഞു.
വെടിക്കുഴിയില്‍ നിന്ന് താഴ്‌വരയിലൂടെ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആത്മഹത്യാമുനമ്പിലെത്തി. ആകാശം തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ഉയര്‍ന്നുനില്‍ക്കുന്ന മല. മലയുടെ മുനമ്പില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ ദൂരെ ഒരു പൊട്ടുപോലെ കൊച്ചി നഗരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പാരാഗ്ലൈഡേഴ്‌സ് സ്ഥലം കയ്യടക്കിയിരുന്നു. സാഹസിക അഭ്യാസം കാണാന്‍ കൂട്ടംകൂടി നില്‍ക്കുന്ന നാട്ടുകാര്‍.
''കിഴക്കാംതൂക്കായ മലനിരകളും അനുകൂലമായ കാറ്റും വാഗമണ്ണിനെ ഞങ്ങളുടെ സ്വപ്നഭൂമിയാക്കുന്നു'',ഒന്നെത്തിനോക്കാന്‍ ആരും ഭയക്കുന്ന ആത്മഹത്യാ മുനമ്പില്‍ നിന്നു പാരച്യൂട്ടില്‍ ആകാശത്തിലേക്ക് കുതിച്ച് ഫ്രഞ്ചുകാരന്‍ സ്റ്റീഫന്‍ സാക്രെ പറഞ്ഞു. അനന്തവിദൂരതയില്‍ പറന്നുനടക്കുന്ന സ്റ്റീഫന്‍ ഒരു പൊട്ടായി മാറുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു കാഴ്ചക്കാര്‍.
നേരം വൈകിത്തുടങ്ങിയിരിക്കുന്നു. സൂര്യന്‍ മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു. വാഗമണ്‍ മലനിരകള്‍ ഒരു കറുത്ത സുന്ദരിയെപോലെ. കാഴ്ചയുടെ വിസ്മയം തേടിയെത്തിയവര്‍ ഓരോരുത്തരായി എഴുന്നേറ്റു. ചില വിദേശികള്‍ മടങ്ങാന്‍ മനസ്സില്ലാത്തപോലെ അപ്പോഴും താഴ്‌വരയിലെ കറുകപ്പുല്ലുകളില്‍ നെഞ്ചമര്‍ത്തി കിടന്നു.
വാഗമണ്‍ മുതല്‍ തേക്കടി വരെ
വാഗമണ്ണില്‍ നിന്ന് ഏലപ്പാറ വഴി 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുട്ടിക്കാനത്ത് എത്താം. നട്ടുച്ചക്കും തണുപ്പ് വിട്ടൊഴിയാത്ത പ്രദേശം. പച്ച പുതച്ചു കിടക്കുന്ന കുന്നുകളിലേക്ക് ട്രക്കിങ്ങ് നടത്താം. ഇവിടെനിന്ന് നാലു കിലോമീറ്റര്‍ ദൂരം പോയാല്‍ പീരുമേടായി. സമുദ്രനിരപ്പില്‍ നിന്നു 3000 അടി ഉയരത്തിലാണ് ഈ സ്ഥലം. തേയിലത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ പ്രദേശം. പെരിയാര്‍വഴി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പരുന്തുപാറ എന്നറിയപ്പെടുന്ന ഗ്രാമ്പിയിലെത്താം. ഗ്രാമ്പിയില്‍ നിന്ന് വണ്ടിപെരിയാര്‍ വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുല്ലുമേടായി. കാട്ടുപാതയിലൂടെ ജീപ്പില്‍ വേണം ഇവിടെയെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ ശബരിമല ക്ഷേത്രവും മകരജ്യോതിയും കാണാം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ പ്രവേശനമുള്ളു.
കുമളി റൂട്ടില്‍ ആറു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ വണ്ടിപ്പെരിയാര്‍ ആയി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഫാമും പൂന്തോട്ടവും ഇവിടെയുണ്ട്. വണ്ടിപ്പെരിയാറില്‍ നിന്ന് 28 കിലോമീറ്റര്‍ ദൂരത്താണ് ഗവി. സാഹസികമായ ട്രക്കിങ്ങിന് പറ്റിയ സ്ഥലം. അപൂര്‍വപക്ഷികളും മൃഗങ്ങളുമുണ്ടിവിടെ. വണ്ടിപ്പെരിയാറില്‍ നിന്ന് ആറു കിലോമീറ്റര്‍ ദൂരമുണ്ട് കുമളിക്ക്. ഇവിടെനിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മംഗളാദേവി ക്ഷേത്രത്തിലെത്താം. വര്‍ഷത്തിലൊരിക്കല്‍ ഏപ്രില്‍ മാസത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തിന് മാത്രമേ ക്ഷേത്രം തുറക്കൂ. കുമളിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് തേക്കടി വന്യജീവി സങ്കേതം.
രണ്ടുനാള്‍ വയനാട്ടില്‍
കോഴിക്കോട്ടുനിന്നു മാനന്തവാടി-കാട്ടിക്കുളം-കുറുവാദ്വീപ്-തിരുനെല്ലി- തോല്‍പ്പെട്ടി വഴി ഇരുപ്പിലേക്കൊരു വിനോദയാത്ര. ദൂരം 175 കി.മീറ്റര്‍.
മാനന്തവാടിയില്‍ നിന്ന് രാത്രി 8.30നുള്ള അവസാന ബസില്‍ തിരുനെല്ലിയില്‍ എത്തുമ്പോള്‍ സമയം പാതിരാത്രി. മകരമഞ്ഞ് പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. റോഡരികില്‍ എരിയുന്ന തീക്കൂനകള്‍. അതിനരുകില്‍ ചുരുണ്ടുകൂടി ഉറങ്ങുന്നവര്‍.
ബസ്‌സ്റ്റോപ്പില്‍ നിന്ന് നേരെ ദേവസ്വം സത്രത്തിലേക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്നതുകൊണ്ട് മുറി കിട്ടാന്‍ പ്രയാസമുണ്ടായില്ല.
പിറ്റേന്ന് പുലര്‍ച്ചെ എണീറ്റു. പാപനാശിനിയില്‍ കുളിച്ചു. ക്ഷേത്രത്തിലെ കല്‍പ്പടവുകള്‍ കയറി. വിജനമായ ചുറ്റമ്പലം. ഏറെ കൊത്തുപണികളില്ലാത്ത കരിങ്കല്‍ സ്തൂപങ്ങള്‍, കുമ്മായം തേച്ച ഭിത്തികളും നിലവുമുള്ള തിടപ്പള്ളി, ഓര്‍മകളുറങ്ങുന്ന ബലിക്കല്ല്. കോവിലിനകത്ത് തിരുനെല്ലിപ്പെരുമാള്‍.

ഏഴു കിലോമീറ്റര്‍ വനത്തിലൂടെ നടന്നപ്പോള്‍ പക്ഷിപാതാളത്തിലെത്തി. ചെങ്കുത്തായ മലകയറ്റവും ഒറ്റയടിപ്പാതയിലൂടെയുള്ള കാല്‍നടയാത്രയും കഠിനമായിരുന്നു. 'ഗരുഡപച്ച' എന്ന അത്യപൂര്‍വ ഔഷധത്തിന്റെ മണമാണ് പക്ഷിപാതാളത്തിന്. കടവവ്വാലുകളുടെയും മഴപ്പക്ഷികളുടെയും ചൂളംവിളി കാടിന്റെ നിശബ്ദത ലംഘിച്ച് ഇടക്കിടെ ഉയര്‍ന്നുകേട്ടു.
''കുടുംബമൊന്നിച്ച് ഉല്ലാസയാത്രക്ക് അധികമാരും പക്ഷിപാതാളത്തില്‍ വരാറില്ല. സാഹസികയാത്രക്കാര്‍ക്ക് മാത്രമാണിവിടം താല്‍പര്യം'', ഫോറസ്റ്റ് ഗാര്‍ഡ് പറഞ്ഞു.
തിരികെ തിരുനെല്ലി ബസ്‌സ്റ്റോപ്പില്‍. രാവിലെ ഏഴു മണിക്കാണ് ആദ്യ ബസ്. അതില്‍ കയറി 'തെറ്റ് റോഡി'ലിറങ്ങി. 12 കി.മീറ്റര്‍ ദൂരമുണ്ടിവിടേക്ക്. ഒരു ചായക്കട മാത്രമുള്ള ജംഗ്ഷന്‍. അവിടെനിന്ന് ഏലം ഇട്ട ചൂടുകഞ്ഞി കഴിച്ചു. കുട്ടയിലേക്ക് പോകുന്ന ബസില്‍ തോല്‍പ്പെട്ടിയിലേക്ക്. കര്‍ണാടക അതിര്‍ത്തിയിലെ ഗ്രാമമാണിത്. തോല്‍പ്പെട്ടി വന്യമൃഗ സംരരക്ഷണകേന്ദ്രത്തിന്റെ കവാടം ഇവിടെയാണ്.
''ഇനി യാത്ര ജീപ്പിലാക്കിക്കോളൂ. 24 കി.മീറ്റര്‍ ദൂരം കാടിലൂടെയുള്ള യാത്രയില്‍ വന്യമൃഗങ്ങളെ അടുത്തു കാണാം'', വനംവകുപ്പിലെ അനില്‍ പറഞ്ഞു.
കാട്ടുപാതയിലൂടെ ജീപ്പ് കുലുങ്ങിക്കുലുങ്ങി നീങ്ങുന്നതിനിടെ ഗൈഡ് ഉസ്മാന്‍ പറഞ്ഞു, ''ആനച്ചൂരുണ്ട് സൂക്ഷിക്കണം. രണ്ടു നാള്‍ മുമ്പ് വിറകു ശേഖരിക്കാന്‍ വന്ന ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സ്ഥലമാണ്.''
പറഞ്ഞുതീര്‍ന്നതും 100 മീറ്റര്‍ മാത്രം അകലെ കാട്ടാനക്കൂട്ടം. അരുവിയിലേക്ക് വെള്ളം കുടിക്കാനുള്ള പോക്കാണ്. ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ വിദേശികളെ ഗൈഡ് നിര്‍ബന്ധിച്ച് വാഹനത്തില്‍ തിരികെ കയറ്റി. വശങ്ങള്‍ തുറന്ന ജീപ്പായതിനാല്‍ ആനകളെ നല്ലപോലെ അടുത്തുകണ്ടു.
കുറുവാദ്വീപിലേക്ക്

നദിയുടെ ഇക്കരയില്‍ നിന്ന് നോക്കിയപ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന സൗന്ദര്യമൊന്നും കുറുവാദ്വീപിനുണ്ടെന്നു തോന്നിയില്ല. പക്ഷേ അക്കരെയെത്തിയപ്പോള്‍ ആശ്ചര്യം തോന്നി. ദൂരേന്ന് കണ്ട സ്ഥലമേയല്ലഇത്. നട്ടുച്ചക്കുപോലും സൂര്യപ്രകാശം കടക്കാത്ത കാട്. കൊടുംവേനലിലും സുഖകരമായ തണുപ്പ്. കബനി നദിയിലെ കൊച്ചുകൊച്ചു തുരുത്തുകള്‍ പെട്ടെന്ന് സജീവമായതുപോലെ.
ബാംഗ്ലൂരിലെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നെത്തിയ സുന്ദരികളും സുന്ദരന്മാരും, തൃശൂരിലെ ഒല്ലൂരില്‍ നിന്ന് വന്ന നവവിവാഹിതരുടെ ഒരു സംഘം, ആരെയും ശ്രദ്ധിക്കാതെ എല്ലാം മറന്ന് പൊട്ടിച്ചിരിക്കുന്ന കമിതാക്കള്‍, ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ വിദേശദമ്പതിമാര്‍...
കബനിനദി മുട്ടങ്കരയ്ക്കടുത്ത് ചാലിഗദ്ദയില്‍ രണ്ടായി പിരിയുന്നു. പിന്നീട് പുല്‍പള്ളിയിലെ പന്നിക്കല്‍ ചോകാടിയില്‍ വീണ്ടുമൊന്നിക്കുന്നു. ഇതിനിടയിലെ 950 ഏക്കര്‍ പ്രധാനദ്വീപും ഒട്ടേറെ ചെറുതുരുത്തുകളും. ഓസ്‌ട്രേലിയയിലെ ക്യൂട്ടോ ദ്വീപ് സമൂഹങ്ങളെ ഓര്‍മിപ്പിക്കുന്ന കാഴ്ച. ''18 വര്‍ഷം മുമ്പ് ഞാനിവിടെ വന്നപ്പോള്‍ കാടിന്റെ പരിപാലനമായിരുന്നു ജോലി. വല്ലപ്പോഴും ചില ടൂറിസ്റ്റുകള്‍ വന്നാലായി. ഇപ്പോള്‍ സ്ഥിതിയതല്ല. 5000 പേരെങ്കിലും ദ്വീപ് കാണാനായി ദിവസവും എത്തുന്നു. ഏറെയും വിദേശികള്‍'', ഗൈഡ് വിജയന്‍ പറഞ്ഞു.
ചെറുദ്വീപുകളിലൊന്നില്‍ ദേശാടനകിളികള്‍ കൂടൊരുക്കിയിരിക്കുന്നു. ചാലിഗദ്ദയിലെ ചെറു ദ്വീപുകളില്‍ നിറയെ തൂക്കണാംകുരുവികള്‍. പാക്കം ചെറിയമല നീര്‍ക്കയത്തോട് ചേര്‍ന്ന് നിരവധി കൊറ്റില്ലങ്ങളും.
''കേരളത്തില്‍ 487 ഇനം പക്ഷികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതില്‍ 140തിലധികം ഇനങ്ങള്‍ ഇവിടെ കൂടൊരുക്കി പ്രജനനം നടത്തുന്നു. പത്തോളം ദേശാടനപക്ഷികളേയും എനിക്കിവിടെ കാണാനായി'', തമിഴ്‌നാട്ടിലെ ചിദംബരത്തുനിന്നെത്തി പക്ഷിനിരീക്ഷകന്‍ ആദിശെല്‍വന്‍ പറഞ്ഞു. ആദിശെല്‍വന്‍ ഇത് അഞ്ചാം തവണയാണ് കുറുവദ്വീപിലെത്തുന്നത്.
നദിയിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളില്‍ ഇരുന്ന് ആദിവാസികുട്ടികള്‍ ചൂണ്ടയിടുന്നു. ഓരോരുത്തരുടെ കയ്യിലുമുണ്ട് സഞ്ചി നിറയെ മീന്‍.
കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമില്‍ നിന്ന് ഒഴുകിവരുന്നവയാണ്. മണ്ണാല്‍, ചേറുമീന്‍, വാള, ചെകിട, ആരല്‍....കുറുവയിലെ മത്സ്യസമ്പത്ത് ആദിവാസികളുടെ വരുമാനമാര്‍ഗമാണ്.
ആരേയും ഭയക്കാനില്ലെന്ന മട്ടില്‍ കൈകോര്‍ത്ത് പിടിച്ച് നദി മുറിച്ചുകടക്കുന്ന വിദ്യാര്‍ത്ഥിനികള്‍. കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്ന് വിനോദയാത്രക്കെത്തിയവരാണ്. പെട്ടെന്ന് ഒരു വിസല്‍ ശബ്ദം. ''ചീങ്കണ്ണിക്കൂട്ടം കരക്കെത്തിക്കാണും. വനംവകുപ്പ് നല്‍കുന്ന സൈറനാണിത്'', ആരോ പറയുന്നതു കേട്ടു. നോക്കിയപ്പോള്‍ കുറുവ റിസോര്‍ട്ടിനടുത്ത കൂറ്റന്‍ പാറയില്‍ ഒരു കൂട്ടം ചീങ്കണ്ണികള്‍. വിനോദസംഘത്തിലെ കുട്ടികള്‍ ചീങ്കണ്ണികളെ കല്ലെറിയാന്‍ തുടങ്ങി. സെക്കന്റുകള്‍ക്കകം എല്ലാം പുഴയില്‍ മറഞ്ഞു.
പാക്കത്തെ വനസംരക്ഷണസമിതിക്കാണ് കുറുവയുടെ സംരക്ഷണ ചുമതല. ദ്വീപിലേക്ക് ഭക്ഷണസാധനങ്ങള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. ഒരു ദ്വീപില്‍നിന്ന് മറ്റൊന്നിലേക്ക് മുളചങ്ങാടത്തില്‍ പോകാം.
ദ്വീപില്‍ അങ്ങിങ്ങായി പത്തോളം ഏറുമാടങ്ങള്‍. അതിലൊന്നില്‍ ഒരു മദാമ്മ സ്വയം മറന്നതുപോലെ കിടക്കുന്നു. ഫ്രാന്‍സില്‍ നിന്നു വന്ന പക്ഷിനിരീക്ഷകയാണ്, ജൂലിയ.
''ഇന്ന് പുലര്‍ച്ചെ മുതല്‍ ഞാനീ ഏറുമാടത്തിലുണ്ട്. കൂട്ടത്തോടെ പറന്നുപോകുന്ന പൂമ്പാറ്റകളെ ഞാനിവിടെ കണ്ടു'', ജൂലിയക്ക് ആശ്ചര്യം.
തോല്‍പ്പെട്ടിയില്‍ നിന്ന് കുട്ട റൂട്ടില്‍ 15 കിലോമീറ്റര്‍ ദൂരെയാണ് ഇരുപ്പ്. ഇവിടുത്തെ ലക്ഷ്മണതീര്‍ഥ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണിത്. നാഗര്‍ഹോള ദേശീയ ഉദ്യാനവും മുനിമടയുമെല്ലാം തീര്‍ഥത്തിനരികില്‍ തന്നെ. ഇവിടുത്തെ ശരാശരി താപനില 5-10 ഡിഗ്രി വരെയാണ്. ഇവിടെനിന്ന് നരിമലയിലേക്ക് നാലു കിലോമീറ്ററും ബ്രഹ്മഗിരിയിലേക്ക് ഒമ്പതു കിലോമീറ്ററും മുനിമടയിലേക്ക് ഏഴു കിലോമീറ്ററും ട്രക്കിങ്ങ് സൗകര്യമുണ്ട്.
