
ദൃശ്യവിരുന്നായി വൈപ്പിന്‍ അഴിമുഖം
Posted on: 11 Jul 2008
കണ്ണെത്താദൂരത്തുനിന്ന് കടലിന്റെ ഓളപ്പരപ്പുകളെ കീറിമുറിച്ചെത്തുന്ന മീന്‍പിടിത്ത യാനങ്ങള്‍. ഇരുകരയിലും നിരനിരയായി നിലകൊള്ളുന്ന ചീനവലകള്‍ . സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നാണ് വൈപ്പിന്‍ അഴിമുഖം

കണ്ണെത്താദൂരത്തുനിന്ന് കടലിന്റെ ഓളപ്പരപ്പുകളെ കീറിമുറിച്ചെത്തുന്ന മീന്‍പിടിത്ത യാനങ്ങള്‍. അവയെ എതിരേല്‍ക്കാനെന്നവണ്ണം ഇരുകരയിലും നിരനിരയായി നിലകൊള്ളുന്ന ചീനവലകള്‍. നാലുപേരടങ്ങുന്ന സംഘങ്ങള്‍ ഒരേതാളത്തില്‍ ചീനവലകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് എത്ര കണ്ടാലും മതിവരാത്ത കാഴ്ച.
തേക്കിന്‍കഴകള്‍ കൂട്ടിക്കെട്ടി ഒരുക്കിയിരുന്ന ചീനവലകള്‍ ചിലതെങ്കിലും ഇരുമ്പുപൈപ്പുകള്‍ക്ക് വഴിമാറിയിരിക്കുന്നു. വിലയല്പം കൂടുതല്‍ നല്‍കിയാലും കേടുകൂടാതെ സൂക്ഷിക്കുന്ന രാസപദാര്‍ഥങ്ങളുടെ സ്പര്‍ശമില്ലാത്ത പച്ചമീന്‍ വാങ്ങാം. അഴിമുഖത്തിന്റെ കൊച്ചിഭാഗത്ത് ചെളി അടിയുന്നതിനാല്‍ ചീനവലകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നിരിക്കുന്നു. ഫോര്‍ട്ട് വൈപ്പിനിലാകട്ടെ 8 ചീനവലകളാണ് ഇപ്പോഴുള്ളത്.
ഫോര്‍ട്ട് വൈപ്പിനില്‍ സഞ്ചാരികള്‍ക്കുള്ള ദൃശ്യസാധ്യത കണക്കിലെടുത്ത് ഒരു കിലോമീറ്ററോളം ദൂരത്ത് കരിങ്കല്‍ച്ചിറയ്ക്ക് മുകളിലായി മനോഹരമായ നടപ്പാത നഗരസഭ ഒരുക്കിയിട്ടുണ്ട്.
നടപ്പാതയിലൂടെ ചെല്ലുമ്പോള്‍ അഴിമുഖത്തായി രൂപപ്പെട്ടിട്ടുള്ള പുതിയ തുരുത്തും എല്‍.എന്‍.ജി. പദ്ധതിക്കു വേണ്ടി നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുമൊക്കെ ദൃശ്യമാകും. ഗോശ്രീ പാലങ്ങളുടെ വരവോടെ തിരക്കൊഴിഞ്ഞ വൈപ്പിന്‍ ബസ്സ്റ്റാന്‍ഡിനു സമീപമാണ് നടപ്പാതയും ചീനവലകളും.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതോടെ ഈ പ്രദേശത്തെ വികസന മുരടിപ്പും ഒഴിവാക്കാനാകും.
പുരാവസ്തു വകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിക്കുകയും പോര്‍ച്ചുഗല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ പുനര്‍നിര്‍മിക്കുകയും ചെയ്ത പ്രത്യാശമാതാവിന്റെ ദേവാലയവും അഴിമുഖത്തിന് അഭിമുഖമായാണ് നിലകൊള്ളുന്നത്.
