
ഗീതാദര്‍ശനം - 464
Posted on: 31 Mar 2010
സി.രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
പ്രകൃതിസ്ഥനായ പുരുഷന്റെ ലഭ്യതയുടെ അളവും തരവും പ്രകൃതിവികാരമായ അന്തഃകരണത്തിന്റെ ശുദ്ധി യനുസരിച്ച് മാറും.
ഉപദ്രഷ്ടാനുമന്താ ച
ഭര്‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തഃ
ദേഹേ സ്മിന്‍ പുരുഷഃ പരഃ
(കരണങ്ങളുടെ എല്ലാ കര്‍മങ്ങള്‍ക്കും) സാക്ഷിയായും
(കര്‍മങ്ങളെയെല്ലാം) അനുമോദിക്കുന്നവനായും (എല്ലാറ്റിനും ആജ്ഞ നല്കുന്ന)പ്രഭുവായും സുഖദുഃഖമോഹങ്ങളെ അറിയുന്നവനായും ലോകത്തിന്റെ മുഴുവന്‍ ഈശ്വരനായും പരമാത്മാവായും ഒക്കെ പുരുഷന്‍ഈ ദേഹത്തില്‍ സര്‍വശ്രേഷ്ഠം എന്നു പറയപ്പെട്ടിരിക്കുന്നു. പരമാത്മാവിനെ ജലമായുംപ്രകൃതിയെ കടലായും കരുതിയാല്‍ ശരീരസംഘാതത്തെ സമുദ്രത്തിലെ തിരയോട് ഉപമിക്കാം. പരമാത്മാവ്
എന്ന ജലസമൃദ്ധിയുടെ അലയിളകാത്ത പരമശാന്തതയാണ് ആ തരംഗഴത്തിന് ആധാരവും ആസ്പദവും. കടലില്ലെങ്കില്‍ തിരയില്ല എന്നപോലെ പ്രകൃതിയില്‍നിന്ന് ഭിന്നമായി ശരീരസംഘാതത്തിന് നിലനില്പില്ല. നിധാനമായ ജലം ഒരേസമയം തിരയുടെ ഇളക്കത്തിനുസാക്ഷിയും അതിനെ നിലനില്‍ക്കാന്‍ അനുവദിക്കുന്ന പശ്ചാത്തലവുമായി ഇരിക്കുന്നു.
(തുടരും)





