githadharsanam

ഗീതാദര്‍ശനം - 357

Posted on: 05 Nov 2009

സി.രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


സഞ്ജയ ഉവാച-
ഏവമുക്ത്വാ തതോ രാജന്‍
മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ഥായ
പരമം രൂപമൈശ്വരം
സഞ്ജയന്‍ പറഞ്ഞു-

ഹേ രാജന്‍, മഹായോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞതിനു ശേഷം പരമമായ ഈശ്വരസ്വരൂപം അര്‍ജുനന് കാട്ടിക്കൊടുത്തു.

ഹരി എന്നാല്‍ 'സാക്ഷാല്‍ക്കാരം നേടുന്നവരുടെ അജ്ഞാനത്തെ വേരോടെ ഹരിക്കുന്നവന്‍ (ഇല്ലായ്മ ചെയ്യുന്നവന്‍)'. മഹായോഗേശ്വരന്‍ = 'മഹാനായും യോഗികള്‍ക്ക് ഈശ്വരനായുമുള്ളവന്‍'. വിശ്വരൂപം കാണുന്നവരുടെ ശ്രേണി നോക്കുക. അര്‍ജുനന്‍ കാണുന്നതൊക്കെ സഞ്ജയനും കാണുന്നു. അതിനപ്പുറം സഞ്ജയന്‍ ഹരിയെയും മുഴുവന്‍ കുരുക്ഷേത്രത്തെയും അതോടൊപ്പം കാണുന്നു. ഇതൊക്കെ കാണുന്ന സഞ്ജയനെ വ്യാസര്‍ കാണുന്നു.സഞ്ജയനോ വ്യാസര്‍ക്കോയോഗേശ്വരന്‍ താത്കാലികമായല്ല സ്ഥിരമായാണ് ദിവ്യദൃഷ്ടി നല്‍കിയിരിക്കുന്നത് ! (മാധ്യമപ്രവര്‍ത്തകര്‍ സര്‍വാശ്ലേഷിയായ 'ദിവ്യ'ദൃഷ്ടിയുള്ളവരായാലേ സ്വധര്‍മനിര്‍വഹണം ശരിയായി സാധിക്കൂ എന്നൊരു നിരൂപണം ഇവിടുന്ന്കണ്ടെടുക്കാം.) ഈ ഘട്ടത്തില്‍ അര്‍ജുനന്റെ മനസ്സില്‍നി ന്ന് 'ഉറങ്ങിക്കിടന്നവന്‍ ഉണരുമ്പോള്‍ സ്വപ്നലോകം മറഞ്ഞുപോകുന്നപോലെയാണ് ഇതുവരെ പരിചിതമായ ലോകം മറഞ്ഞുപോയിരിക്കുന്ന'തെന്നാണ് ജ്ഞാനേശ്വര്‍ മഹാരാജ്‌നിരീക്ഷിക്കുന്നത്.

കാണിക്കുന്ന ആളും കാണുന്ന ആളുമല്ല, ഇവര്‍ ഇരുവരെയും ആ കാണ.പ്പട്ടതും ഒപ്പം കാണുന്ന സാക്ഷിയാണ് ഇനിയുള്ള അഞ്ചു ശ്ലോകങ്ങള്‍ അവതരിപ്പിക്കുന്നത്. എന്തിനാണ് സഞ്ജയനെ ഇടയില്‍ കൊണ്ടുവന്നത്? താന്‍ കാണുന്നതെല്ലാം അര്‍ജുനനെക്കൊണ്ട് പറയിച്ചാല്‍ പോരായിരുന്നോ?

(തുടരും)



MathrubhumiMatrimonial