ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി
Posted on: 25 Jan 2012
സുകുമാര്‍ അഴീക്കോടിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ടൗണ്‍ സ്‌ക്വയറിലേക്ക് പുരുഷാരം ഒഴുകിയെത്തി. കേന്ദ്ര മന്ത്രിമാര്‍ മുതല്‍ കണ്ണൂരിലെ സാധാരണക്കാര്‍ വരെ ഇതില്‍പെടും. അര്‍ധരാത്രിയോടെ കണ്ണൂര്‍ മഹാത്മ മന്ദിരത്തിലെത്തിച്ച ഭൗതിക ശരീരം സന്ദര്‍ശിച്ച് അന്ത്യോപചാരമര്‍പ്പിക്കാന്‍ രാത്രി തന്നെ ജനങ്ങളെത്തിത്തുടങ്ങിയിരുന്നു. ടൗണ്‍ സ്‌ക്വയറില്‍ തയ്യാറാക്കിയ പന്തലിലേക്ക് രാവിലെ ഏഴേമുക്കാലോടെ ഭൗതിക ശരീരം മാറ്റി. തുടര്‍ന്ന് ജനപ്രവാഹമായിരുന്നു. അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരെ തുടക്കത്തില്‍ ഒറ്റവരിയായാണ് ടൗണ്‍സ്‌ക്വയറിലേക്ക് കടത്തിവിട്ടത്. ക്യൂ താലൂക്ക് ഓഫീസ് ജങ്ഷന്‍ വരെ നീണ്ടതിനാല്‍ പത്തരയോടെ ആളുകളെ രണ്ടുവരിയാക്കി ടൗണ്‍സ്‌ക്വയറിലേക്ക് കടത്തിവിട്ടു. ആളുകളെ വേഗത്തില്‍ കടത്തിവിടാന്‍ പോലീസിനും വളണ്ടിയര്‍മാര്‍ക്കുമൊപ്പം മുന്‍ എം. പി. പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തിറങ്ങി. രാവിലെ 11.20-ന് വിലാപയാത്രയ്ക്കായി ഭൗതിക ശരീരം എടുക്കുമ്പോഴും അന്ത്യോപചാരമര്‍പ്പിക്കാന്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു.








