മുപ്പത്തഞ്ചില്‍ അഞ്ചുപേര്‍ ഇനിയില്ല
Posted on: 16 Jan 2011
കുമളി: ആന്ധ്രയില്‍നിന്നുള്ള 35 അംഗ തീര്‍ത്ഥാടകസംഘത്തിന് പുല്ലുമേട് ദുരന്തത്തില്‍ നഷ്ടമായത് അഞ്ചുപേരുടെ ജീവന്‍. പ്രകാശം ജില്ലയിലെ ചുരുള, വിത്തല്‍നഗറില്‍നിന്നുള്ള സംഘത്തിനാണ് ദുരന്തമുണ്ടായത്. സംഘാംഗങ്ങളായ ഗണേശ്(25), ഗോവിന്ദ്(20), ശൂരലു(66), രാമു(21), രാജു ഗോസായ്(32) എന്നിവരുടെ ജീവനാണ് പുല്ലുമേട്ടില്‍ പൊലിഞ്ഞത്. വ്യാഴാഴ്ച അയ്യപ്പദര്‍ശനം കഴിഞ്ഞ് മകരജ്യോതി കാണാനാണ് സംഘം പുല്ലുമേട്ടിലെത്തിയത്. ജ്യോതി കണ്ട് ആത്മനിവൃതിയില്‍ മടങ്ങുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഗുരുസ്വാമി നാഗേശ്വരറാവുവിന്റെ നേതൃത്വത്തില്‍ നാലുപേര്‍ കുമളിയില്‍ തങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ സംഘത്തിലെ മറ്റുള്ളവര്‍ നാട്ടിലേക്ക് മടങ്ങി. മൃതദേഹങ്ങള്‍ നേരത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കിട്ടാന്‍ നാഗേശ്വരറാവു റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്റെ സഹായം തേടി. എറണാകുളത്തുനിന്ന് വിമാനമാര്‍ഗ്ഗം ഹൈദ്രരാബാദില്‍ എത്തിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പിന്നീട് ആംബുലന്‍സില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.




