പത്രപ്രവര്‍ത്തകപ്രതിഭ-മുഖ്യമന്ത്രി Posted on: 01 Aug 2010
തിരുവനന്തപുരം: മലയാള പത്രവ്യവസായത്തെ ലോകനിലവാരത്തില്‍ എത്തിക്കാന്‍ നേതത്വം നല്‍കിയ വ്യവസായപ്രതിഭയും പത്രപ്രവര്‍ത്തക പ്രതിഭയുമായിരുന്നു കെ.എം.മാത്യുവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.കെ.എം.മാത്യുവിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകളോടും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിച്ച ികസനകാഴ്ചപ്പാടുകളോടും ഞങ്ങള്‍ക്ക് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. ഞങ്ങള്‍ പ്രതിനിധാനംചെയ്യുന്ന തൊഴിലാളിവര്‍ഗ നിലപാടുകളെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിര്‍ക്കാനാണ് തന്റെ മാധ്യമങ്ങളെ മാത്യു ഉപയോഗപ്പെടുത്തിയത്. എന്നാല്‍ എതിര്‍ശബ്ദങ്ങള്‍ക്കും പ്രകാശനം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. തന്റെ മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ അദ്ദേഹം തയ്യാറായി-വി.എസ്. പറഞ്ഞു.
കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, സി.ദിവാകരന്‍, എം.എ.ബേബി, എം. വിജയകുമാര്‍, എ.കെ.ബാലന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി, കെ.പി.രാജേന്ദ്രന്‍ എന്നിവരും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍, മുന്‍ മന്ത്രി ടി.എം.ജേക്കബ്ബ്, പ്രസ് അക്കാദമി ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എന്നിവരും2 അനുശോചിച്ചു.
കെ.എം. മാത്യുവിന്റെ നിര്യാണത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാതോലിക്കോസ് ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവയും അനുശോചിച്ചു.






കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു.
