ഓര്‍മയിലെ സുഗന്ധമായി മാറുന്ന, എല്ലാവരുടെയും 'മാത്തുക്കുട്ടിച്ചായന്‍'
ഒ.എന്‍.വി. കുറുപ്പ് Posted on: 01 Aug 2010
ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിക്കാന്‍ കഴിയുന്നത് ഒരപൂര്‍വ ഭാഗ്യമായിട്ടാണ് നാം കരുതാറുള്ളത്. എന്നാലതിനുശേഷവുമൊരു പതിറ്റാണ്ട് കര്‍മനിരതനായിത്തന്നെ ജീവിച്ചിരുന്ന ഒരു കാരണവരെയാണ്, കെ.എം. മാത്യു എന്ന ഏവര്‍ക്കും പ്രിയപ്പെട്ട മാത്തുക്കുട്ടിച്ചായന്റെ നിര്യാണത്തോടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്. ആ കര്‍മനിരതത്വംകൊണ്ടാവാം 'തൊണ്ണൂറ്റിനാലി'ലെ വിടപറയലും അകാലനിര്യാണമെന്ന തോന്നലുളവാക്കുന്നത്. സര്‍ സി.പി. രാമസ്വാമി അയ്യരുടെ മര്‍ദനതന്ത്രങ്ങളെ ചെറുത്തുനില്‍ക്കുകയും അങ്ങനെ പരതന്ത്രതയുടെ കാലത്ത് ക്രൂശിക്കപ്പെടുകയും ഒടുവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഒരു പത്രകുടുംബത്തിന്റെ ഔപചാരികനിലയില്‍ത്തന്നെയുള്ള കാരണവസ്ഥാനത്തേക്ക് അദ്ദേഹം അവരോധിതനായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ ഒരു മലയാള പത്രത്തെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുള്ള പത്രങ്ങളിലൊന്നാമതെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് മലയാളത്തിന്റെതന്നെ വിജയമാണ്. ഇന്ന് മലയാളിക്കും വേണ്ടാതായിക്കൊണ്ടിരിക്കുന്ന മലയാളത്തെയാണ് അദ്ദേഹം ആര്‍ക്കും അവഗണിക്കാനാവാത്ത ആ പദവിയില്‍ എത്തിച്ചത്! മലയാളത്തിനുവേണ്ടി ആരെവിടെ ശബ്ദമുയര്‍ത്തിയാലും അതിനെ പിന്തുണയ്ക്കുന്ന ഒരു മുഖപ്രസംഗം തന്റെ പത്രത്തിലുണ്ടാവണമെന്നദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. എനിക്ക് അത്ഭുതവും ആദരവും തോന്നിയ ഒരനുഭവം ഇവിടെ അനുസ്മരിക്കുന്നത് സംഗതമാണ്. ഞാന്‍ കലാമണ്ഡലത്തിന്റെ അധ്യക്ഷനായിരിക്കെ, അവിടത്തെ മഹനീയവും പരമ്പരാഗതവുമായ ഗുരുകുല രീതിയിലുള്ള അധ്യയനരീതി നിലനിര്‍ത്തിക്കൊണ്ടുതന്നെ അവിടത്തെ ഉന്നത പഠനം 'ബിരുദപരീക്ഷാപര്യവസിതം' (മുണ്ടശ്ശേരി മാസ്റ്ററോട് കടപ്പാട്) ആയിത്തീരാന്‍ വേണ്ടി ആ സ്ഥാപനം ഒരു കല്പിത സര്‍വകലാശാലയാക്കാനുള്ള ശ്രമം ഞങ്ങളാരംഭിക്കുകയുണ്ടായി. അതിനെതിരെ തെറ്റിദ്ധാരണകൊണ്ടോ സ്ഥാപിതതാത്പര്യങ്ങള്‍കൊണ്ടോ ചിലര്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ ഞങ്ങളുടെ ശ്രമത്തെ ശക്തമായി പിന്തുണച്ചൊരു മുഖപ്രസംഗംതന്നെ (അനപേക്ഷമായി) അദ്ദേഹം മനോഹരമായി എഴുതിയത് കൃതജ്ഞതാഭാരത്തോടെയാണ് ഞാനിന്നും ഓര്‍ക്കുന്നത്. മലയാളഭാഷയ്ക്കുവേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും 'പലതുള്ളി പെരുവെള്ള'മായി സംഭരിക്കുന്നതിനുവേണ്ടിയും സാധാരണക്കാര്‍ക്ക് ദുര്‍വഹമായ ഹൃദയശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിനു വേണ്ടിയുമെല്ലാം സഹകരിപ്പിക്കേണ്ടവരെയെല്ലാം സഹകരിപ്പിച്ചുകൊണ്ട് മനുഷ്യസ്‌നേഹപരമായ വലിയ പരിപാടികള്‍ വിഭാവനം ചെയ്യാനും സാക്ഷാത്കരിക്കാനും മാത്തുക്കുട്ടിച്ചായനു കഴിഞ്ഞിട്ടുണ്ട്. മലയാളത്തോടും വേദനിക്കുന്ന മനുഷ്യരോടും ഹൃദയതാളം തെറ്റിയവരോടുമെല്ലാം ഉത്കണ്ഠയുള്ളവരെ കണ്ടെത്തുവാനും സ്‌നേഹവാത്സല്യങ്ങളോടെ സഹകരണമാവശ്യപ്പെടാനും മനുഷ്യസ്‌നേഹിയും ഭാഷാ സ്‌നേഹിയും പ്രകൃതിസ്‌നേഹിയുമായ ആ പത്രാധിപര്‍ക്ക് സാധിച്ചത് ആയിരങ്ങളുടെ സുഗന്ധസ്മരണയാണിന്ന്.'എട്ടാമത്തെ മോതിരം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ആത്മകഥ, മലയാളത്തിലെ ആത്മകഥാശാഖയില്‍ തനതായൊരുയര്‍ന്ന സ്ഥാനം നേടിയിരിക്കുന്നു. ഇളന്നീരിന്റെ തെളിമയും കുളിര്‍മയുമുള്ള ഭാഷയില്‍, സ്വന്തം ജീവിതത്തിന്റെയും പത്രകുടുംബത്തിന്റെയും എല്ലാറ്റിനും പശ്ചാത്തലമായ സ്വന്തം ദേശത്തിന്റെയും കഥകള്‍ കോര്‍ത്തിണക്കിപ്പറയുന്ന ആ പുസ്തകം ഒരു ചരിത്രരേഖകൂടിയാണ്; ഒരു പഴയ ഇതിഹാസത്തിന് പുതിയ കാലത്തിന്റെ 'ഒരനുബന്ധ'മാണ്. മാത്തുക്കുട്ടിച്ചായന്റെ സ്‌നേഹസൗഹൃദങ്ങള്‍ ഇനി ഓര്‍മയിലെ വിശിഷ്ടഗന്ധമാണ്. മഹാരഥന്മാര്‍ പലരുടെയും രഥങ്ങള്‍ അനന്തതയിലേക്ക് പാഞ്ഞുമറയുന്നതുനോക്കി നില്‍ക്കുമ്പോഴുണ്ടാവുന്ന ഒരു ശൂന്യതയാണിപ്പോള്‍ അനുഭവപ്പെടുന്നത്.






കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു.
