നിനച്ചിരിക്കാതെ ആശംസയും ഉപഹാരവും; പഴയകാലമോര്‍ത്ത് ഗൗരിയമ്മ
Posted on: 31 May 2010
53 വര്‍ഷംമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1957 മെയ് 30-ന്റെ ഓര്‍മ്മകളിലേക്കാണ് ഏവരെയും കൂട്ടിക്കൊണ്ടുപോയത്. അന്നായിരുന്നു ഗൗരിയമ്മയുടെയും ടി.വി. തോമസ്സിന്റെയും വിവാഹം. മാതൃഭൂമിയുടെ 14-ാമത് എഡിഷന്റെ ഉദ്ഘാടനദിനം ഗൗരിയമ്മയുടെ 53-ാം വിവാഹവാര്‍ഷികദിനംകൂടി ആണെന്നത് ഏറെ അത്ഭുതമുളവാക്കുന്നതായി.പ്രതീക്ഷിക്കാതെ വന്ന ആ അറിയിപ്പില്‍ ഗൗരിയമ്മ എല്ലാം ഓര്‍ത്തിട്ടുണ്ടാവാം. എന്നാല്‍, ഒന്നും ഓര്‍ക്കാത്തപോലെ അവര്‍ മൈക്കിനു മുന്നില്‍ വന്നു. വിവാഹദിനത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതിന് നന്ദി പറഞ്ഞ് മറ്റുകാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ലെന്ന് പറഞ്ഞ് ഗൗരിയമ്മ ഉയര്‍ന്നിരുന്ന മൈക്ക് അല്പം താഴ്ത്തിവച്ചു.
പിന്നീട് പറഞ്ഞതെല്ലാം ആലപ്പുഴയില്‍ മാതൃഭൂമി എത്തുന്നതിന്റെ സന്തോഷത്തെക്കുറിച്ച്.
''ആലപ്പുഴയുടെ വികസനത്തിന് കയറും കൃഷിയും മാത്രം പോരാ. ആലപ്പുഴയുടെ മറഞ്ഞുപോയ പ്രതാപം കൂടി വീണ്ടെടുക്കണം. കിഴക്കിന്റെ വെനീസിന്റെ നഷ്ടപ്പെട്ട ആ പ്രൗഢി വീണ്ടെടുക്കാന്‍ മാതൃഭൂമി ഉണ്ടാവണം.''
സംസാരം അവസാനിപ്പിക്കുംമുമ്പ് അവര്‍ ഒന്നുകൂടി പറഞ്ഞു. ''പത്രധര്‍മ്മം എന്നാല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കലല്ല, യഥാര്‍ഥ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കലാണ്''.
പ്രസംഗം അവസാനിപ്പിച്ച ഗൗരിയമ്മയെത്തേടി വീണ്ടുമെത്തി മറ്റൊരത്ഭുതം. 1957 ജൂണ്‍ 14ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെയും ടി.വി. തോമസ്സിന്റെയും വിവാഹഫോട്ടോ ഉള്‍ക്കൊള്ളുന്ന പത്രത്തിന്റെ ഫ്രെയിം ചെയ്ത കോപ്പി മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ 53-ാം വിവാഹവാര്‍ഷിക ദിനോപഹാരമായി ഗൗരിയമ്മയ്ക്ക് സമര്‍പ്പിച്ചു.
വേദിയിലെയും സദസ്സിലെയും വ്യക്തികളെ ഒരുപോലെ സന്തോഷിപ്പിച്ച ആ നിമിഷത്തിനുശേഷം ഏവരുടെയും ശ്രദ്ധ ആ വിവാഹഫോട്ടോയിലേക്കായി. വേദിയിലെ നേതാക്കളില്‍ പലരും സന്തോഷത്തോടെ ആ ഫോട്ടോഗ്രാഫ് നോക്കി പഴയ ഓര്‍മ്മകള്‍ പങ്കുവച്ചു. സദസ്സിലേക്കിറങ്ങിയപ്പോഴും ഗൗരിയമ്മയ്ക്ക് വിവാഹവാര്‍ഷികദിനാശംസകളുമായി പലരുമെത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ പത്‌നി ഉഷാ വീരേന്ദ്രകുമാറും ആശംസ നേരാന്‍ എത്തിയിരുന്നു.




ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി.
