അസ്തമിക്കാത്ത ഉദയ
Posted on: 29 May 2010
പാതിരപ്പള്ളി കൊച്ചുപ്രദേശമാണ്. പക്ഷേ ഒരുകാലത്ത് ഏതുപാതിരയ്ക്കും നക്ഷത്രങ്ങള്‍ തെളിഞ്ഞുനിന്ന സ്ഥലമാണത്. ഉദയാസ്റ്റുഡിയോയുടെ നാട്.ഉദയായുടെ ചരിത്രം അസ്തമിക്കാത്ത ഇതിഹാസമാണ്. മലയാളസിനിമ കരഞ്ഞുപിറന്ന ഈറ്റില്ലം. അവിടെനിന്നാണ് ചിത്രങ്ങള്‍ ചലിച്ചുതുടങ്ങിയത്. ഒരു സിനിമയോളം ഭാവതീവ്രമായ കഥയുണ്ട് അതിന്. നഷ്ടപ്പെടലും വെട്ടിപ്പിടിക്കലും കണ്ണീരും സ്വപ്നങ്ങളുമെല്ലാം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍. കുഞ്ചാക്കോ എന്ന കുട്ടനാട്ടുകാരനായിരുന്നു അതിലെ നായകന്‍.
വെറുമൊരു തുന്നല്‍ക്കാരനായിരുന്ന എന്നെ വടക്കന്‍പാട്ടുകളുടെ കഥാകാരനാക്കിയ ഇന്ദ്രജാലമായിരുന്നു ഉദയായുടേത്. പാതിരപ്പള്ളിയിലെ ഓലപ്പുരയില്‍ നിന്ന് കോട്ടേജുകളിലേക്ക് വളര്‍ന്ന ഒരു പ്രസ്ഥാനത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിന്റെ ധന്യത.
കുഞ്ചാക്കോ എന്ന മനുഷ്യന്റെ വാശിയില്‍ നിന്നാണ് ഉദയാ പിറക്കുന്നത്. പുളിങ്കുന്നിലെ മാളിയേക്കല്‍ തറവാട്ടിലെ സന്തതി മലയാളസിനിമയുടെ തലതൊട്ടപ്പനായി മാറിയതിനുപിന്നില്‍ അമ്പരപ്പിക്കുന്ന സംഭവങ്ങളുണ്ട്. തൃശ്ശിനാപ്പള്ളിയില്‍ ഇന്റര്‍മീഡിയറ്റ് പഠനം കഴിഞ്ഞ് നാട്ടിലെത്തിയ കുഞ്ചാക്കോ അപ്പനുമായി ഉരസിയാണ് ആലപ്പുഴയിലെത്തുന്നത്. വഴിച്ചേരിയില്‍ കയര്‍ കമ്പനിതുടങ്ങുമ്പോള്‍ തോല്‍ക്കാന്‍കൂട്ടാക്കാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. മത്സരബുദ്ധിയോടെ കച്ചവടം ചെയ്ത കുഞ്ചാക്കോ കയറിന്റെ രാജാവായി. വടക്കന്‍പറവൂരില്‍ ഓയില്‍മില്‍ വാങ്ങിയതോടെ പുതിയ തീരങ്ങളിലേക്ക് ആ കുട്ടനാട്ടുകാരന്‍ തുഴഞ്ഞുചെന്നു. പുതിയ വ്യവസായങ്ങള്‍ കുഞ്ചാക്കോ എന്നയാളെ കുഞ്ചാക്കോമുതലാളിയാക്കി.
പാതിരപ്പള്ളിയില്‍ ആര്‍ഭാടപൂര്‍വ്വമായിരുന്നു ജീവിതം. മുറ്റത്ത് കളിക്കളവും കൂട്ടുകാരുമൊക്കെയായി ഓരോദിവസവും ആഘോഷമാക്കിയ കുഞ്ചാക്കോ പാതിരപ്പള്ളിക്കാര്‍ക്ക് പരിചിതനായിരുന്നു. യൗവനതീക്ഷ്ണമായ ആ നാളുകളിലൊന്നില്‍ പള്ളിയില്‍പ്പോകും വഴി കുഞ്ചാക്കോ അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടു,മോഹിച്ചു,അധികം വൈകാതെ സ്വന്തമാക്കി. പക്ഷേ അല്പായുസ്സായിരുന്നു ആ ദാമ്പത്യം. ഭാര്യയുടെ മരണം കുഞ്ചാക്കോയെ ആകെ തകര്‍ത്തു. താടിയും മുടിയും നീട്ടി വളര്‍ത്തി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് മദ്യത്തില്‍ മുങ്ങിച്ചാകാന്‍ തീരുമാനിച്ചു നടന്ന സുഹൃത്തിനെ ടി.വി.തോമസാണ് ആശ്വാസത്തിന്റെ വഴിയിലേക്ക് തോളുചേര്‍ത്ത്‌കൊണ്ടുപോയത്. ഫുട്‌ബോള്‍ഗ്രൗണ്ടില്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരായിരുന്നു കുഞ്ചാക്കോയും,ടി.വിയും. അതിതീവ്രമായ സൗഹൃദം. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നിരാശാഭരിതനായിരുന്ന കുഞ്ചാക്കോയേയും കൂട്ടി ടി.വി.തോമസ് എറണാകുളത്ത് മേനകാ തീയറ്ററിലേക്കാണ് പോയത്. അവിടെ ഒരു ഇംഗ്ലീഷ് പടമാണ് കളിച്ചിരുന്നത്. ഭര്‍ത്താവ് മരിച്ച ഒരു യുവതി ഭ്രാന്തമായ അവസ്ഥയില്‍അദ്ദേഹത്തിന്റെ കുഴിമാടത്തിലെത്തുന്നതും അവസാനം ശ്മശാനംകാവല്‍ക്കാരന്റെ കരവലയത്തില്‍ അഭയം തേടുന്നതുമായിരുന്നു ആ സിനിമയുടെ കഥ. തീയറ്റര്‍വിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ കുഞ്ചാക്കോയോട് ടി.വി.പറഞ്ഞു..ഹ്രകണ്ടോ...ഇത്രയേ ഉള്ളൂ ചാക്കോച്ചാ ജീവിതം...ഹ്രതിരിച്ചുവന്ന കുഞ്ചാക്കോ കള്ളുകച്ചവടത്തില്‍ ലഹരികണ്ടെത്തി. ഷാപ്പുകളില്‍ ബഞ്ചും ഡസ്‌കുമിട്ട് കുപ്പിയിലാക്കി കള്ളുകൊടുത്ത് വിപ്ലവം സൃഷ്ടിച്ചു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഹ്ലാദത്തില്‍ രണ്ടാമത് വിവാഹം കഴിച്ചു. അതായിരുന്നു അന്നമ്മ. സിനിമയോട് കുഞ്ചാക്കോക്ക് ഇഷ്ടം തോന്നിത്തുടങ്ങിയതും അക്കാലത്താണ്. അങ്ങനെ ഉദയാപിക്‌ചേഴ്‌സ് ജനിക്കുന്നു. വെള്ളിനക്ഷത്രമായിരുന്നു ആദ്യസിനിമ. മുതുകുളം എഴുതി കുട്ടനാട്ടുകാരന്‍ കെ.രാമകൃഷ്ണപിള്ള അഭിനയിച്ച ആ ചലച്ചിത്രത്തിലൂടെ മലയാളസിനിമയുടെ ആകാശത്ത് തിരുപ്പിറവിയുടെ നക്ഷത്രങ്ങള്‍ ഉദിച്ചു.
പക്ഷേ വെള്ളിനക്ഷത്രം വേണ്ടത്ര പ്രകാശിച്ചില്ല. തിരിച്ചടികളില്‍ പെട്ടെന്നുലഞ്ഞ കുഞ്ചാക്കോയുടെ കൂട്ടിന് ഇക്കുറിയെത്തിയത് മറ്റൊരു സുഹൃത്താണ്. കെ.ആന്‍ഡ്.കെ.പ്രൊഡക്ഷനിലെ കോശി. ടി.വി.തോമസ് എറണാകുളത്തുകൊണ്ടുപോയപോലെ കോശി കുഞ്ചാക്കോയെ ചേര്‍ത്തലക്കടുത്ത് ഒരു ഗ്രാമത്തിലെ ഓലക്കൊട്ടകയിലേക്ക് കൊണ്ടുപോയി. അവിടെ നല്ലതങ്ക എന്ന തമിഴ് സിനിമയായിരുന്നു ഓടിയിരുന്നത്. നിലത്ത് കുത്തിയിരുന്ന് ഒരു ഗ്രാമം മുഴുവന്‍ സിനിമകണ്ട് കരയുന്നത് കോശി കുഞ്ചാക്കോയെ കാണിച്ചുകൊടുത്തു. നാട്ടിന്‍പുറത്തെപെണ്ണുങ്ങള്‍ ചകിരി പിരിച്ചുണ്ടാക്കിയ കാശ് തമിഴന്‍വാരിക്കൊണ്ടുപോകുന്നതു കണ്ട അവര്‍ തീരുമാനിച്ചു;നല്ലതങ്ക മലയാളത്തിലെടുക്കാന്‍.ആ സിനിമയിലൂടെ ഉദയായുടെ ഭൂഗോളം വളര്‍ന്നുതുടങ്ങി. കേരളം നല്ലതങ്കയെ ഏറ്റെടുത്തു. അതിനുശേഷം ജീവിതനൗകയുടെ ഊഴമായിരുന്നു. അതിലൂടെ കുഞ്ചാക്കോ കടലുകീഴടക്കിയ കപ്പിത്തനായി. ജീവിതനൗകയിലേറി മലയാളി പുതിയ സിനിമാ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങള്‍ കണ്ടെത്തി. ഇന്നും മങ്ങാത്ത അഭ്രകാവ്യമാണത്.
പാതിരപ്പള്ളിയിലെ ഓലമേഞ്ഞ ഒറ്റ ഫ്‌ളോറിലാണ് ഈ സിനിമകളൊക്കെയും പിറന്നത്. അതായിരുന്നു ഉദയായുടെ ആദ്യസീനുകള്‍. ജീവിതനൗകയ്ക്കുശേഷം കോശി കുഞ്ചാക്കോയെ വിട്ട് സ്വന്തമായി പടംപിടിച്ചുതുടങ്ങി. ഒറ്റയാള്‍പട്ടാളമായി തുടര്‍ന്ന കുഞ്ചാക്കോ പിന്നെ ഒരു ഹിന്ദിസിനിമയുടെ റീമേക്കെടുത്തു.കിടപ്പാടം എന്ന പേരില്‍. അത് നഷ്ടക്കച്ചവടമായിരുന്നു. ഉദയായുടെ അടിത്തറഇളക്കിയ ആ സിനിമ ജപ്തിഭീഷണിയില്‍വരെ കുഞ്ചാക്കോയെ എത്തിച്ചു. അനുജന്‍ അപ്പച്ചന്റെ പേരില്‍ സ്റ്റുഡിയോയും പാതിരപ്പള്ളിയിലെ സ്വത്തുക്കളുമെല്ലാം എഴുതിക്കൊടുത്ത് ആ മനുഷ്യന്‍ കാടുകയറി.
നിലമ്പൂര്‍കാടുകളില്‍ വെയിലും മഴയുമേറ്റ് കുഞ്ചാക്കോ അദ്ധ്വാനിച്ചു. അട്ടകടിയേറ്റും ചേരനീരാക്കിയും പണിയെടുക്കുകയായിരുന്നു ആ നിര്‍മ്മാതാവ്. ഉടുപ്പൂരിയാല്‍ കഠിനാദ്ധ്വാനത്തിന്റെ മായാത്ത അടയാളംപോലെ കയ്യില്ലാത്തബനിയന്റെ പാട് കുഞ്ചാക്കോയുടെ ശരീരത്തില്‍ പതിഞ്ഞുകിടന്നു. ഈ കാലമത്രയും ശ്രീരാമന്റെ പാദുകങ്ങള്‍ പൂജിച്ചുകഴിഞ്ഞ ഭരതനെപ്പോലെ ഉദയായെ കാത്തുസൂക്ഷിക്കുകയായിരുന്നു അപ്പച്ചന്‍.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നകാലമായിരുന്നു അത്. ടി.വി.തോമസ് മന്ത്രിയായി. ഉദയാസ്റ്റുഡിയോയുടെ പുനരുദ്ധാരണത്തിനായി കുഞ്ചാക്കോ ടി.വിയുടെ സഹായംതേടി. 75000രൂപയാണ് വായ്പയായി അനുവദിക്കപ്പെട്ടത്. ആ പണംകൊണ്ട് ഉമ്മ എന്ന സിനിമയെടുക്കാന്‍ കുഞ്ചാക്കോ തീരുമാനിച്ചു.
ആലപ്പുഴയിലെ റബ്ബര്‍ഫാക്ടറിയില്‍ തയ്യല്‍ക്കാരനായിരുന്ന ശാരങ്ഗപാണി എന്ന ഈ പാവപ്പെട്ടവന്‍ ഉദയായുടെ ഫ്രയിമിലേക്ക് കയറിവരുന്നത് ഇവിടെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി തയ്യല്‍മെഷീനു മുകളില്‍ വച്ച് നാടകമെഴുതുന്ന ഒരുവനെത്തേടി കുഞ്ചാക്കോയുടെ സ്റ്റുഡിബേക്കര്‍കാര്‍ വരികയാണ്. ഉമ്മയ്ക്കുവേണ്ടി മുസ്ലീം സ്ലാങ്ങിലുള്ള സംഭാഷണമെഴുതാന്‍ കഴിയുന്ന ആളെത്തേടിയുള്ള അന്വേഷണം ഒടുവില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതിയ എന്നില്‍ അവസാനിക്കുകയായിരുന്നു.
ജോലിചെയ്തിരുന്ന വേഷത്തില്‍ ഞാന്‍ കാറില്‍ കയറി. ഉദയായിലെ മുറിയില്‍ പൗഡറിട്ട് ഒരു സിനിമാനടനെപ്പോലെ പ്രത്യക്ഷപ്പെട്ട കുഞ്ചാക്കോക്കുമുന്നില്‍ വിയര്‍പ്പിന്റേയും റബ്ബറിന്റേയും ഗന്ധവുമായി നിന്നു. നിര്‍ത്തിക്കൊണ്ടായിരുന്നു സംസാരം. അഞ്ചുസീന്‍ തരാം..എഴുതിത്തരാമോ എന്നായിരുന്നു ചോദ്യം. സമ്മതിച്ചപ്പോള്‍ കടലാസും പേനയും തന്ന് മുകളിലുള്ള മുറിയിലേക്കയച്ചു.
കുഞ്ചാക്കോയ്ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ എഴുതിയഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഒാര്‍ത്തില്ല ജീവിതമാകെ മാറ്റിമറിച്ച തിരനാടകത്തിന്റെ ആദ്യരംഗമായിരിക്കും അതെന്ന്. കേട്ടുകഴിഞ്ഞപ്പോള്‍ ഫാക്ടറിയില്‍ എന്തു കിട്ടുമെന്നായി കുഞ്ചാക്കോ. തൊണ്ണൂറുരൂപയെന്നു പറഞ്ഞപ്പോള്‍ അത്രയും കാശുതരാം തിരക്കഥയെഴുതിത്തരാമോ എന്നായി. ഞാന്‍ സമ്മതിച്ചു. കുഞ്ചാക്കോയുടെ വീട്ടില്‍ താമസിച്ചായിരുന്നു എഴുത്ത്. ആദ്യകാഴ്ചയില്‍ എന്നെ നിര്‍ത്തിക്കൊണ്ട് സംസാരിച്ച കുഞ്ചാക്കോമുതലാളി പതിയെ സ്‌നേഹപൂര്‍വ്വം പെരുമാറാന്‍ തുടങ്ങി.
ഉമ്മ തീയറ്റില്‍ കാണാന്‍ ഒരുമിച്ചാണ് പോയത്. അന്ന് തീയറ്ററില്‍ നിന്ന് ഞാന്‍ പിന്നിലും മുതലാളി മുന്നിലുമായി കാറില്‍ കയറി. ഏറെക്കാലം നീണ്ടുനിന്ന് യാത്രയുടെ ആരംഭം. രണ്ടാമത്തെ ചിത്രമായ സീതയുടെ വിജയത്തിനുശേഷം ഒരു വടക്കന്‍പാട്ടുകഥ ചെയ്താലോ എന്നായി ആലോചന. പെണ്ണിനു പെരുവഴിയില്‍ നടക്കാന്‍ വാളെടുത്ത ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാക്കാമെന്ന് പറഞ്ഞത് ഞാനാണ്. മലയാളസിനിമയിലെ ഏക്കാലത്തേയും വലിയ വീരഗാഥകളുണ്ടായത് അങ്ങനെയാണ്. എത്രയോ സിനിമകള്‍. ഞാന്‍ ഉദയായുടെ ശമ്പളക്കാരനായി. പ്രതിഫലം നൂറ്റിയമ്പതും മുന്നൂറ്റിയമ്പതുമായി ഉയര്‍ന്നു. സ്റ്റുഡിയോഫ്‌ളോറുകള്‍ മൂന്നായി. എസ്.കൊന്നനാട്ടിന്റെ കരവിരുതില്‍ അവിടെ അല്ലിമലര്‍ക്കാവും അങ്കത്തട്ടും അരയന്നത്തോണികളും നിറഞ്ഞു. നസീറിനും രാഗിണിക്കും എസ്.പി.പിള്ളക്കും കോട്ടേജുകളുണ്ടായി.
കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ ഈ സിനിമകളില്‍ അഭിനയിച്ചിരുന്നു. മുതലാളിയുടെ മരണശേഷം ബോബന്‍ ഉദയായുടെ സാരഥിയായി. അപ്പച്ചന്‍ ഭാഗം ചോദിച്ച് പിരിഞ്ഞ് നവോദയ ഉണ്ടാക്കി.
ഈ കഥകളില്‍ ഭൂരിഭാഗവും ടി.വി തോമസും കുഞ്ചാക്കോയുമൊക്കെ പറഞ്ഞു തന്നതാണ്. പക്ഷേ അവരാരും പറയാത്ത,എനിക്കിപ്പോഴും അറിയാത്ത ഒന്നുണ്ട്. ഉദയാ എന്നുപേരിട്ടതും ആ പൂവന്‍കോഴിയേയും ഭൂഗോളത്തേയും ഉണ്ടാക്കിയതും ആരാണെന്ന്...വിന്‍സെന്റ് മാസ്റ്റര്‍ ആണ് അത് പുതുക്കിസൃഷ്ടിച്ചതെന്നു മാത്രമറിയാം. ഉദയാ അസ്തമിച്ചുവെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം അത് മലയാളിയുടെ ഹൃദയത്തില്‍ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു.




ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി.
