വിമാന ദുരന്തം രക്ഷപ്പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ജോലി വാഗ്ദാനം ചെയ്തു
Posted on: 25 May 2010
മംഗലാപുരം: മംഗലാപുരം വിമാനദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുപേര്‍ക്ക് എയര്‍ ഇന്ത്യ ജോലി വാഗ്ദാനം ചെയ്തു.രക്ഷപ്പെട്ടവരില്‍ ഗള്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് മടങ്ങിപ്പോകാന്‍ താത്പര്യമുണ്ടെങ്കില്‍ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് കമ്പനി ചെയര്‍മാനും എം.ഡി.യുമായ അരവിന്ദ് ജാദവ് പറഞ്ഞു. ഇന്ത്യയില്‍ത്തന്നെ തുടരാനാണ് താത്പര്യമെങ്കില്‍ എയര്‍ ഇന്ത്യ അനുയോജ്യമായ ജോലി നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷപ്പെട്ട എട്ടുപേരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും നല്കാന്‍ 150 അംഗ സംഘത്തെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ ഓരോരുത്തര്‍ക്കും ഓരോ കുടുംബത്തിന്റെ ചുമതലയുണ്ടാകും. തിരിച്ചറിയാത്ത 22 മൃതദേഹങ്ങളുടെ ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കുംവരെ ഈ സംഘം നിലവിലുണ്ടാകും. ദുരന്തത്തിനിരയായവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ഇന്‍ഷുറന്‍സ് എന്നിവയുമായി ചര്‍ച്ച നടത്തിവരികയാണ്- അരവിന്ദ് ജാദവ് പറഞ്ഞു.



