അവസാനനിമിഷം ജോലിക്കെത്തി; അലി ഓര്‍മയായി
Posted on: 24 May 2010
ഭോപ്പാല്‍: ഹോട്ടല്‍വ്യവസായമേഖലയില്‍ ജോലിക്ക് ചേരാന്‍ കഴിഞ്ഞയാഴ്ചയാണ് മുഹമ്മദ് അലി എയര്‍ഇന്ത്യയിലെ ജോലി രാജിവെച്ചത്. പക്ഷേ, വിധി അലിക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. മംഗലാപുരത്ത് ശനിയാഴ്ച കത്തിയമര്‍ന്ന വിമാനത്തില്‍ അലിയുമുണ്ടായിരുന്നു, ഫൈ്‌ളറ്റ് സ്റ്റ്യുവാഡായി.രാജിവെച്ചെങ്കിലും നോട്ടീസ് കാലം കഴിയുംവരെ എയര്‍ഇന്ത്യയില്‍ തുടരുകയായിരുന്നു അലി. മംഗലാപുരം വിമാനത്താവളത്തില്‍ തങ്ങിയ അദ്ദേഹത്തോട് അവസാന നിമിഷമാണ് മംഗലാപുരം- ദുബായ് വിമാനത്തില്‍ ജോലിക്കെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തകരിലൊരാള്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്തതിനാല്‍ അലിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇരുപത്തിനാലുകാരനായ അലി ഭോപ്പാല്‍ സ്വദേശിയാണ്. 2008-ലാണ് എയര്‍ഇന്ത്യയില്‍ ഫൈ്‌ളറ്റ് സ്റ്റ്യുവാഡായി ചേര്‍ന്നത്. ഈ മാസം 19-നാണ് അവസാനമായി അലി വീട്ടിലെത്തിയത്.
വിമാനാപകടസമയത്ത് ഡല്‍ഹിയിലായിരുന്ന അലിയുടെ പിതാവ് മുഹമ്മദ് ഷവര്‍ അലി മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മംഗലാപുരത്തേക്ക് തിരിച്ചു.



