വിമാനം 'ഇടിച്ചിറക്കല്‍' എയര്‍ ഇന്ത്യ നിര്‍ദേശം വിമര്‍ശിക്കപ്പെടുന്നു
Posted on: 31 May 2010
ന്യൂഡല്‍ഹി: വിമാനമിറക്കുന്നതു സംബന്ധിച്ച് എയര്‍ ഇന്ത്യയുടെ ചില മാനദണ്ഡങ്ങള്‍ പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആരോപണം മംഗലാപുരം ദുരന്തത്തെത്തുടര്‍ന്ന് ശക്തമായി. വിമാനം നിലത്ത് 'ഇടിച്ചിറക്കുന്നത്' ഒഴിവാക്കണമെന്ന നിര്‍ദേശമാണ് പൈലറ്റുമാരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്.റണ്‍വേയില്‍ വിമാനത്തിന്റെ ചക്രം തൊടുന്ന രേഖയില്‍ നിന്നും മുന്നോട്ടുകുറച്ചുകൂടി പറന്നിറങ്ങുമ്പോള്‍ സുഖകരമായ ലാന്‍ഡിങ് സാധിക്കാറുണ്ട്. എയര്‍ ഇന്ത്യയുടെ നിര്‍ദേശം കണക്കിലെടുത്ത് പല പൈലറ്റുമാരും ഇപ്പോള്‍ റണ്‍വേയില്‍ കുറച്ചുകൂടി മുന്നിലേക്ക് പോയി ഇറങ്ങുന്നതാണ് പതിവ്.
രണ്ടുതവണ മോശമായ ലാന്‍ഡിങ് പരാതി ലഭിച്ചാല്‍ ആ പൈലറ്റിനെ പരിശീലനത്തിനു വിടുകയാണ് ചെയ്യുന്നത്. ഇതൊഴിവാക്കാന്‍ മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റും മുന്നോട്ടു പറന്നിട്ടുണ്ടാകാമെന്ന് കരുതുന്നവരുണ്ട്. അവിടെ, 2000 അടിവരെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടിയ വേഗത്തില്‍ 'സ്മൂത്ത്' ലാന്‍ഡിങ്ങിന് ശ്രമിച്ചതാകാം അപകടത്തിന് കാരണമായതെന്ന് പൈലറ്റുമാര്‍ സംശയിക്കുന്നു.
ഇടിച്ചിറക്കല്‍ എന്ന് യാത്രക്കാര്‍ പറയുന്ന ലാന്‍ഡിങ് കുറച്ചുകൂടി സുരക്ഷിതമാണ്. അതിനിടെ, മംഗലാപുരം വിമാനത്താവളത്തില്‍ അപ്രോച്ച് റഡാര്‍ ഇല്ലാതിരുന്നതും അപകടത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡല്‍ഹിയിലും മുംബൈയിലും അപ്രോച്ച് റഡാറുകളുണ്ട്. മംഗലാപുരത്ത് പൈലറ്റുമാര്‍ തങ്ങളുടെ കണക്കുകൂട്ടലില്‍ മുന്നോട്ടുപോയി എന്നുവേണം കരുതാനെന്ന് വ്യോമയാന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.



