എബൗട്ട് എല്ലിയും ജര്‍മലും സുവര്‍ണ ചകോരം പങ്കിട്ടു
Posted on: 18 Dec 2009
തിരുവനന്തപുരം: ഇറാനിയന്‍ ചിത്രമായ 'എബൗട്ട് എല്ലി'യും ഇന്തോനേഷ്യന്‍ ചിത്രം 'ജര്‍മ്മലു'ഉം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അവാര്‍ഡ് പങ്കിട്ടു. താജിക്കിസ്താന്‍ ചിത്രം 'ട്രൂ നൂണിന്റെ' സംവിധായകന്‍ നോസിര്‍ സിയദോവ് മികച്ച സംവിധായകനുള്ള രജത ചകോരത്തിനും അര്‍ഹനായി. പത്ത് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് സുവര്‍ണ ചകോരം പുരസ്‌കാരം. രജത ചകോരം അവാര്‍ഡിന് പുറമേ മൂന്ന് ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് അര്‍ഹനായത് ദക്ഷിണാഫ്രിക്കന്‍ ചിത്രമായ മൈ സീക്രട്ട് സ്‌കൈയുടെ സംവിധായകന്‍ മഡോഡ മകിയാനയാണ്.മത്സരവിഭാഗത്തിലെ മികച്ച ചിത്രമായി രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ ഫെഡറേഷന്‍(ഫിപ്രസി) തിരഞ്ഞെടുത്തത് ഗബ്രിയേല ഡേവിഡ് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം ഫ്‌ളൈ ഇന്‍ ദ ആഷസാണ്. മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം 'പത്താം നിലയിലെ തീവണ്ടി' നേടി.
ഏഷ്യയില്‍ നിന്നുള്ള മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് അവാര്‍ഡ് ഇന്തോനേഷ്യന്‍ ചിത്രം ജര്‍മ്മലും മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് 'കേരള കഫേ' ക്കും ലഭിച്ചു.
മേളയിലെ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത് താജിക്കിസ്താനില്‍ നിന്നുള്ള 'ട്രൂ നൂണ്‍' ആണ്. ഇറാനിയന്‍ ചിത്രമായ എബൗട്ട് എല്ലിയിലൂടെ അസ്ഗര്‍ ഫര്‍ഗാദി ഐ.എഫ്.എഫ്.കെയില്‍ ഇത് രണ്ടാം തവണയാണ് സുവര്‍ണ ചകോരം നേടുന്നത്. 2006 ലെ മേളയില്‍ അസ്ഗര്‍ ഫെഗാദി 'ഫയര്‍ വര്‍ക്‌സ് വെനസ്‌ഡേ' എന്ന ചിത്രത്തിലൂടെ സുവര്‍ണ ചകോരം സ്വന്തമാക്കിയിരുന്നു.
ഹരിശ്ചന്ദ്രാചി ഫാക്ടറിയുടെ സംവിധായകന്‍ പരേഷ് മൊകാഷിക്കാണ് നവാഗത ഇന്ത്യന്‍ സംവിധായകനുള്ള ഹസന്‍കുട്ടി അവാര്‍ഡിന് അര്‍ഹനായത്. സുപ്രസിദ്ധ സംവിധായകയായ മീര നായര്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം






