കലാജീവിതം നല്‍കിയത് അവഗണനയും നന്ദികേടും
Posted on: 25 Oct 2009
പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതം അടൂര്‍ സഹോദരിമാര്‍ക്കു തിരിച്ചു നല്‍കിയത് അവഗണനയും നന്ദികേടും മാത്രം. അടൂരിലെ പന്നിവിഴയിലെ വീട്ടില്‍ മകന്‍ രാജീവ്കുമാറിനൊപ്പമാണ് ഭവാനി തന്റെ ജീവിതസായാഹ്നം കഴിച്ചുകൂട്ടിയത്്. ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ പന്ത്രണ്ടു വര്‍ഷം മുമ്പു മരിച്ചു. അവസാന കാലത്ത് ഓര്‍മയും കാഴ്ചയും നന്നേ കുറഞ്ഞിരുന്നു. ഒരു ജന്മത്തിന്റെ നല്ല കാലം മുഴുവനും നാടകത്തിനും സിനിമയ്ക്കും വേണ്ടി സമര്‍പ്പിക്കുകയായിരുന്നു അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും. അടൂര്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടു മക്കളില്‍ കലാരംഗത്തേക്കു കടന്നുവന്നവര്‍ ഭവാനിയും പങ്കജവുമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിലാണ് പങ്കജം നാടകരംഗത്തെത്തുന്നതെങ്കില്‍ നാടകത്തിനു മുന്‍പെ സിനിമയില്‍ ചേരാനുള്ള നിയോഗമാണ് ഭവാനിയ്ക്കുണ്ടായത്. പക്ഷേ, രണ്ടു മേഖലകളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞത് കലയോടുള്ള സ്‌നേഹം ഒന്നുകാണ്ടു മാത്രമാണ്. കെപി.എ.സി.യായിരുന്നു ഭവാനിയുടെ നാടകപാഠശാല.'മൂലധനം', 'മുടിയനായ പുത്രന്‍', 'യുദ്ധകാണ്ഡം','തുലാഭാരം', 'അശ്വമേധം' തുടങ്ങിയ നാടകങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാനുള്ള ഭാഗ്യം ഭവാനിക്കുണ്ടായി.
ചലച്ചിത്ര അഭിനയത്തിന്റെ തിരക്കിനിടയിലും ഭവാനിയുടെയും പങ്കജത്തിന്റെയും നാടക മോഹങ്ങള്‍ക്ക് തിരശീല വീണില്ല. ഭവാനി, അടൂര്‍ 'മാതാ തിയറ്റേഴ്‌സും' പങ്കജം അടൂര്‍ 'ജയ തിയറ്റേഴ്‌സും' തുടങ്ങിയെങ്കിലും രണ്ടു നാടകസമിതികളും ഭവാനിയെയും പങ്കജത്തെയും കടക്കെണിയിലാക്കുകയാണുണ്ടായത്. അതോടെ നാടക രംഗത്തുനിന്ന് ഇരുവരും പിന്മാറി.
'ശരിയോ തെറ്റോ' ആണ് ആദ്യ സിനിമ. 'കള്ളിച്ചെല്ലമ്മ'യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി- മെഡിമിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 'സേതുരാമയ്യര്‍ സി.ബി.ഐ'യാണ് അവസാന ചിത്രം. അവസാന കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു അവര്‍. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് പ്രക്ഷക മനസില്‍ അടൂര്‍ ഭവാനി ഇടം നേടിയിരുന്നു.










