ലതയുടെ കുയില്‍സ്‌നേഹവും ശിവാജിഗണേശന്റെ 'കുയില്‍വിരുന്നും'
Posted on: 28 Sep 2009
1985 മേയ് 15ാം തിയ്യതിയിലെ പത്രത്തിലെ ഒരു വാര്‍ത്ത 'ഗാനകോകിലം' ലതാമങ്കേഷ്‌കറിന് പ്രകൃതിയില്‍ സംഗീതത്തിന്റെ അലകള്‍ സൃഷ്ടിക്കുന്ന പാട്ടും പക്ഷി കുയിലിനോടുള്ള നിസ്സീമമായ സ്‌നേഹവും ദയയും വിളിച്ചറിയിക്കുന്നു. ശിവാജിഗണേശന്റെ അതിഥിയായി എത്തുന്നു 'ഗാനകോകിലം' ലതാമങ്കേഷ്‌കര്‍. 'രാഖി സഹോദരി' ലതയ്ക്കു വേണ്ടി വിഭവസമൃദ്ധമായ വിരുന്നൊരുക്കി 'നടികര്‍തിലകം' ശിവാജിഗണേശന്‍. സ്വന്തം ഗ്രാമത്തില്‍നിന്നും കുയിലുകളുടെ ഒരു കൂട്ടത്തെ തന്നെ വരുത്തി 'നടികര്‍തിലകം'. ലതയെ പാടി എതിരേല്‍ക്കാനല്ല കുയിലുകളെ വരുത്തിയത്. കുയിലുകളുടെ മാംസംകൊണ്ടുളള വിഭവങ്ങള്‍ ശിവാജിഗണേശനു വളരെ പ്രിയങ്കരം. കുയില്‍മാംസത്തിന്റെ സ്വാദ് 'രാഖി സഹോദരി'ക്കും പകരാനായിട്ടായിരുന്നു ഉദ്ദേശ്യം. വിവരം അറിഞ്ഞ ലതയുടെ മനസ്സ് ആര്‍ദ്രമായി. പ്രകൃതിയില്‍ സ്വന്തം ശബ്ദത്താല്‍ സംഗീതം സൃഷ്ടിക്കുന്ന പൂങ്കുയില്‍. അതിനെ ഹനിക്കുക, അതും സ്വന്തം ഭക്ഷണാഭിരുചികള്‍ക്കു വേണ്ടി! ശിവാജിഗണേശന്റെ അനുവാദത്തോടെ കൂട തുറന്ന് 'ഗാനകോകിലം' ലതാമങ്കേഷ്‌കര്‍ പാടും കോകിലങ്ങളെ സ്വതന്ത്രമാക്കി. മാത്രമല്ല മധുരശബ്ദത്താല്‍ നമ്മെ സംഗീതത്തിന്റെ ആനന്ദത്തില്‍ ആറാടിക്കുന്ന കുയിലുകളെ ഒരിക്കലും ഉപദ്രവിക്കുകയോ ഹനിക്കുകയോ ചെയ്യില്ലെന്ന് 'രാഖി സഹോദരന്‍' ശിവാജിഗണേശനെക്കൊണ്ട് ശപഥം ചെയ്യിക്കുകയും ചെയ്തു. ലതാമങ്കേഷ്‌കര്‍ ' രാഖി അണിയിച്ചു സഹോദരസ്ഥാനം നല്‍കി ആദരിച്ച 'നടികര്‍തിലകം' ജീവിതാവസാനം വരെ ലതയോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്തു.












