കൊല്ലൂരില്‍ നവരാത്രി ആഘോഷത്തിന് ഭക്തിസാന്ദ്രമായ തുടക്കം
Posted on: 20 Sep 2009
കൊല്ലൂര്‍: മൂകാംബികാദേവിയുടെ ദര്‍ശനം തേടിയെത്തിയ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മഹാനവരാത്രി ആഘോഷത്തിന് ഭക്തിസാന്ദ്രമായ തുടക്കം.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗയുടെ കാര്‍മ്മികത്വത്തില്‍ നടതുറന്ന ശേഷം ഗണപതി പ്രാര്‍ത്ഥനയോടെയാണ് പത്തുനാള്‍ നീളുന്ന നവരാത്രി ആഘോഷത്തിന് തുടക്കമായത്. 27 ന് ഞായറാഴ്ച മഹാചണ്ഡികായാഗം രാവിലെ 11.30 ന് നടക്കും. രാത്രി ഒമ്പത്മണിക്കാണ് രഥോത്സവം. വിജയദശമി ദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ കുട്ടികളുടെ എഴുത്തിനിരുത്തല്‍ നടക്കും. വാഗ്‌ദേവതയുടെ സന്നിധിയില്‍ ആദ്യക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുട്ടികള്‍ അന്ന് എത്തും. നവരാത്രി ആഘോഷത്തിന്റെ തുടക്കം മുതല്‍ മലയാളികളുടെ വന്‍തിരക്കാണ് കൊല്ലൂരില്‍.
ഉത്സവദിനങ്ങളിലെല്ലാം വിശേഷാല്‍ ശീവേലി, ദീപാരാധന, കഷായ ദീപാരാധന എന്നിവയുണ്ടാകും.
ശനിയാഴ്ച രാത്രി ശങ്കരപീഠത്തില്‍ നവാക്ഷരീകലശ സ്ഥാപനത്തോടെയാണ് ഉത്സവപൂജകള്‍ തുടങ്ങിയത്. സന്ധ്യക്ക് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ഡോ. വി.എസ്. ആചാര്യയും 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.










