സച്ചിന്‍ എന്ന പ്രതിഭാസം
പി. ബാലചന്ദ്രന്‍ Posted on: 13 Nov 2009
വിശേഷണങ്ങള്‍ക്കതീതനാണല്ലോ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു ക്രിക്കറ്റു കളിക്കാരനായി തുടങ്ങി രാജ്യത്തിന്റെ അഭിമാന പുരുഷനായി വളര്‍ന്ന സച്ചിനെ പല കോണുകളിലൂടെ നോക്കിയാല്‍ മാത്രമേ പൂര്‍ണരൂപത്തില്‍ കാണാനാവൂ. സച്ചിനെപ്പറ്റി എത്ര ലേഖനങ്ങള്‍, എത്ര ഭാഷയില്‍ രചിക്കപ്പെട്ടുക്കഴിഞ്ഞുവെന്നത് തിട്ടപ്പെടുത്താനാവില്ല. ഒരു മഹാനെ ആവര്‍ത്തിച്ചു മഹത്വവല്‍ക്കരിക്കുമ്പോള്‍ എഴുതുന്നവനും വായിക്കുന്നവനും ആവര്‍ത്തന വിരസത അനുഭവപ്പെടേണ്ടതാണ്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ മേല്‍ സൂചിപ്പിച്ച രണ്ടു വിഭാഗക്കാര്‍ക്കും സച്ചിന്‍ എല്ല നാമധേയം പഥ്യമായിതന്നെ തുടരുന്നു. മഹാഭാരതത്തിലെ പോലെ അനേകം ഉപകഥകളുടെ സമാഹാരമാണ് സച്ചിന്റെ കേളീജീവിതം. അവയില്‍ പലതിനും ഫാന്റസിയുടെ അംശങ്ങള്‍ ഇഷ്ടം പോലെ ചേര്‍ക്കാന്‍ എഴുതുന്നവര്‍ ഉത്സാഹിക്കുന്നുമുണ്ട്. പകരം വയ്ക്കാന്‍ മറ്റൊരു 'സ്‌പോര്‍ട്‌സ് ഐക്കണ്‍' ഇല്ലാത്ത ഭാരതത്തിലെ കായിക ചക്രവര്‍ത്തിയായി വാഴുകയാണ്. തെണ്ടുല്‍ക്കര്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി സ്വന്തം നാമധേയം തുടര്‍ച്ചയായി വാഴ്ത്തപ്പെടുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സച്ചിന്‍ പ്രഗത്ഭനാണ് എന്ന് അസൂയകലര്‍ന്ന ആദരത്തോടെ കുറിച്ചിടട്ടെ.സച്ചിന്‍ എന്ന വ്യക്തിത്വം
ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ സച്ചിനെപ്പറ്റിയുള്ള അപഗ്രഥനങ്ങളുടെ പാരമ്യദശ കഴിഞ്ഞു പോയിരിക്കുന്നു. സച്ചിന്‍ എന്ന ജീവിത വിജയിയുടെ വിജയ മന്ത്രങ്ങളാണ് പഠനവിഷയമാക്കേണ്ടത്. ഒരു മാനേജ്‌മെന്റ് പഠനത്തിനുള്ള പാഠ്യവിഷയമായി ഇദ്ദേഹത്തെ കാണാം. സമ്മര്‍ദ്ദങ്ങള്‍ എങ്ങിനെ അതിജീവിക്കാം, പ്രതിയോഗിയുടെ നീക്കങ്ങളെ എങ്ങിനെ മുന്‍കൂട്ടിക്കാണാം, ഏകാഗ്രതയും തൊഴിലിനോടുള്ള താല്‍പര്യവും എങ്ങനെ നിലനിര്‍ത്താം പ്രശസ്തിയെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നിങ്ങനെ വിജയവീഥിയിലെ പ്രയാണ രീതികളെപ്പറ്റിയുള്ള ബൃഹത്ഗ്രന്ഥമാണ് സച്ചിന്റെ ക്രിക്കറ്റ് ജീവിതവും സ്വകാര്യ ജീവിതവും ചേര്‍ന്നുള്ള സമന്വയം.
ഇന്ത്യക്കാരന് സച്ചിനെ വെറുക്കാന്‍ സാധ്യമല്ല. ഓരോ ഭാരതീയനും സ്വന്തം വീട്ടിലെ കുട്ടിയായാണ് സച്ചിനെ കാണന്നത്. കൗമാരം വിട്ടുമാറാത്ത മുഖലാവണ്യമാണോ കുട്ടിത്തം വിട്ടുമാറാത്ത ശബ്ദ സൗകുമാര്യമാണോ നിഷ്‌കളങ്കമായ മുഖഭാവമാണോ അതോ കുറ്റമറ്റ പെരുമാറ്റശൈലിയാണോ ഈ 'വീട്ടിലെ ഓമനയെ' എല്ലാവരും ഇഷ്ടപ്പെടാന്‍ കാരണമെന്നറിയില്ല. ഒരിക്കലും തെറ്റ് ചെയ്യാത്ത മിടുക്കനാണ് സച്ചിന്‍, ഇന്ത്യന്‍ മനസ്സുകളില്‍. കോഴവിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു മുഖഛായ പൂര്‍ണമായും നഷ്ടപ്പെടാതെ പിടിച്ചുനിന്നതും ജനപിന്തുണ നഷ്ടപ്പെടാതിരുന്നതും സച്ചിന്‍ അതുല്യനും കളങ്കരഹിതനും ആരോപണരഹിതനുമായി നിലകൊണ്ടതുകൊണ്ടുമാത്രമാണ്.
സച്ചിന്‍ എന്ന ബാറ്റ്‌സമാന്‍
ചാരുതയും ചടുലതയുമാണ് സച്ചിന്റെ ബാറ്റിംഗിലെ ആകര്‍ഷണീയത. പന്തിന്റെ ദിശയും ലെങ്ത്തും ബൗളറുടെ കയ്യില്‍നിന്നും പന്ത് റിലീസ് ചെയ്തയുടനെത്തന്നെ കൃത്യമായി നിര്‍ണയിക്കാനുള്ള മികവ് സച്ചിന്റെ പ്രത്യേക സിദ്ധിയാണ്. ഇക്കാരണത്താല്‍ തന്നെ ഫ്രണ്ട് ഫൂട്ടി ലാണോ ബാക്ക് ഫൂട്ടിലാണോ പന്തിനെ നേരിടേണ്ടതെന്ന തീരുമാനം അതിവേഗം സാധ്യമാകുന്നു. രണ്ടാമതായുള്ളത് അപാരമായ ബോഡി ബാലന്‍സാണ്. മുന്‍കാലിലൂന്നി കളിക്കുമ്പോഴും പിന്‍കാലിലൂന്നി കളിക്കുമ്പോഴും ഒരിക്കലും സച്ചിന്‍ 'ഔട്ട് ഓഫ് പൊസിഷനി'ലായി അനുഭവപ്പെടാറില്ല. ചലനത്തോടൊപ്പം ബോഡിബാലന്‍സ് നിലനിര്‍ത്താനുള്ള ഇദ്ദേഹത്തിന്റെ സിദ്ധി അപാരമാണ്. ഇവയെക്കൂടാതെ ഏത് മികച്ച ബാറ്റസ്മാനും അത്യാവശ്യമായ എല്ലാ ഗുണവശങ്ങളും സച്ചിന്റെ ബാറ്റിംഗിലൂണ്ട് എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ.പരിശീലനമാണ് ഒരു സ്‌പോര്‍ടസ് കരിയറിലെ ഏറ്റവും വൈഷമ്യമേറിയതും വിരസതാപൂര്‍ണ്ണവുമായ വ്യായാമം. മത്സരവേളയിലെ ഉത്സാഹനിമിഷങ്ങളോ സമ്മര്‍ദങ്ങളോ ഇല്ലാത്ത പരിശീലനവേളകള്‍ എങ്ങനെ വിരസതയില്ലാത്തതാക്കാം എന്നുള്ളതു വലിയൊരു വെല്ലുവിളിയാണ് ആരെ സംബന്ധിച്ചിടത്തോളവും. ഇരുപതുവര്‍ഷങ്ങള്‍ ക്രിക്കറ്റ് ജീവിതത്തില്‍ താണ്ടിക്കഴിഞ്ഞ സച്ചിന്‍ ഇന്നും പരിശീലനപ്രിയനാണ്. എന്നുമെന്നും മെച്ചപ്പെട്ടുകൊണ്ടിരിക്കാന്‍ ഈ ഗുണം അദ്ദേഹത്തെ സഹായിക്കുന്നു. പൂര്‍ണത നേടാനുള്ള അഭിവാഞ്ഛയാണ് സച്ചിനെ അദ്ധ്വാനിയാക്കുന്നത്. വിജയങ്ങളുടെ ലഹരിയില്‍ മതിമറക്കുന്ന ഒരാളാണെങ്കില്‍ ഒരിക്കലും ഇതു സാധ്യമാവില്ല. ഈ ഗുണമാണ് ഓരോ കളിക്കാരനും എന്നല്ല ഓരോ വ്യക്തിയും കണ്ടുപഠിക്കേണ്ടത്. സച്ചിനെന്ന കളിക്കാരനെയും വ്യക്തിയെയുംപറ്റി ഇനിയും ധാരാളമെഴുതാനുണ്ട്. ആവര്‍ത്തനവിരസത ഭയന്ന്് അതിന് മുതിരുന്നില്ല.
സച്ചിന്റെ കേളീ ജീവിതം അനര്‍ഗളമായി ഒഴുകുന്ന നദിപോലെ ഒഴുകിക്കൊണ്ടേയിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം. ആ പുഴയുടെ തീരത്ത് ഒഴുക്കിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നമുക്ക് അത്ഭുതസ്തബ്ദരായി നില്‍ക്കാം. സച്ചിന്റെ കേളീജീവിതത്തിന്റെ അവസാനം ആലോചിക്കകൂടി വയ്യ. കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ എഴുതിയിട്ടുള്ള ഭാഷാപ്രയോഗത്തെ കടമെടുത്തുകൊണ്ട് പറയട്ടെ ''ഇതുപോലൊരാള്‍ ഇതുവരെ ജനിച്ചിട്ടില്ല, ഇനിയൊട്ടു ജനിക്കാനും പോകുന്നില്ല''.
(ദുലീപ് ട്രോഫി താരവും കേരളത്തിന്റെ മുന്‍ ക്രിക്കറ്റ് പരിശീലകനും കോളമെഴുത്തുകാരനുമാണ് ലേഖകന്‍)






