ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ചുതുടങ്ങിയാല്‍...

Posted on: 02 May 2015


എറണാകുളം: ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ചുതുടങ്ങിയാല്‍ പിന്നെ ചിരി നിര്‍ത്താന്‍ ഒക്കത്തില്ലേയ്.....' എന്നൊന്നും പറഞ്ഞ് സുനില്‍ കുമാറിനെ തളയ്ക്കാനാകില്ല. ചിരിയെ പ്രാര്‍ത്ഥന പോലെ കരുതുന്നൊരാളാണിദ്ദേഹം. 'അരമണിക്കൂര്‍ നടപ്പിന് പകരം പത്തുമിനിറ്റ് ചിരി മതി' എന്നതാണ് ചിരിയുടെ തുന്നല്‍ക്കാരനായ സുനിലിന്റെ പക്ഷം. തന്റെ തയ്യല്‍ക്കടയില്‍ മെഷീനടികളുടെയും നൂലുണ്ടകളുടേയും കൂട്ടച്ചിരി ശബ്ദങ്ങള്‍ക്കിടയില്‍ വര്‍ണനിറങ്ങളുടെ വെട്ടുകഷണങ്ങള്‍ കൂട്ടിത്തുന്നുമ്പോള്‍ ഇദ്ദേഹത്തിന്റെ ചിരിമഴ വിശേഷം ചന്നം പിന്നം പെയ്യുകയാണ്.....

ലോകത്തില്‍ ചിരി യോഗയുടെ തലതൊട്ടപ്പനായ പഞ്ചാബുകാരന്‍ ഡോ.മദന്‍ കഡാരിയയുടെ കേരളത്തിലെ അംഗീകൃത അനുയായിയാണ് എറണാകുളം പുതുക്കലവട്ടത്തെ സൂരജ് ഫാഷന്‍സ് എന്ന തയ്യല്‍കടക്കാരനായ സുനില്‍ കുമാര്‍ എസ്.വി. ഡോ. കഡാരിയ സ്‌കൂള്‍ ഓഫ് ലാഫ്റ്റര്‍ യോഗ(ഹാസ്യ യോഗ)യുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റാണ് ഇതിനുതെളിവായി ഇദ്ദേഹത്തിന്റെ കൈയിലുള്ളത്. തയ്യല്‍ക്കടയില്‍ തന്നോടൊപ്പമുള്ള ഭാര്യ മിനിയും ഈയടുത്ത് ചിരിയോഗ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതോടെ ചിരിക്കുടുംബം തന്നെയായെന്ന് ഇദ്ദേഹം പറയുന്നു. മക്കളായ സൂരജും സങ്കീര്‍ത്തനയും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിമൂന്നോളം പേര്‍ കേരളത്തില്‍ ഈ സര്‍ട്ടിഫിക്കറ്റിപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ചിരിയോഗ പഠിപ്പിക്കാന്‍ തയ്യാറായി ആരും രംഗത്തിറങ്ങുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തയ്യല്‍ക്കടയിലെ ജോലിക്കാരും ഈ ചിരികുടുംബത്തോടൊപ്പം ചിരിച്ചുചിരിച്ച് മണ്ണുതപ്പാറുണ്ടെന്ന് സമ്മതിക്കുന്നു. വീട്ടിലെ ചെറിയ ചെറിയ സൗന്ദര്യപ്രശ്‌നങ്ങളും ബിസിനസ്സിലെ പിരിമുറുക്കവും നൊമ്പരവുമെല്ലാം അലിഞ്ഞില്ലാതാകുകയാണ് ഓരോ ചിരിയിലുമെന്ന് ഇദ്ദേഹം മനസ്സു തുറക്കുന്നു.

ഇരുപത്തിയഞ്ചുവര്‍ഷം മുമ്പ് മലപ്പുറത്താണ് സുനില്‍ ആദ്യം ചെറിയ തയ്യല്‍ക്കടയിട്ടത്. അതിനിടയില്‍ അഞ്ച് വര്‍ഷം മുംബൈയില്‍ ജോലിയെടുത്തു. കൊച്ചിയിലെത്തിയിട്ട് ഇപ്പോള്‍ പതിനാറുവര്‍ഷമാകുന്നു. രണ്ട് വര്‍ഷം മുമ്പ് ലോക ചിരിദിനത്തോടനുബന്ധിച്ച് കൊച്ചിയിലെത്തിയ കഡാരിയയെ കണ്ടതാണ് തന്റെ ചിരി വഴി തെളിച്ചതെന്ന് സുനില്‍ പറയുന്നു. ചിരിയുടെ ഓരോ ക്ലാസ്സുകളിലും പങ്കെടുത്തപ്പോള്‍ മുതല്‍ പിന്നെ ചിരി തന്നെ ചിരി. വെറുതെ ചിരിച്ച് ചിരിച്ച് വട്ടാണോ എന്ന് ആളുകള്‍ കളിയാക്കിയപ്പോള്‍ പിന്നെയും ചിരിച്ചു. പക്ഷെ വിമര്‍ശിച്ചൊഴിഞ്ഞവരുള്‍പ്പെടെ ഇപ്പോള്‍ കൊച്ചിയില്‍ മുന്നൂറോളം പേര്‍ പല ചിരി ക്ലബ്ബുകളിലെ അംഗങ്ങളായുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ലോകത്തിലാകമാനം 6000 ചിരിക്ലബ്ബുകളുള്ളതില്‍ അഞ്ചുലക്ഷം പേര്‍ അംഗങ്ങളായുണ്ട്. കേരളത്തിലാകമാനം രണ്ടായിരത്തോളം പേര്‍ വിവിധ ചിരിക്ലബ്ബുകളുടെ ഭാഗമായി ഇപ്പോഴുണ്ടെന്ന് സുനില്‍ ചിരിയടക്കി പറയുന്നു.

മാള സ്വദേശിയായ സെബാസ്റ്റ്യന്‍ വഴിയാണ് കേരളത്തില്‍ ചിരിയുടെ മാലപ്പടക്കം തുടങ്ങുന്നത്. പിന്നീട് പലരായി ഇത് ഏറ്റെടുത്തു. ഇപ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ക്ലബ്ബും സുനിലിന്റെ ക്ലബ്ബുമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനടുത്ത് ചിരിയോഗയ്ക്കായുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെയുള്ള ഒരു മണിക്കൂര്‍ കൂട്ടച്ചിരിയുടെ രസം നുകരാന്‍ നിരവധിപേര്‍ എത്താറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ശ്രദ്ധയാകര്‍ഷിക്കാനുള്ള കൈയടിയില്‍ തുടങ്ങി കഡാരിയ പഠിപ്പിച്ച നമസ്‌തേ ചിരി, മൊബൈല്‍ ഫോണ്‍ ചിരി, വണ്‍മീറ്റര്‍ ചിരി, അഭിനന്ദന ചിരി, വെണ്ണ കടയല്‍ ചിരി, ജനറേറ്റര്‍ ചിരി, കുട്ടിച്ചാത്തന്‍ ചിരി, ക്രയിങ്ങ് ചിരി, മലയാള അക്ഷര ചിരി, വില്ലന്‍ ചിരി, വാണിങ്ങ് ചിരി, പൊട്ടിച്ചിരി തുടങ്ങി അമ്പതോളം ചിരികളിലൂടെയാണ് ചിരിയോഗയുടെ ഒരു മണിക്കൂറില്‍ കടന്നുപോകുന്നത്. പ്രഷറും ഷുഗറും കൊളസ്‌ട്രോളും ടെന്‍ഷനുമെല്ലാം ഇതോടെ അലിഞ്ഞില്ലാതാകുമെന്നതാണ് ഏവരുടേയും അനുഭവമെന്ന് ഇദ്ദേഹം പറയുന്നു. ഹെര്‍ണിയ, പൈല്‍സ്, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളവര്‍ ചിരി ക്ലബ്ബിലേക്ക് വരരുതെന്നും ഇവരുടെ മുന്നറിയിപ്പുണ്ട്.

1995 മാര്‍ച്ച് 13നാണ് ഡോ. കഡാരിയയുടെ ആദ്യ ചിരിക്ലബ്ബ് മുംബൈയില്‍ ആരംഭിക്കുന്നത്. ആദ്യം നാലാള്‍ മാത്രമുണ്ടായിരുന്ന ക്ലബ്ബ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉത്തരേന്ത്യ മുഴുവനും ചിരിപടര്‍ത്തുകയായിരുന്നു. രാജ്യത്തിന് പുറത്തേക്ക് കൂടി വ്യാപിച്ചതോടെ അമേരിക്കയിലും മറ്റും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറെ ജനപ്രിയമായി. ഇപ്പോള്‍ ലോകത്ത് അറുപത്തഞ്ചുരാജ്യങ്ങളിലായി കഡാരിയയുടെ ചിരിക്ലബ്ബുകളുണ്ട്. കഡാരിയയുടെ 'ലാഫ് ഫോര്‍ നൊ റീസണ്‍' എന്ന ചിരി പുസ്തകവും ലോക പ്രശസ്തമാണ്. ഇദ്ദേഹത്തിന്റെ ലാഫ്റ്റര്‍ യോഗ യൂണിവേഴ്‌സിറ്റി ഉടന്‍ തുറക്കാനിരിക്കുകയുമാണ്. ഓരോ ദിവസവുംകഡാരിയയെ തന്റെ ചെറുമൊബൈലില്‍ വിളിച്ച് കുശലാന്വേഷണവും ചിരി ആശംസകളും നേരാറുണ്ട് സുനില്‍. പത്രത്താളുകളിലും മാഗസിനുകളിലും മനസ്സറിഞ്ഞ് ചിരിക്കുന്ന നിരവധി മുഖങ്ങളും ചിരിക്കാനുള്ള വാര്‍ത്തകളും വെട്ടിയെടുത്ത് ശേഖരിക്കുന്ന സ്വഭാവവും ഇദ്ദേഹത്തിനുണ്ട്. അനാഥാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, സ്‌കൂളുകള്‍, പകല്‍വീടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ തന്റെ ചിരിയുടെ സേവനമെത്തിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഈ ചിരിയാശാനും സഹചിരിക്കാരും.



LAUGH

 

ga