chare

ഉമ്മ..എന്റെ അമൂല്യ സമ്മാനം

നഹീമ.പി Posted on: 09 May 2015

ആര്‍ക്കുവേണ്ടിയും പകരം നില്‍ക്കാവുന്ന, എന്നാല്‍ ആരെക്കൊണ്ടും പകരംവെയ്പ്പിക്കാന്‍ കഴിയാത്ത ഒരമൂല്യ സമ്മാനം അതാണെനിക്കെന്റെ ഉമ്മ. ഈ ലോകത്തെ ഏറ്റവും നല്ല ഉമ്മ എന്റെയാണെന്ന് മറ്റെല്ലാവരെയും പോലെ ഞാനും വിശ്വസിക്കുന്നു. മറ്റാരില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വാത്സല്യം ഞാനനുഭവിച്ചത് എന്റെ ഉമ്മയില്‍നിന്നാണെന്ന് അഹങ്കാരത്തോടെത്തന്നെ പറയാന്‍ എനിക്കാവും. ഉമ്മ എന്‍ ചാരെ ഉണ്ടായിരുന്നെങ്കില്‍ എന്ന് നിനച്ച സന്ദര്‍ഭങ്ങള്‍ വളരെ അപൂര്‍വമാണ്. കാരണം എപ്പോഴൊക്കെ ഉമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ചുവോ, അപ്പോഴൊക്കെ ഞാന്‍ അറിയാതെ ഒരു കുളിര്‍ക്കാറ്റായ് എന്റെ ഉമ്മയുടെ സാന്നിധ്യം എന്നെ തലോടിയിട്ടുണ്ട്.

എങ്കിലും ചെറുപ്പത്തില്‍ എന്റെ ഉമ്മയെ വളരെയധികെ മിസ് ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇന്നും ഞാന്‍ ആ സംഭവം ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്നത് അന്ന് ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്.

അന്ന് എനിക്ക് ഒമ്പതു വയസാണ് പ്രായം. ഞാന്‍ വെക്കേഷന്‍ സമയത്ത് ഉമ്മയുടെ വീട്ടില്‍ വിരുന്നുപോയതായിരുന്നു. ഉമ്മ അന്ന് എന്റെ സ്വന്തം വീട്ടിലാണുള്ളത്. അവിടുന്ന് ഉമ്മയുടെ അനിയത്തിയുടെയും മറ്റു അയല്‍ക്കാരുടെയും കൂടെ തൊട്ടടുത്തുള്ള കടലുണ്ടി പുഴയില്‍ കുളിക്കാന്‍ പോയി. നീന്തലറിയാത്ത എന്നോട് കരയോട് ചേര്‍ന്നുള്ള ഭാഗത്തുനിന്ന് കുളിക്കാന്‍ പറഞ്ഞ് ഉമ്മയുടെ അനിയത്തി അലക്കാന്‍ ആരംഭിച്ചു. ഞാന്‍ നീന്തല്‍ പഠിക്കാമെന്നു വിചാരിച്ച് കുറെനേരം വെള്ളത്തില്‍ പരിശ്രമിച്ചു. ആഴം കുറവുള്ള ഭാഗത്തുതന്നെയായിരുന്നു എന്റെ പരിശീലനം. പിന്നീടെപ്പോഴോ ആവേശം കേറി ഞാന്‍ അല്‍പം മുന്നോട്ട് നീങ്ങിത്തുടങ്ങി.

പിന്നെ കുറെക്കഴിഞ്ഞാണ് ഞാനറിയുന്നത് ഒരുപാട് ആഴങ്ങളിലേക്ക് ഞാന്‍ എത്തിയിട്ടുണ്ടെന്ന്. എന്റെ ഉയരത്തെക്കാള് ആഴമുള്ള ഒരു ചുഴിയിലാണ് ഞാന് എത്തിപ്പെട്ടിരിക്കുന്നത്. അവിടെ മുങ്ങിപ്പൊങ്ങുമ്പോള്‍ ഞാന്‍ മരണത്തെ കാണാതെ കണ്ടു. ദേഹത്തെ നനവ് എന്റെ കണ്ണീരിനെ മായ്ച്ചുകളഞ്ഞു. ഓരോതവണ പൊങ്ങുമ്പോഴും ഞാന്‍ കുഞ്ഞാമ്മയെ വിളിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ കഴിയുന്നില്ല. അന്നേരം ഭയത്തിനിടയിലും ഞാന്‍ ഓര്‍ത്തു ഓ അല്ലാഹ്. എന്റെ ഉമ്മയുണ്ടായിരുന്നെങ്കില്‍ എന്ന്. അപ്പോള് ഞാനൊഴുക്കിയ കണ്ണീരിലൊരു തുള്ളി എന്റെ ഉമ്മയ്കായിരുന്നു.

പിന്നീടെപ്പോഴോ ഉമ്മയുടെ അനിയത്തി തിരിഞ്ഞുനോക്കി, ഓടിയെത്തി എന്നെചേര്‍ത്തുപിടിച്ചു. അപ്പോഴും ഞാനാഗ്രഹിച്ചു അതെന്റെ ഉമ്മയായിരുന്നെങ്കില്‍ എന്ന്. പിന്നീട് പൂര്‍വസ്ഥിതിയിലേക്ക് ഞാന്‍ മാറിയപ്പോഴേക്കും ആരൊക്കെയോ വിവരം അറിയിച്ച് എന്റെ ഉമ്മ അടുത്തെത്തിയിരുന്നു. അന്നേരം ഞാന്‍ എന്റെ ഉമ്മയെ കണ്‌നിറയെ കണ്ടു. അപ്പോഴും നേരത്തെ ഞാനനുഭവിച്ച ആ ദുരന്തനിമിഷത്തില്‍ എന്റെ കൂടെ ഉണ്ടായില്ലല്ലോ എന്റെ ഉമ്മ എന്ന സങ്കടമായിരുന്നു.



1
amma

 

ga