കണ്ണൂര്‍: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും സി.എം.പി.ജനറല്‍ സെക്രട്ടറിയുമായ എം വി രാഘവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.
രാവിലെ 11.15 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പയ്യാമ്പലത്തെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ രാഷ്ട്രീയ നേതാക്കളടക്കമുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങിന് സാക്ഷികളായി.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും തൊഴിലാളി നേതാവ് സി കണ്ണന്റെയും ശവകുടീരത്തിന് സമീപമാണ് എം വി ആറിന് ചിതയൊരുക്കിയത്.
മക്കളായ എം വി ഗിരീഷ് കുമാര്‍, എം വി രാജേഷ്, എം വി നികേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ചിതയിലേക്കെടുത്തു. തുടര്‍ന്ന് മകന്‍ എം വി ഗിരീഷ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് സി.എം.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറിലും പൊതുദര്‍ശനത്തിനു വെച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നത്. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഞായറാഴ്ച രാവിലെ 9.10 നാണ് എം വി ആര്‍ എന്ന ചുരുക്കപ്പേരിലറിയുന്ന എം.വി.രാഘവന്‍ വിടവാങ്ങിയത്. ഏറെ നാളായി മറവിരോഗത്തിന്റെ പിടിയിലായിരുന്നു. ശനിയാഴ്ച രാവിലെ രോഗം കലശലായതിനെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി. സഹകരണാസ്പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു.