ചാമരം- പ്രണയത്തിന്റെ തീക്കാറ്റ്‌

Posted on: 10 Jan 2010



പകല്‍
ബാലന്റെ വീട്.
ഫ്ലാഷ് ബാക്ക്.
ബാലന്റെ വീടിന്റെ മുന്‍വശം. ബാലനും കാര്‍ത്ത്യായനിയും ഇന്ദുവിന്റെ അച്ഛനും തമ്മിലുള്ള സംസാരം.
ഇന്ദുവിന്റെ അച്ഛന്‍ : (ബാലനോട്) നീ ആരാണെന്നാടാ നിന്റെ വിചാരം. പഠിപ്പോ മുഴുവനാക്കിയില്ല. എന്റെ മോളെ ഒരു കൃഷിക്കാരന് കൊടുക്കുന്നത് എനിക്കിഷ്ടമല്ല. ആലോചിച്ചാ നിനക്കുതന്നെ അത് അറിയാവുന്നതേയുള്ളൂ. നിന്നെ അതിന് കൊള്ളില്ലാന്ന്.
ചൊടിച്ചുകൊണ്ട് ബാലന്‍ : അമ്മാവന്‍ അമ്മാവന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതി.
ഇന്ദുവിന്റെ അച്ഛന്‍ : എന്റെകാര്യം തന്നെയാടാ പറയുന്നേ. നീയൊന്നും ഗുണം പിടിക്കില്ലാന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. അതാണല്ലോ കാലുറയ്ക്കുംമുമ്പേ തന്തയെ കെട്ടിയെടുത്തത്.
ബാലന്‍ : അസുഖംവന്നിട്ടാ എന്റച്ഛന്‍.... അല്ലാതെ തൂങ്ങിച്ചത്തതൊന്നുമല്ല.
ഇന്ദുവിന്റെ അച്ഛന്‍ : അതേടാ എന്റെ ഭാര്യ ആത്മഹത്യചെയ്തതാ. അതെന്റെ കൊള്ളരുതായ്മകൊണ്ടുതന്നെയാ. അത് ഞാനങ്ങു സഹിച്ചു. അങ്ങനെയുള്ള കുടുംബവുമായിട്ട് നീ ബന്ധത്തിനുവരണ്ട. (കാര്‍ ത്ത്യായനിയോട്) കേട്ടോടീ മേലാല്‍ ഇവന്‍ ആ പടിയ്ക്കകത്ത് കേറരുത്.
പൊട്ടിത്തെറിച്ചുകൊണ്ട് ബാലന്‍ : അല്ലെങ്കിലും ആ പടി കയറാന്‍ കൊള്ളില്ല. നിങ്ങളുടെ പ്രവൃത്തി ഈ നാട്ടുകാര്‍ക്ക് മുഴുവനും അറിയാവുന്നതല്ലേ.
ഇന്ദുവിന്റെ അച്ഛന്‍ ബാലനെ തല്ലാനൊരുങ്ങുന്നു. കാര്‍ത്ത്യായനിയമ്മ കയറി തടുക്കുന്നു.

82

പകല്‍
ബാലന്റെ വീട്.
ഇതെല്ലാം കേട്ട് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഇന്ദു.
കാര്‍ത്ത്യായനി : എല്ലാം നിന്നോട് പറയാന്‍ വേണ്ടീട്ടാ അന്നവന്‍ കോളേജില് വന്നത്. അവിടെ നീയും അവനെ കൂട്ടാക്കിയില്ല. നിന്റെ അവിടുത്തെ തിരക്കും മട്ടും കണ്ടപ്പോ മോളൂടെ ഒത്തിട്ടാന്നാ അവന് തോന്നിയേ. തിരിച്ചുവന്ന് എന്നോടു പറഞ്ഞു ഇനിയാരേയും നോക്കണ്ടാ അമ്മ ഒരു പെണ്ണിനെ നോക്കാന്‍...
ഇന്ദു ഇതെല്ലാം കേട്ട് അമ്പരപ്പോടെ കാര്‍ത്ത്യായനിയെ നോക്കി പൊട്ടിക്കരയുന്നു.
കാര്‍ത്ത്യായനി : ഏതായാലും നീ എന്റെ കുട്ടിയാ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ങാ പോട്ടെ. (ശബ്ദമിടറി) വരുമ്പോഴൊക്കെ നീ ഇവിടെ വരണം. എന്നെ നീ അമ്മേപ്പോലെ കരുതണം.
കരഞ്ഞുകൊണ്ട് ഇന്ദു ബാഗുമെടുത്ത് പുറത്തേക്ക് ഓടുന്നു.

83

പകല്‍
വരമ്പ്.
ബാഗുമായി പാടവരമ്പിലൂടെ കരഞ്ഞുകൊണ്ട് ഓടുന്ന ഇന്ദു. എതിരെ ബാലന്‍ വരുന്നത് ദൂരേനിന്ന് കാണുന്നു. ബാലനെ കാണുമ്പോള്‍ ഒരു നോക്കുനോക്കി കരഞ്ഞുകൊണ്ട് ഇന്ദു ഓടിപ്പോകുന്നു.

84

പകല്‍
ഇന്ദുവിന്റെ വീട്
പുറം.
കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒതുക്കുകല്ലുകള്‍ കയറി വീടിന്റെയുള്ളിലേക്ക് കയറുന്ന ഇന്ദു.

85

പകല്‍
ഇന്ദുവിന്റെ വീട്
അകം.
വീടിനകത്തേക്ക് കയറുമ്പോള്‍ അച്ഛന്‍ മറ്റൊരു സ്ത്രീയുമായി സല്ലപിച്ചിരിക്കുന്നത് ഇന്ദു കാണുന്നു. അവരെ കാണുന്നതും ഇന്ദു കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്നു.

86

പകല്‍
ഇന്ദുവിന്റെ വീട്
അകം.
ഓടിവന്ന് കട്ടിലില്‍ വീണുകിടന്ന് കരയുന്ന ഇന്ദു. ഇന്ദുവിന്റെ അച്ഛനും ആദ്യം കണ്ട സ്ത്രീയും ഇന്ദുവിന്റെ മുറിയിലേക്ക് കടന്നുവരുന്നു.
ഇന്ദുവിന്റെ അച്ഛന്‍ : ഇന്ദൂ... ഇന്ദൂ.... എന്താ ഇത്ര പെട്ടെന്ന്.. ആനുവല്‍ ലീവ് ആയോ നിനക്ക്. (ഇന്ദു മിണ്ടുന്നില്ല) എന്താടീ നിന്റെ നാവിറങ്ങിപ്പോയോ. ചോദിച്ചതുകേട്ടില്ലേ... കേട്ടില്ലേന്ന്.....
ഇന്ദു കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കുന്നു.
അച്ഛന്‍ : വന്നപ്പോ മുതല് ഒരു മോങ്ങല്. ഇവിടെയാരെങ്കിലും ചത്തോ.
ഇന്ദു : ഇല്ല. അച്ഛനിനി അതു കൂടി കാണാന്‍ മോഹമുണ്ടാവും എന്റെ അമ്മ തൂങ്ങിമരിച്ചിട്ട് അച്ഛന്റെ മനസ്സ് മാറിയില്ല. പിന്നല്ലേ ഞാന്‍....
ഇന്ദുവിന്റെ അച്ഛന്‍ : (ശാസനാരൂപത്തില്‍) ഇന്ദൂ നീയാരോടാ സംസാരിക്കുന്നതെന്ന് അറിയാമോ....?
ഇന്ദു : അറിയാം. സംസാരിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ലാന്നുമറിയാം. അച്ഛനെന്നും അച്ഛന്‍ മാത്രമായിരുന്നു വലുത്. (കണ്ണുനീര്‍ തുടച്ച്) സഹിക്കാവുന്നതിലേറെ ഞാന്‍ സഹിച്ചു. ഇനി എനിക്ക് വയ്യ. (കരയുന്നു).
ഇന്ദുവിന്റെ അച്ഛന്‍ : ഓ! നിന്റെ അമ്മ വിചാരിച്ചിട്ടെന്നെ നന്നാക്കാന്‍ പറ്റിയില്ല. പിന്നെയല്ലേ നീയ്...
ഇന്ദു : നന്നാക്കണമെന്നെനിക്കു ഉദ്ദേശവുമില്ല. നന്നാവാന്‍ പോണില്ലാന്നുമെനിക്കറിയാം. അതിന്റെ തെളിവാണല്ലോ ആ നില്‍ക്കുന്ന സ്ത്രീ.
ഇന്ദുവിന്റെ കരണത്തടിക്കുന്ന ഇന്ദുവിന്റെ അച്ഛന്‍.
ഇന്ദു സ്തബ്ധയായി അച്ഛനെ നോക്കിനില്‍ക്കുന്നു.

87

പകല്‍
ബസ്സ്.
തിരിച്ച് ഹോസ്റ്റലിലേക്കുള്ള മടക്കയാത്രയില്‍ ബസ്സിലിരുന്നു കരയുന്ന ഇന്ദു.

88

പകല്‍
വിമന്‍സ് ഹോസ്റ്റല്‍
പുറം.
വിമന്‍സ് ഹോസ്റ്റലിനുമുമ്പില്‍ ഓട്ടോയില്‍ വന്നിറങ്ങുന്ന ഇന്ദു. വണ്ടിയില്‍ നിന്ന് പെട്ടികളുമെടുത്ത് ഹോസ്റ്റലിന്റെ അകത്തേക്ക് കയറിപ്പോകുന്നു.

89

പകല്‍
വിമന്‍സ് ഹോസ്റ്റല്‍
ഇന്ദുവിന്റെ മുറി.
മുറിയിലേക്ക് ഓടിവന്ന് കട്ടിലില്‍ കിടന്ന് പൊട്ടിക്കരയുന്ന ഇന്ദു. ബാലനെക്കുറിച്ചുള്ള ഓര്‍മകളും കഴിഞ്ഞകാല സംഭവങ്ങളും അവളുടെ മനസ്സില്‍ നിറയുന്നു.

90

പകല്‍
റോഡ്.
ദുഃഖിതയായി റോഡിലൂടെ നടക്കുന്ന ഇന്ദു.
ആ സമയം വിനോദ് കാറുമായി ആ വഴിയേ വരുന്നു.
വിനോദ് : (വണ്ടിയോടിക്കുന്നതിനിടെ) ടീച്ചര്‍ നാട്ടില്‍ പോയില്ലേ. (ഇന്ദു കരയു ന്നത് കണ്ട്) എന്തുപറ്റി ടീച്ചര്‍? you look so sad. കയറൂ ടീച്ചര്‍, ഞാന്‍ കൊണ്ടാക്കാം.
ഇന്ദു : Please Vinod, leave me alone. (ഉറക്കെ) Vinod Please leave alone....
ഇന്ദു കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നു.
ഒന്നും മനസ്സിലാവാതെ ഇന്ദു ഓടിപ്പോകുന്നതും നോക്കിയിരിക്കുന്ന വിനോദ്.

91

സന്ധ്യ
പുഴയോരം.
അസ്തമയസൂര്യനെ നോക്കിനില്‍ക്കുന്ന ഇന്ദു. അവളുടെ മുഖത്ത് എന്തോ തീരുമാനങ്ങളെടുത്തതിന്റെ ലക്ഷണം തെളിഞ്ഞുകാണുന്നു.

92

രാത്രി
വിനോദിന്റെ വീട്.
കോളിങ് ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ട് വാതില്‍ തുറക്കുന്ന വിനോദ്. വീടിനുപുറത്ത് അഴിച്ചിട്ട മുടിയും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇന്ദു നില്‍ ക്കുന്നു. ഇന്ദുവിനെ കാണുമ്പോള്‍ വിനോദ് അദ്ഭുതപ്പെടുന്നു. വിനോദ് ഇന്ദുവിനെ അകത്തേക്ക് ക്ഷണിക്കുന്നു.
വിനോദ് : ടീച്ചര്‍ ജഹലമലെ രീാല.... ഇരിക്കൂ ടീച്ചര്‍.
ഇന്ദു കസേരയിലിരിക്കുന്നു. എന്തു വേണമെന്നറിയാത്ത പരുങ്ങലില്‍ ഇന്ദുവിന് വായിക്കുവാനായി വിനോദ് ഒരു പുസ്തകമെടുത്ത് നീട്ടുന്നു. ഇന്ദു ആ പുസ്തകം വാങ്ങി മറിച്ചുനോക്കുന്നു.
വിനോദ് : ടീച്ചറിന് കഴിയ്ക്കാനെന്താണ് വേണ്ടത്? ചായ, കാപ്പി, തണുത്തത് വല്ലതും.
വെപ്രാളത്തോടെ ചുറ്റും പരതി വിനോദ് ഫ്ലാസ്‌കില്‍നിന്നും കാപ്പി ഗ്ലാസ്സിലേക്ക് പകര്‍ന്ന് ഇന്ദുവിന് കൊടുക്കുന്നു. അലസമായി പുസ്തകത്തിന്റെ താളുകള്‍ മറിച്ചുകൊണ്ടിരിക്കുന്ന ഇന്ദു കാപ്പി കുടിക്കുന്നു. തന്റെ കപ്പിലേക്ക് പകരുവാന്‍ കാപ്പി തികയില്ല. എങ്കിലും പകരുന്നതായി ഭാവിച്ച് കാലിക്കപ്പ് ചുണ്ടോടുപ്പിച്ചു ചായ കുടിക്കുന്നതായി നടിക്കുന്നു.
ഇന്ദു എഴുന്നേറ്റ് വിനോദിന്റെ വീടാകെ നോക്കിക്കാണുന്നു.
ചുമരില്‍ ഒട്ടിച്ചിരിക്കുന്ന കാറുകളുടെ പടങ്ങളും ഷെല്‍ഫിലെ പുസ്തകങ്ങളും പരിശോധിക്കുന്നു. ഇതെല്ലാം കണ്ടുകൊണ്ട് വിനോദ് കട്ടിലിലിരിക്കുന്നു.
ഇന്ദു സാവധാനം നടന്നുവന്ന് വിനോദിന്റെയരികെ കട്ടിലിലിരിക്കുന്നു.
അവരുടെ കണ്ണുകള്‍ തമ്മിലിടയുന്നു.... പെട്ടെന്ന് ഒരു പ്രേരണയാല്‍ വിനോദ് ഇന്ദുവിനെ ആലിംഗനം ചെയ്യുന്നു. പൂര്‍ണവിധേയയായി, ഒരാശ്രയത്തിനുമുമ്പില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ടവള്‍ വഴങ്ങുന്നു. പ്രണയത്തിന്റെ തീക്ഷ്ണതയില്‍ അവര്‍ ഇരുവരും ഒന്നാകുന്നു.
-പശ്ചാത്തലത്തില്‍ ഗാനം-

93

പ്രഭാതം
വിനോദിന്റെ മുറി
അകം.
കട്ടിലിലിരുന്ന് കാപ്പി കുടിക്കുന്ന ഇന്ദുവും വിനോദും.
ഇന്ദു : വിനോദ്... ഞാനിവിടെ വരാന്‍ പാടില്ലായിരുന്നു. ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലായിരുന്നു.
വിനോദ് : ഇന്നുവരെ ഞാന്‍ ടീച്ചര്‍ എന്നേ വിളിച്ചിട്ടുള്ളൂ. പക്ഷേ ഇന്നു മുതല്‍ നമ്മള്‍ ടീച്ചറും സ്റ്റുഡന്റുമല്ല. ണല മൃല ഹീ്‌ലൃ.െ ലലേൃിമഹ ഹീ്‌ലൃ.െ... നമ്മള്‍ രണ്ടല്ല. ഒന്നാണ്.
ഇന്ദു : എന്നാലും ഇത് എത്രത്തോളം ശരിയാണെന്ന് ആലോചിക്കുമ്പോ....
വിനോദ് : ഈ ശരിയും തെറ്റും തീരുമാനിക്കുന്നത് നാട്ടുകാരോ അതോ നമ്മളോ. എന്റെ പെണ്ണേ എനിക്ക് നിന്നെയിഷ്ടമാണ് നിനക്ക് എന്നെ യും. അതിലും വലിയ ശരി നമുക്ക് വേണ്ടാ.
ഇന്ദു : (സ്‌നേഹപൂര്‍വം വിനോദിന്റെ കവിളില്‍ തലോടി) എന്തുപറഞ്ഞാലും ഉത്തരമുണ്ടല്ലോ.
അതൊരു ആത്മസമര്‍പ്പണമായി.

94

പകല്‍
കടല്‍ത്തീരം.
വിനോദും ഇന്ദുവും കടല്‍ത്തീരത്തിരുന്ന് സംസാരിക്കുന്നു. വിനോദ് ഇന്ദുവിനെ കെട്ടിപ്പിടിച്ചിരിക്കുന്നു.
ഇന്ദു : വിനോദ്.... സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ടവളാണ് ഞാന്‍. എനിക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. (കണ്ണുനീര്‍ തുടയ്ക്കുന്നു) ചോദിക്കാനും പറയാനും എനിക്കാരുമില്ല.
വിനോദ് : എന്റെയും നില അതുതന്നെയാ. ഓര്‍മവച്ചപ്പോ മുതല്‍ ഞാന്‍ കോണ്‍വെന്റിലാ. അമ്മ മരിച്ചത് ഒരു കത്തുമുഖേനയാ അറിഞ്ഞത്. അന്നു ഞാന്‍ ഒറ്റയ്ക്കിരുന്ന് ഒരുപാട് കരഞ്ഞു. കച്ചവടത്തിന്റെ പുതിയ പുതിയ സാമ്രാജ്യങ്ങള്‍ കണ്ടെത്തുന്ന തിരക്കിലായിരുന്നു എന്റെ അച്ഛന്‍ എന്നും. മണിയോര്‍ഡര്‍ മാത്രം മുടങ്ങാതെയെത്തും. (ഇന്ദുവിനെ കെട്ടിപ്പിടിച്ച്) സ്‌നേഹമെന്നത് എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ, ഇപ്പഴതു കിട്ടി ഓ... ഇനി നമ്മള്‍ പിരിയരുതേ...

95

രാത്രി.
വിനോദും ഇന്ദുവും തമ്മിലുള്ള സ്‌നേഹാര്‍ദ്രനിമിഷങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍.... വിവിധ പശ്ചാത്തലങ്ങള്‍.
(ജോണ്‍പോളിന്റെ 'എന്റെ ഭരതന്‍ തിരക്കഥകള്‍ ' എന്ന പുസ്തകത്തില്‍ നിന്ന്)


പുസ്തകം വാങ്ങാം






 

ga