സുധീരനെതിരെ പടയൊരുക്കം

Posted on: 15 Sep 2015ഐ ഗ്രൂപ്പിനെതിരെയാണ് സുധീരന്റെ നീക്കമെന്ന് പരാതി
കണ്‍സ്യൂമര്‍ഫെഡ്: കത്തുനല്‍കിയത് അന്ത്യശാസനയ്ക്കു ശേഷമെന്ന് സുധീരന്‍
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനെതിരെ പരാതിയുമായി ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡില്‍ എത്തിയതോടെ, കോണ്‍ഗ്രസ്സിലെ തര്‍ക്കം മുറുകുന്നു.

കോണ്‍ഗ്രസ് പുനഃസംഘടനയും കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസുമാണ് സുധീരനുമായി ഐ ഗ്രൂപ്പ് ഇടയാന്‍ കാരണം. ഐ ഗ്രൂപ്പിനെതിരെ പ്രസിഡന്റ് ബോധപൂര്‍വം നീങ്ങുന്നുവെന്നാണ് അവരുടെ പരാതി.

എന്നാല്‍, കാതലായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതിന്റെ നന്മതിന്മ നോക്കാതെ ഗ്രൂപ്പിന്റെ പേരില്‍ അവ മറയ്ക്കാന്‍ ശ്രമിക്കുകയാണ് ഐ ഗ്രൂപ്പെന്ന നിലപാടാണ് സുധീരന്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കെതിരെ ഒരു വര്‍ഷത്തിെേലറയായി താന്‍ നിലപാടെടുക്കുകയാണ്. ഫലംകാണുന്നില്ലെന്നുകണ്ടപ്പോള്‍ സ്ഥാനംപോകുമെന്ന് ചെയര്‍മാന്‍ ജോയ് തോമസിന് മുന്നറിയിപ്പും നല്‍കി. എന്നിട്ടും ഗുണമില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കേണ്ടിവന്നത് പ്രസിഡന്റിനോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുനഃസംഘടന ഡി.സി.സി. തലത്തിലേക്ക് കടന്നപ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ നല്‍കിയ പട്ടികയില്‍ സുധീരന്‍ ചിലരെ കൂട്ടിച്ചേര്‍ത്തതായിരുന്നു സുധീരനുമായി ഗ്രൂപ്പ് നേതാക്കള്‍ അടുത്ത സമയത്ത് അകലാന്‍ കാരണം.
എ, ഐ ഗ്രൂപ്പുകള്‍ യോജിച്ച് പട്ടിക നല്‍കിയിട്ടും അതില്‍ മാറ്റംവരുത്തുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി. പുനഃസംഘടന തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാട് ഗ്രൂപ്പ് നേതാക്കള്‍ സ്വീകരിച്ചു. ഡി.സി.സി. പുനഃസംഘടന അതോടെ ഏതാണ്ട് നിലച്ചമട്ടായി.

സമാന്തരമായി കണ്‍സ്യൂമര്‍ഫെഡിലെ പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ നീറുന്നുണ്ടായിരുന്നു. പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആരോപണം ടോമിന്‍ തച്ചങ്കരിയെപ്പോലെ ഒരുദ്യോഗസ്ഥന്‍ പറയുമ്പോള്‍, പാര്‍ട്ടിതന്നെ അതേറ്റുപിടിക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി.
ഇതിനിടെ, തൃശ്ശൂരില്‍ ഗ്രൂപ്പുവഴക്കിന്റെ നിറംകലര്‍ന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിനുപിന്നില്‍ രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള തര്‍ക്കവുമുണ്ടെന്നിരിക്കെ, മന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ഐ ഗ്രൂപ്പ് പരാതിപ്പെടുന്നു.

എന്നാല്‍, കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച് ആറുപ്രാവശ്യം ഭരണസമിതിയിലെ പാര്‍ട്ടി അംഗങ്ങളെയും മുഖ്യമന്ത്രിയെയും മറ്റും പങ്കെടുപ്പിച്ച് കെ.പി.സി.സി. പ്രസിഡന്റ് യോഗം നടത്തിയിട്ടുണ്ടെന്ന് സുധീരനോട് അടുത്ത കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. ഈ യോഗങ്ങളിലൊക്കെ അവിടത്തെ അഴിമതിപ്രശ്‌നം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും അക്കാര്യം ബോധ്യമുള്ളതാണ്. ഇങ്ങനെപോയാല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ഒന്നിലേറെ തവണ നല്‍കി.
എന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റാന്‍ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. ഈ യോഗങ്ങളിലൊന്നും സഹകരണമന്ത്രി പങ്കെടുത്തില്ല.

ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ ഗ്രൂപ്പിന്റെ പരിവേഷം കൊണ്ടുവരുന്നത് ശരിയല്ലെന്ന് പ്രസിഡന്റ് പറയുന്നു.

ഇതിനിടെ, എ ഗ്രൂപ്പ് നേതാവും കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അംഗവുമായ സതീശന്‍ പാച്ചേനിയും ജോയ് തോമസിനെതിരെ രംഗത്തുവന്നു. കെ.പി.സി.സി. പ്രസിഡന്റ് പറയുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലെന്നും അവിടെ ക്രമക്കേടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പടയ്ക്കുമുമ്പെ പാളയത്തില്‍ പടയെന്ന കോണ്‍ഗ്രസ്സിലെ പതിവ് ആവര്‍ത്തിക്കപ്പെടുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിനുമുമ്പ് അന്തരീക്ഷം കൂടുതല്‍ കലങ്ങുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും.

രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടു


ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു


ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഐ ഗ്രൂപ്പും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും തമ്മില്‍ ഭിന്നത വര്‍ധിച്ചിരിക്കേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തി. പാര്‍ട്ടി നേതാവ് ഇ.എം. അഗസ്തിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

സമീപകാലത്ത് വി.എം. സുധീരന്‍ സ്വീകരിച്ചിട്ടുള്ള ചില നിലപാടുകളില്‍ ഐ ഗ്രൂപ്പിനുള്ള അതൃപ്തി സോണിയയെ നേതാക്കള്‍ ധരിപ്പിച്ചതായാണ് സൂചന. കെ.പി.സി.സി. അധ്യക്ഷന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നുവെന്ന പരാതി ഐ ഗ്രൂപ്പിനുണ്ട്. എന്നാല്‍, സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ഉറപ്പുനല്‍കിയതായും മാത്രമാണ് രമേശ് ചെന്നിത്തല കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുമായും നേതാക്കള്‍ ചര്‍ച്ചനടത്തി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/