മൂന്നാറിലേത് വെറുമൊരു സമരമല്ല

Posted on: 15 Sep 2015മൂന്നാറില്‍ പാവപ്പെട്ടവരായ തേയിലത്തോട്ടം തൊഴിലാളിസ്ത്രീകള്‍ അംഗീകൃതരാഷ്ട്രീയക്കാരെ തിരസ്‌കരിച്ചുകൊണ്ടു നടത്തിയ സമരത്തിന്റെ വിജയം ജനങ്ങളുടെ രാഷ്ട്രീയസങ്കല്പത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കപടരാഷ്ട്രീയം മടുത്തുകഴിഞ്ഞ സാധാരണക്കാര്‍, വിശേഷിച്ചും ഇതുവരെ നിശ്ശബ്ദരായിരുന്ന സ്ത്രീകള്‍ ബദലിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നതിന്റെ സൂചനയാണ് മൂന്നാര്‍സമരം. സഹിച്ചുമടുത്തുകഴിഞ്ഞ ബഹുജനങ്ങള്‍ക്ക് അതൊരു ശുഭസൂചനയാണ്. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ക്കും തൊഴിലാളിയൂണിയനുകള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാന്‍ മടിയുള്ള തൊഴിലുടമകള്‍ക്കും വിപത്സൂചനയും. എണ്ണായിരം രൂപയോളം ബോണസ് കിട്ടാനായി തൊഴിലാളികളാരംഭിച്ച മൂന്നാറിലെ സമരം ന്യായമാണെന്ന കാര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമൊന്നും എതിരഭിപ്രായമുണ്ടായിരുന്നില്ലെങ്കിലും അതിനു പരിഹാരംകാണാന്‍ ഒമ്പതുദിവസമെടുത്തു. ആ ദിവസങ്ങളിലത്രയും തൊഴിലാളികള്‍ പിടിച്ചുനിന്നു. സര്‍വജനങ്ങളുടെയും പിന്തുണനേടിയ ആ സമരം തീര്‍ക്കാന്‍ അവസാനനിമിഷത്തില്‍ ക്രിയാത്മകമായി ഇടപെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍, ജനങ്ങളുടെ മുഴുവന്‍ ആദരവും പിന്തുണയും ലഭിച്ചത് കൊടിക്കൂറകളുടെയും അവകാശപ്രസംഗക്കസര്‍ത്തുകളുടെയും കീഴിലല്ലാതെ സ്വന്തം ജീവിതത്തിനും തൊഴിലവകാശത്തിനും വേണ്ടി സ്വാത്മപ്രേരിതമായി സമരത്തിനിറങ്ങിയ ആ സ്ത്രീകള്‍ക്കാണ്. മറ്റൊരുതരം രാഷ്ട്രീയം സാധ്യമാണെന്നു തെളിയിച്ച അവര്‍ പുതിയൊരു ചരിത്രമാണെഴുതിയത്.

കണ്ണന്‍ദേവന്‍ ഹില്‍ പ്‌ളാന്റേഷന്‍ (കെ.ഡി.എച്ച്.പി.) കമ്പനി തൊഴിലാളികളുെട ബോണസ് കഴിഞ്ഞതവണ നല്‍കിയ 19 ശതമാനത്തില്‍നിന്നു 10 ശതമാനമായി വെട്ടിക്കുറച്ചതാണ് മൂന്നാറിലെ സമരത്തിനു കാരണമായത്. കഴിഞ്ഞതവണത്തേതില്‍നിന്ന് ഒരുശതമാനം വര്‍ധനയായിരുന്നു തൊഴിലാളികളുടെ ആവശ്യം. ദാരിദ്ര്യത്തില്‍ക്കഴിയുന്ന അവരുടെ ന്യായമായ ആവശ്യം നേടിക്കൊടുക്കാന്‍ തൊഴിലാളിയൂണിയനുകള്‍ വൈമുഖ്യംകാണിച്ചതോടെ തൊഴിലാളികള്‍ നേരിട്ടുസമരത്തിനിറങ്ങി. കണ്ണന്‍ദേവനിലെ പതിമൂവായിരത്തോളംവരുന്ന സ്ഥിരം െതാഴിലാളികളില്‍ ഭൂരിപക്ഷമായ കൊളുന്തുനുള്ളുന്ന സ്ത്രീകള്‍ പ്രത്യയശാസ്ത്രവും വര്‍ഗവിശകലനവുമൊന്നുമില്ലാതെ പോരാട്ടം തുടങ്ങിെവച്ചു. തുടക്കത്തില്‍ സ്വന്തംവീട്ടിലെ പുരുഷന്മാരെപ്പോലും മാറ്റിനിര്‍ത്തി അവര്‍ നയിച്ച അതിജീവനസമരത്തിന്റെ ഉഗ്രതയും ഉജ്ജ്വലതയുംകണ്ട് ഐക്യദാര്‍ഢ്യത്തിനുചെന്ന സ്ഥലം എം.എല്‍.എ.യെയും മറ്റു കക്ഷിനേതാക്കളെയും ആട്ടിപ്പായിച്ച ആ സമരാംഗനമാര്‍ കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ ഹൃദയവികാരമാണു പ്രകടിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമാത്രം അവര്‍ ഹൃദയഹാരിയായ സ്വീകരണംനല്‍കി. തങ്ങളെ മനസ്സിലാക്കുന്ന ഒരു ജനനേതാവിനെ അവര്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വി.എസ്സിനു ലഭിച്ച സ്വീകാര്യത തെളിയിച്ചു. ''സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുംവരെ ഞാന്‍ ഈ തൊഴിലാളികള്‍ക്കൊപ്പം ഇവിടെ ഇരിക്കാന്‍പോവുകയാണ്'' എന്ന വി.എസ്സിന്റെ പ്രഖ്യാപനം സമരത്തിന്റെ അന്തിമവിജയം പ്രവചിച്ചു.

ഇരുപതുശതമാനം ബോണസ് എന്ന ആവശ്യം തൊഴിലാളികള്‍ മറ്റൊരുതരത്തില്‍ നേടിയെടുത്തതിലാണു മൂന്നാര്‍സമരം അവസാനിച്ചത്. 8.33 ശതമാനം ബോണസായും 11.67 ശതമാനം ആശ്വാസസഹായമായുമാണ് ആ തുക അവര്‍ക്കു ലഭിക്കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 3500 രൂപ അടിസ്ഥാനശമ്പളം കിട്ടുന്ന ഈ തൊഴിലാളികള്‍ക്ക് ഇരുപതുശതമാനം ബോണസ് എന്ന ആവശ്യം നേടുന്നതിലൂടെ ആകെ എണ്ണായിരത്തോളം രൂപ മാത്രമേ ലഭിക്കുന്നുള്ളൂ എന്നുകൂടി കാണണം. ന്യായമായി ലഭിക്കേണ്ട ആ തുകയ്ക്കായിരുന്നു അവരുടെ സമരം. തോട്ടം തൊഴില്‍നിയമം വാഗ്ദാനംചെയ്യുന്ന കുടിവെള്ളപാര്‍പ്പിടസൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും നല്‍കാനുള്ള നടപടികളുണ്ടാവുമെന്നും ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. അഭിനന്ദനീയമായ ഈ സമരവും അതുമായി ബന്ധപ്പെട്ടുണ്ടായ മറ്റു സംഭവങ്ങളും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയനേതാക്കളെയും തൊഴിലാളിനേതാക്കളെയും വീണ്ടുവിചാരത്തിനു വിധേയരാക്കേണ്ടതുണ്ട്. മൂന്നാര്‍പ്രശ്‌നം കൈകാര്യംചെയ്യുന്നതില്‍ വീഴ്ചപറ്റി, മാധ്യമകുപ്രചാരണം, അരാഷ്ട്രീയശക്തികളുടെ കടന്നുകയറ്റം തുടങ്ങിയ പതിവു കുറ്റസമ്മതങ്ങളും വിശകലനങ്ങളുമായി ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞേക്കുമെങ്കിലും യാഥാര്‍ഥ്യങ്ങള്‍ നഗരൂപത്തില്‍ നിലനില്‍ക്കുകയാണ്; ജനങ്ങളതു കാണുന്നുമുണ്ട്. നേതാക്കളുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയുംപറ്റി ബഹുജനങ്ങളും തൊഴിലാളികളുമെല്ലാം സംശയിച്ചുതുടങ്ങിയിട്ടു കുറേക്കാലമായി. തേയിലത്തോട്ടങ്ങളില്‍ മാത്രമല്ല മറ്റു രംഗങ്ങളിലും ഇതുതന്നെയാണു സ്ഥിതി. മറ്റു മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ അവര്‍ സഹിച്ചുപോരുന്നുവെന്നുമാത്രം. രാഷ്ട്രീയവും ഇന്നു ലാഭകരമായ വ്യവസായമാണെന്നറിയാത്തവരില്ല. നിത്യേന കാണുന്ന മാതൃകകളിലൂടെ ജനങ്ങളതു മനസ്സിലാക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന പൊട്ടിത്തെറിയാണു മൂന്നാറില്‍ കണ്ടത്. സര്‍വവ്യാപിയായ ഒരു സംഘടിതമുന്നേറ്റമല്ലെങ്കിലും അതു ബദല്‍രാഷ്ട്രീയത്തിന്റെ, ജനങ്ങള്‍തന്നെ നയിക്കുന്ന പുതിയൊരു ജനകീയരാഷ്ട്രീയത്തിന്റെ ആവിര്‍ഭാവസാധ്യത വെളിപ്പെടുത്തുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/