കര്‍ണാടക ലോകായുക്ത ഇനി കൂട്ടിലടച്ച തത്ത
Posted on: 15 Sep 2015
പി. സുനില്‍കുമാര്‍
കര്‍ണാടക കത്ത്
കൈക്കൂലിക്കേസില്‍ ലോകായുക്ത ഓഫീസിനുനേരേ വിരല്‍ചൂണ്ടുമ്പോള്‍ അഴിമതിക്കേസുകളുടെ ഭാവിതന്നെ അവതാളത്തിലായിരിക്കുകയാണ്
കര്‍ണാടക ലോകായുക്ത അഴിമതിക്കാര്‍ക്കെതിരെ ഗര്‍ജിക്കുന്ന സിംഹമായിരുന്നു. എന്നാല്‍, പല്ലും നഖവും കൊഴിഞ്ഞ് ശക്തിക്ഷയിക്കുന്ന കാഴ്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യംവഹിച്ചത്. അഴിമതിക്കാര്‍ക്കെതിരെ പടവാളുയര്‍ത്തിയ ലോകായുക്ത ഓഫീസിനുനേരേതന്നെ അഴിമതിയാരോപണമുയര്‍ന്നു. കൈക്കൂലിക്കേസില്‍ ലോകായുക്ത ജസ്റ്റിസ് വൈ. ഭാസ്കര്‍ റാവുവിന്റെ മകന് അശ്വിന് റാവു അടക്കം പത്തുപേര്‍ അറസ്റ്റിലാവുകയും പിന്നാലെ ഭരണഘടനാ സ്ഥാപനത്തിനെതിരെ ജനരോഷമുയരുകയുംചെയ്തതോടെ ലോകായുക്ത ജസ്റ്റിസ് വൈ. ഭാസ്കര്‍ റാവു അവധിയില്‍ പ്രവേശിച്ചു. ഇതോടെ ലോകായുക്ത ഓഫീസ് ഇപ്പോള്‍ നാഥനില്ലാക്കളരിയായി. അഴിമതിക്കഥകളുമായി ബന്ധപ്പെട്ട പല പ്രധാന ഫയലുകളും ഓഫീസില്‍ ഇപ്പോള്‍ കാണാനില്ലത്രേ.
ലോകായുക്ത ജസ്റ്റിസിന്റെ മകന് അശ്വിന് റാവുതന്നെയാണ് തട്ടിപ്പിനു നേതൃത്വംനല്കിയതെന്നതാണ് വിരോധാഭാസം. പിതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുമായിച്ചേര്ന്ന് വിവരാവകാശനിയമപ്രകാരം സംസ്ഥാനത്തെ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെടുകയായിരുന്നു പതിവ്. വീടുകളില്‍ റെയ്ഡ് നടത്താതിരിക്കാന്‍ കോടികളാവശ്യപ്പെട്ടു. ഇതോടൊപ്പം സ്വത്തുതര്‍ക്കങ്ങളില്‍ മധ്യസ്ഥതവഹിച്ചും കോടികള്‍ പോക്കറ്റിലാക്കി. മാസങ്ങള്‍ക്കുള്ളില്‍ വിവിധ ഉദ്യോഗസ്ഥരില്‍നിന്നായി 100 കോടി രൂപയിലധികം കൈക്കൂലിയായി ലോകായുക്ത ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘം തട്ടിയെടുത്തുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വേലിതന്നെ വിളവുതിന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി.
വീട്ടില്‍ റെയ്ഡ് നടത്താതിരിക്കാന്‍ ഒരുകോടി രൂപ ലോകായുക്ത ഓഫീസ് ആവശ്യപ്പെട്ടുവെന്നു കാണിച്ച് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലോകായുക്ത പോലീസ് സൂപ്രണ്ട് സോണിയ അഗര്‍വാളിന് പരാതിനല്‍കിയതോടെയാണ് ജനത്തെ ഞെട്ടിച്ച അഴിമതി പുറത്തായത്. പരാതിയുമായി മുന്നോട്ടുപോയ സോണിയ അഗര്‍വാളിനെ തളയ്ക്കാന്‍ ശ്രമംനടന്നെങ്കിലും സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ അഴിമതിക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍, പരാതിയില്‍ ലോകായുക്ത പോലീസ് ആരംഭിച്ച അന്വേഷണം ലോകായുക്ത തലവന്‍തന്നെ ഇടപെട്ട് റദ്ദാക്കിയതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു. പ്രതിപക്ഷവും വിവരാവകാശപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി. എന്നാല്‍, ഒന്നുംചെയ്യാന്‍ കഴിയാതെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. 1984ലെ കര്‍ണാടക ലോകായുക്ത ആക്ട് പ്രകാരം
ലോകായുക്തയ്ക്കെതിരെ ഉന്നത അന്വേഷണത്തിനുത്തരവിടാന്‍ സര്‍ക്കാറിനു കഴിയില്ലെന്ന വാദമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉയര്‍ത്തിയത്. പ്രതിഷേധം സംസ്ഥാനവ്യാപകമായതോടെ ലോകായുക്തയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എ.ഡി.ജി.പി. കമാല്‍ പാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ഈ സംഘമാണ് ലോകായുക്തയുടെ മകന് അശ്വിന് റാവു, ലോകായുക്ത ജോയിന്റ് കമ്മിഷണര്‍, പത്രപ്രവര്ത്തകന്, റിയല്‍ എസ്റ്റേറ്റ് വ്യാപാരി തുടങ്ങി പത്തുപേരെ അറസ്റ്റുചെയ്തത്. ഇവരെല്ലാം ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്.
എന്നാല്‍, രാജിവെയ്ക്കാന്‍ ജസ്റ്റിസ് വൈ. ഭാസ്കര്‍ റാവു ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ മാത്രമേ രാജിവെക്കൂവെന്ന നിലപാടിലാണ് ലോകായുക്ത. ലോകായുക്തയുടെ നിര്‍ദേശത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയെന്തായിരിക്കുമെന്ന് പലര്‍ക്കുമറിയാം. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മകനെ തള്ളിപ്പറയുന്നതിനുപകരം പ്രതിരോധിക്കാനാണ് ലോകായുക്ത ശ്രമിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്. ലോകായുക്ത ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവവും കൂട്ടുന്നു. അഴിമതിക്കാര്‍ക്കെതിരെ കാവലാളാവേണ്ട ഭരണഘടനാസ്ഥാപനംതന്നെ സംശയത്തിന്റെ നിഴലിലായി.
ലോകായുക്തയ്ക്കെതിരെ അഴിമതിയാരോപണമുയര്ന്നപ്പോള് എലിയെപ്പേടിച്ച് ഇല്ലംചുടുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പറയേണ്ടിവരും. ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനുപകരം ലോകായുക്തനിയമത്തില്‍ സമഗ്രഭേദഗതി കൊണ്ടുവന്ന് കൂട്ടിലടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബി.ജെ.പി., ജനതാദള്‍(എസ്) എന്നീ പാര്‍ട്ടികളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. കാരണം അഴിമതിക്കുമുകളില് പറന്ന ലോകായുക്തയുടെ ചിറകുകളരിഞ്ഞുവീഴ്ത്തേണ്ടത് പല നേതാക്കളുടെയും ആവശ്യമായിരുന്നു. പ്രതിപക്ഷപിന്തുണയോടെ കര്‍ണാടക ലോകായുക്ത ഭേദഗതിബില്‍ പാസ്സാക്കുകയും ഗവര്‍ണര്‍ വാജുഭായ് വാല അംഗീകാരംനല്‍കുകയും ചെയ്തു. ഇതോടെ ലോകായുക്തയെ നീക്കംചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെട്ടു.
1984ലെ ലോകായുക്ത ആക്ട് പ്രകാരം ലോകായുക്തയ്ക്ക് നിഷ്പക്ഷവും ശക്തവുമായ അധികാരമാണ് വിഭാവനംചെയ്യുന്നത്. ലോകായുക്തയെ നീക്കംചെയ്യുന്ന പ്രമേയം നിയമസഭയിലവതരിപ്പിക്കണമെങ്കില് അംഗബലത്തില്‍ മൂന്നില്‍ രണ്ടുപേരുടെ പിന്തുണവേണ്ടിയിരുന്നു. അതിനാല്‍ ലോകായുക്തയ്ക്കെതിരെയുള്ള നീക്കങ്ങളെല്ലാം പരാജയപ്പെടാറാണു പതിവ്. എന്നാല്‍, ഭേദഗതിയിലൂടെ ഇത് മൂന്നിലൊന്നാക്കിച്ചുരുക്കി. ഇതോടെ ലോകായുക്തയും കൂട്ടിലടച്ച തത്തയായിമാറിയെന്ന് നിസ്സംശയം പറയാം.
2006ല്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ ലോകായുക്തയായതോടെയാണ് കര്‍ണാടക ലോകായുക്ത രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെട്ടത്. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നടപടികള്‍ ഒരുപരിധിവരെ ഡല്ഹിയിലരങ്ങേറിയ അണ്ണ ഹസാരെയുടെ ജനലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള സമരത്തിനും പ്രചോദനമായിരുന്നു. കര്‍ണാടകത്തിലെ അനധികൃത ഇരുമ്പയിര് ഖനനത്തെക്കുറിച്ച് 2010ല്‍ സമര്‍പ്പിച്ച ലോകായുക്ത റിപ്പോര്‍ട്ട് രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കി. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമരവിരിയിച്ച ബി.എസ്. യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. റിപ്പോര്‍ട്ട് സുപ്രീംകോടതിയിലെത്തിയപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിനുത്തരവിട്ടു. ബി.ജെ.പി.യിലെ കരുത്തനും ഖനിയുടമയുമായ ജനാര്ദനറെഡ്ഡിയടക്കമുള്ളവര് അറസ്റ്റിലായി. ഭൂമി അഴിമതിക്കേസില്‍ ലോകായുക്തയെടുത്ത കേസില്‍ യെദ്യൂരപ്പയും അറസ്റ്റിലായി. ബി.ജെ.പി.യുടെ രാഷ്ട്രീയഭാവിക്കുതന്നെ കരിനിഴല്‍വീഴ്ത്തിയ സംഭവമായിരുന്നു അത്.
ജനതാദള്‍(എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയടക്കം നിരവധി രാഷ്ട്രീയനേതാക്കള്‍ നിയമക്കുരുക്കില്‍പ്പെട്ടു. സംസ്ഥാനത്ത് അര്ബുദമായിമാറിയ അഴിമതി ഓരോന്നായി പുറത്തുകൊണ്ടുവരാന്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയ്ക്കു കഴിഞ്ഞു. ഭൂമിയുടെ മാറിടം പിളര്‍ത്തിയുള്ള അനധികൃതഖനനത്തിന് തടയിടാനും ലോകായുക്തയ്ക്കായി. എന്നാല്‍ 2011ല്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ വിരമിച്ചശേഷം ലോകായുക്തനിയമനങ്ങളില് രാഷ്ട്രീയനേതൃത്വം പ്രത്യേകശ്രദ്ധചെലുത്തി. നേതാക്കളില്‍ പലരും ലോകായുക്തയുടെ കെണിയില്‍പ്പെട്ടതാണ് ഇതിനുകാരണം. രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി ലോകായുക്ത മാറിയെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ബി.ജെ.പി. ഭരണത്തില്‍ 2011ല്‍ ജസ്റ്റിസ് ശിവരാജ് പാട്ടീലിനെ ലോകായുക്തയായി നിയമിച്ചെങ്കിലും ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് രാജിവെച്ചു. പിന്നീട് 2013 ഫിബ്രവരിയില്‍ ബി.ജെ.പി. സര്‍ക്കാര്‍തന്നെയാണ് ജസ്റ്റിസ് വൈ. ഭാസ്കര്‍ റാവുവിനെ ലോകായുക്തയായി നിയമിക്കുന്നത്. ഇതിനിടെ അഴിമതിയുടെകാര്യത്തില്‍ രാഷ്ട്രീയനേതാക്കള്‍ ഒന്നിക്കുന്ന കാഴ്ചയും അരങ്ങേറി. വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലമേറ്റെടുത്തുകൊണ്ടുള്ള സര്ക്കാര്വിജ്ഞാപനം റദ്ദാക്കിയതിലെ ക്രമക്കേടു സംബന്ധിച്ച് സി.എ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ക്കെതിരെ ലോകായുക്ത കേസ് രജിസ്റ്റര്‍ചെയ്തു. ലോകായുക്ത യെദ്യൂരപ്പയ്ക്കെതിരെ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ പിന്തുണയുമായെത്തിയത് ശത്രുപക്ഷത്തുണ്ടായിരുന്ന എച്ച്.ഡി. കുമാരസ്വാമിയാണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ ഇവര്‍ ഇരുവരും ഒന്നിച്ചതില്‍ അതിശയോക്തിയില്ലെന്ന് ഇതില്‍നിന്നു വ്യക്തമാകും. കൈക്കൂലിക്കേസില്‍ ലോകായുക്ത ഓഫീസിനുനേരെ വിരല്‍ചൂണ്ടുമ്പോള്‍ അഴിമതിക്കേസുകളുടെ ഭാവിതന്നെ അവതാളത്തിലായിരിക്കുകയാണ്.