സോംനാഥ് ഭാരതിക്കെതിരെ ജാമ്യമില്ലാ വാറന്റ്; അറസ്റ്റ് ഉടനുണ്ടായേക്കും

Posted on: 15 Sep 2015
ന്യൂഡല്‍ഹി: ഭാര്യ നല്‍കിയ ഗാര്‍ഹികപീഡനക്കേസില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ.യും മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് ഇറക്കി. ഇദ്ദേഹം അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മനിക വാറന്റ് ഇറക്കിയത്. ഇതോടെ ഭാരതി താമസിയാതെ അറസ്റ്റിലായേക്കും.

മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയ ഉടന്‍തന്നെ ജാമ്യമില്ലാ വാറന്റ് ഇറക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഭാരതിക്കെതിരായ കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. കൊലപാതകശ്രമമുള്‍പ്പെടെയുള്ള കുറ്റം ഒഴിവാക്കാന്‍ ഈസാഹചര്യത്തില്‍ കഴിയില്ലെന്നും വ്യക്തമായ ആരോപണങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് ശക്തമായി എതിര്‍ത്തിരുന്നു.

2010-ല്‍ വിവാഹംകഴിഞ്ഞതുമുതല്‍ തന്നെ സോംനാഥ് ഭാരതി പീഡിപ്പിച്ചുവരുന്നതായാണ് ഭാര്യ ലിപിക മിത്ര പരാതിനല്‍കിയത്. കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. 2012മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണു കഴിയുന്നത്. സോംനാഥ് ഭാരതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ആംആദ്മി പാര്‍ട്ടിയും ഡല്‍ഹി പോലീസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇതാണ് ഭാരതിക്കു പ്രശ്‌നമാകുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/