ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ 16-കാരിയെ മാതാപിതാക്കള്‍ കൊന്നു

Posted on: 15 Sep 2015കര്‍ണാടകത്തില്‍ ദുരഭിമാനക്കൊല


ബെംഗളൂരു: ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ബെംഗളൂരു റൂറല്‍ ജില്ലയിലെ രാമനഗരയിലുള്ള കെ.ജി.ഹൊസഹള്ളിയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഗോവിന്ദ രാജു, ഭാര്യ ജയലക്ഷ്മമ്മ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

സംഭവത്തെപ്പറ്റി പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: ബെംഗളൂരുവിലെ സുങ്കതക്കട്ടെയില്‍ ബന്ധുവീട്ടില്‍ താമസിക്കവേ പെണ്‍കുട്ടി അയല്‍വാസിയായ മഞ്ജുനാഥുമായി അടുത്തു. ഹുബ്ബള്ളി സ്വദേശിയായ 21-കാരനായ യുവാവ് സഹോദരിയോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. മഞ്ജുനാഥുമായുള്ള അടുപ്പം മനസ്സിലാക്കിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ രാമനഗരയിലെ വീട്ടിലേക്ക് തിരിച്ചയച്ചു.

സപ്തംബര്‍ ആറിന് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ശ്രീ രേവണ്ണ സിദ്ധേശ്വര ഹില്‍സിലെത്തിയ മഞ്ജുനാഥ് കാമുകിയെ ഹുബ്ബള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മകളെ മഞ്ജുനാഥ് തട്ടിക്കൊണ്ടുപോയെന്നുകാട്ടി ഗോവിന്ദ രാജുവും ജയലക്ഷ്മമ്മയും രാമനഗര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹുബ്ബള്ളിയില്‍നിന്ന് മഞ്ജുനാഥിനെയും പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തു.

പിന്നീട്, രാമനഗരയിലെത്തിച്ച പെണ്‍കുട്ടിയെ ഉപാധികളോടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മകള്‍ ആത്മഹത്യ ചെയ്‌തെന്നറിയിച്ച് ഞായറാഴ്ച ഗോവിന്ദരാജുവും ഭാര്യയും വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മകള്‍ ഒളിച്ചോടിപ്പോയതിലുള്ള നാണക്കേടുമൂലമാണ് കൊലപ്പെടുത്തിയതെന്ന് ദമ്പതിമാര്‍ സമ്മതിച്ചതായാണ് സൂചന. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/