ടോണി ആബട്ടിനെ പുറത്താക്കി; മാല്‍ക്കം ടേണ്‍ബുള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

Posted on: 15 Sep 2015
കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ടോണി ആബട്ടിനെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി വോട്ടെടുപ്പിലൂടെ പുറത്താക്കി. വോട്ടെടുപ്പില്‍ വിജയിച്ച വിവരവിനിമയ മന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടുത്ത പ്രധാനമന്ത്രിയാകും. പാര്‍ട്ടിക്കുള്ളില്‍ ആബട്ടിന്റെ ബദ്ധശത്രുവാണ് ടേണ്‍ബുള്‍.

പാര്‍ട്ടിക്കുള്ളിലെ ദീര്‍ഘനാളത്തെ അധികാരത്തര്‍ക്കത്തിനൊടുവിലാണ് കാന്‍ബറയില്‍ രഹസ്യവോട്ടെടുപ്പിനായി യോഗം ചേര്‍ന്നത്. മാല്‍ക്കത്തിന് 54 വോട്ടും ആബട്ടിന് 44 വോട്ടും ലഭിച്ചു. സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിക്കാന്‍ ആബട്ട് പ്രാപ്തനല്ലെന്ന് വോട്ടെടുപ്പിനുമുമ്പ് ടേണ്‍ബുള്‍ പറഞ്ഞു. വ്യത്യസ്തമായ നേതൃത്വമാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ആബട്ട് തയ്യാറായില്ല. 2013-ലെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്നാണ് ആബട്ട് പ്രധാനമന്ത്രിയാവുന്നത്. 30നെതിരെ 70 വോട്ടുകള്‍ നേടിയ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് ഉപനേതാവായി തിരഞ്ഞെടുക്കെപ്പട്ടു. ടേണ്‍ബുള്ളിനെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് 2009-ല്‍ ആബട്ട് പുറത്താക്കിയിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/