ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യം നേപ്പാള്‍ പാര്‍ലമെന്റ് തള്ളി

Posted on: 15 Sep 2015
കാഠ്മണ്ഡു: ഹിന്ദുരാഷ്ട്രത്തിലേക്ക് തിരിച്ചു പോകണമെന്ന ജനഹിതം നേപ്പാള്‍ പാര്‍ലമെന്റ് തള്ളി. ഇതേത്തുടര്‍ന്ന് രാജ്യത്ത് വന്‍പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.പുതിയ ഭരണഘടനയുടെ കരട് അംഗീകരിക്കുന്ന വേളയിലാണ് പാര്‍ലമെന്റ് അംഗങ്ങള്‍ യാഥാസ്ഥിതികരുടെ ആവശ്യം തള്ളിയത്. മൂന്നില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങളും എതിര്‍ത്ത് വോട്ടുചെയ്തു. നൂറ്റാണ്ടുകളായുള്ള രാജഭരണകാലത്ത് നേപ്പാള്‍ ഹിന്ദുരാഷ്ട്രമായിരുന്നു. 2006-ല്‍ രാജവാഴ്ചയ്ക്ക് അവസാനമായതോടെ രാജ്യത്തെ മതേതരമായി പ്രഖ്യാപിക്കുകയായിരുന്നു.

തിങ്കളാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനു പുറത്ത് പോലീസുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ജലപീരങ്കിയും ലാത്തിയും ഉപയോഗിക്കേണ്ടിവന്നു. വാഹനങ്ങള്‍ക്കുനേരേയും അക്രമമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് സമീപത്തുകൂടി പോയ യു.എന്‍. വാഹനവും ആക്രമിക്കപ്പെട്ടു. കാഠ്മണ്ഡു നഗരത്തിലും പാര്‍ലമെന്റ് കെട്ടിടത്തിന് സമീപത്തും സുരക്ഷ ശക്തമാക്കി.

പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് നേപ്പാളില്‍ ഭരണഘടന പരിഷ്‌കരിക്കുന്നത് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഈവര്‍ഷമാണ് മൂന്ന് പ്രധാന പാര്‍ട്ടികള്‍ സമവായത്തിലെത്തിയത്. നേപ്പാളിനെ ഏഴ് പ്രവിശ്യകളാക്കണമെന്നതാണ് പുതിയ ഭരണഘടനയിലെ മറ്റൊരു നിര്‍ദേശം. ഇതിനെതിരെ മാസങ്ങളായി രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/