കോഴിക്കോട് വിമാനത്താവളവികസനത്തിന് അനുമതിയായി

Posted on: 15 Sep 2015* സ്ഥലമേറ്റെടുക്കാത്തത് പ്രതിസന്ധിയാകും

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതിയായി. വിമാന സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി നിര്‍മാണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ നവീകരണപ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.

കേന്ദ്രാനുമതി ലഭിച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ആശയക്കുഴപ്പം ബാക്കിയാകുകയാണ്. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തതാണ് പുതിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

വിമാനത്താവളത്തിലെ നവീകരണ ജോലികള്‍ ഈ മാസം അഞ്ചിന് പൂര്‍ണതോതില്‍ ആരംഭിക്കേണ്ടതായിരുന്നു. ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിയന്ത്രിച്ചായിരുന്നു പ്രാഥമികപ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പൂര്‍ണതോതിലുള്ള നിര്‍മാണം തുടങ്ങാന്‍ ഡി.ജി.സി.എയുടെ അനുമതി ലഭിക്കാത്തത് വിഷമം സൃഷ്ടിച്ചു.

റണ്‍വേ നിലവിലുള്ള 9380 അടിയില്‍നിന്ന് 13,000 അടിയായി ഉയര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന കസ്റ്റോഡിയന്‍ വിമാനത്താവളമായി കരിപ്പൂര്‍ മാറും. വലിയവിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന, വിദേശ വിമാനക്കമ്പനികള്‍ കരിപ്പൂര്‍ വിടുന്ന സാഹചര്യമുണ്ടാകും. പുതുതായി സ്ഥലമേറ്റെടുക്കാതെ റണ്‍വേ നീളം കൂട്ടുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. ജനവാസമേഖലകള്‍ ഒഴിവാക്കി 240 ഏക്കര്‍ സ്ഥലം ഈ ആവശ്യത്തിന് ലഭ്യമാക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാന്‍ മുന്നൂറു കോടി രൂപയുടെ പദ്ധതിയാണ് അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ സ്ഥലമേറ്റെടുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. മുന്‍പ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സര്‍വേ വിഭാഗത്തെ കരിപ്പൂരില്‍ നിയമിച്ചുവെങ്കിലും ഫണ്ട് അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. നേരത്തെ ഇവിടുത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റി വകയിരുത്തിയ 120 കോടി രൂപ, കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍, വകമാറ്റി ചെലവഴിക്കാന്‍ കാരണമായത് സംസ്ഥാന സര്‍ക്കാരിന്റെ ഈ നിസ്സംഗത മൂലമായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/