തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ബി.ജെ.പി.യും കോണ്‍ഗ്രസ്സുമൊഴികെ ആരുമായും സഖ്യമാകാമെന്ന് പിണറായി

Posted on: 15 Sep 2015പിള്ളയുമായി ധാരണയാവാം
കൊല്ലം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഒഴികെയുള്ള കക്ഷികളുമായി സഖ്യമാകാമെന്ന് സി.പി.എം. പി.ബി.അംഗം പിണറായി വിജയന്‍.

ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സി(ബി)നെയും സെക്യുലര്‍ വിഭാഗത്തെയും എടുത്തുപറഞ്ഞ പിണറായി, എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രാദേശികതലത്തിലെ നേതാക്കളുമായി ധാരണയുണ്ടാക്കി പ്രവര്‍ത്തിക്കണമെന്നും കൊല്ലത്ത് പാര്‍ട്ടിയുടെ ജില്ലാതല റിപ്പോര്‍ട്ടിങ്ങില്‍ വ്യക്തമാക്കി. ഐ.എന്‍.എല്‍., സി.എം.പി., ജെ.എസ്.എസ്. തുടങ്ങി യു.ഡി.എഫ്. വിട്ടവരോ അവിടെ ഒറ്റപ്പെട്ടവരോ ആയ ആരുമായും ധാരണയാകാമെന്ന സൂചനയാണ് പിണറായി നല്‍കിയത്.

പാര്‍ട്ടി അംഗങ്ങളല്ലെങ്കിലും പൊതുസമ്മതിയുള്ളവരെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം. എല്‍.ഡി.എഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും സീറ്റ് നല്‍കി തൃപ്തിപ്പെടുത്തണം. ജില്ലാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ കമ്മിറ്റി, ഏരിയ സെക്രട്ടറിമാരും മത്സരത്തില്‍നിന്ന് മാറിനില്‍ക്കണം. അടിയന്തരഘട്ടമാണെങ്കില്‍ സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റിയുടെ അനുമതിതേടണം. രണ്ട് തവണയില്‍ക്കൂടുതല്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണം.

എസ്.എന്‍.ഡി.പി. നേതൃത്വം ആര്‍.എസ്.എസ്സിന്റെ അജന്‍ഡ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത് താഴെത്തട്ടിലുള്ളവരെ ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞ പിണറായി യോഗവുമായി പാര്‍ട്ടിക്ക് ശത്രുതയില്ലെന്നും അറിയിച്ചു. നേതൃത്വത്തിലുള്ളവര്‍ സമുദായത്തെ ബി.ജെ.പി.യുടെ പാളയത്തിലേക്ക് കൊണ്ടുപോകുന്നതിനെയാണ് എതിര്‍ക്കുന്നത്. ഈ നീക്കം ഉപേക്ഷിക്കുന്നതുവരെ ശക്തമായി എതിര്‍പ്പുണ്ടാകും.
പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ വി.എച്ച്.പി. നേതാക്കളുമായി ചര്‍ച്ച നടത്തി അപ്പുറത്തേക്ക് പോകാനാണ് യോഗം ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നത്. ഇത് സാധാരണക്കാരെ ബോധ്യപ്പെടുത്തിയാകണം എസ്.എന്‍.ഡി.പി. യോഗത്തിലെ താഴെത്തട്ടിലുള്ളവരുമായി ധാരണയാകേണ്ടത്.

സാമ്പത്തിക താത്പര്യങ്ങള്‍ക്കുവേണ്ടി മുസ്ലിം സമുദായത്തിലെ സന്പന്നരായ പ്രമുഖര്‍ സംഘപരിവാറുമായി സന്ധിചെയ്യുന്നത് സാധാരണക്കാരായ മുസ്ലിങ്ങളെ ബോധ്യപ്പെടുത്തണമെന്നും പിണറായി പറഞ്ഞു. മുസ്ലിങ്ങളിലെ പാവപ്പെട്ടവരുടെ സംരക്ഷണം സി.പി.എം. ഉറപ്പുവരുത്തണം.

യു.ഡി.എഫ്. അധികാരത്തില്‍ വരാണ് ബി.ജെ.പി.യുടെ ശ്രമം. ഈ നീക്കത്തില്‍ അക്കൗണ്ട് തുറന്നാല്‍ പിന്നീട് യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ എളുപ്പമാകുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് വന്നതുതന്നെ ആര്‍.എസ്.എസ്. അജന്‍ഡയാണ്. പാര്‍ട്ടി എതിര്‍ത്തിട്ടും ഉമ്മന്‍ചാണ്ടി അനുകൂലിച്ചത് സംഘപരിവാറുമായുള്ള ബന്ധംകൊണ്ടാണ്. ഇതെല്ലാം മതന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണമെന്നും പിണറായി റിപ്പോര്‍ട്ടിങ്ങില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടറിയിക്കാന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെയുള്ളവരുടെ റിപ്പോര്‍ട്ടിങ്ങാണ് നടന്നത്. ബ്രാഞ്ച് തല റിപ്പോര്‍ട്ടിങ്ങ് 20ന് നടക്കും.

പി.കെ.ഗുരുദാസന്‍ എം.എല്‍.എ. ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/