ഡോക്ടര്‍മാരുടെ സമരം: 17 മുതല്‍ പൂര്‍ണ നിസ്സഹകരണം; നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍

Posted on: 15 Sep 2015
തിരുവനന്തപുരം:
കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമല്ലെന്നും മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെയാണ് സമരമെന്നും ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ ഡോ. എസ്.ജയശങ്കര്‍ ആരോഗ്യസെക്രട്ടറി ഡോ. കെ.ഇളങ്കോവന് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, ആറുദിവസമായി തുടരുന്ന സമരം പല ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചുതുടങ്ങി. ചിലയിടങ്ങളില്‍ അത്യാഹിത വിഭാഗത്തിലേ ഡോക്ടര്‍മാര്‍ എത്തുന്നുള്ളൂ. ശസ്ത്രക്രിയകള്‍ മുടങ്ങിയതായും ആശുപത്രി പ്രവര്‍ത്തനം താളംതെറ്റിയതായും ആരോപണമുണ്ട്.

17 മുതല്‍ പൂര്‍ണ നിസ്സഹകരണ സമരം തുടങ്ങാനാണ് കെ.ജി.എം.ഒ.എ.യുടെ തീരുമാനം. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ വി.ഐ.പി. ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നടന്ന പരിശീലനങ്ങളിലും പങ്കെടുത്തില്ല. ചികിത്സയ്‌ക്കൊപ്പം പ്രതിരോധ കുത്തിവെയ്പുകള്‍, വികലാംഗ നിര്‍ണയ സമിതികള്‍ എന്നിവയില്‍ മാത്രമാണ് അവര്‍ സഹകരിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിലെ റിലേ നിരാഹാരം ആറാം ദിവസം പിന്നിട്ടു. നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. കേശവനുണ്ണി, സംസ്ഥാന കമ്മിറ്റി അംഗം ഡോ. സാബു സുഗതന്‍ എന്നിവര്‍ തിങ്കളാഴ്ച നിരാഹാരമനുഷ്ഠിച്ചു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് വ്യാഴാഴ്ച മുതല്‍ പൂര്‍ണ നിസ്സഹകരണ സമരം തുടങ്ങുന്നതെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.പ്രമീള ദേവി അറിയിച്ചു. സര്‍ക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കില്ല. പരിശീലനമടക്കം സര്‍ക്കാരിന്റെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കും. രോഗികള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് സമരം എന്നും അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനുള്ള ശ്രമം സംഘടന തുടങ്ങിയിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍കോേളജുകള്‍ ആക്കുന്നത് അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സ്വകാര്യചികിത്സാ നിബന്ധനകള്‍ പരിഷ്‌കരിക്കുക, പെന്‍ഷന്‍ പ്രായം 60 വയസ്സാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എന്നാല്‍ തങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ രോഗികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സമരത്തോട് യോജിക്കുന്നില്ലെന്ന് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. ഭാരവാഹികള്‍ അറിയിച്ചു. ആവശ്യം പൂര്‍ണമായി നേടുന്നതുവരെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/