ഇന്ത്യക്കും ഹിംഗിസിനും അഞ്ച്‌

Posted on: 15 Sep 2015
യു.എസ്. ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം കിരീടം നേടിയപ്പോള്‍ അത് ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടമായി. മിക്‌സഡ് ഡബിള്‍സില്‍ ഹിംഗിസിനൊപ്പം ചേര്‍ന്ന് ലിയാന്‍ഡര്‍ പേസ് മൂന്നു ടൂര്‍ണമെന്റ് ജയിച്ചപ്പോള്‍ വനിതാ ഡബിള്‍സില്‍ ഹിംഗിസിനൊപ്പം സാനിയ രണ്ടു ഗ്രാന്‍സ്ലാം കിരീടം നേടി. 42-കാരനായ പേസും 34-കാരിയായ ഹിംഗിസും ചേര്‍ന്ന സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍ എന്നിവ ജയിച്ചു. 1969-നുശേഷം ആദ്യമായാണ് ഒരു സീസണില്‍ മിക്‌സഡ് ഡബിള്‍സ് സഖ്യം മൂന്നു ഗ്രാന്‍ഡ്സ്ലാം ജയിക്കുന്നത്.
1. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ - മിക്‌സഡ് ഡബിള്‍സ്
2015 ഫിബ്രവരി ഒന്നിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ജയിച്ചുകൊണ്ടാണ് പേസ്-ഹിംഗിസ് സഖ്യം കുതിപ്പുതുടങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ഡാനിയേല്‍ നെസ്റ്റര്‍-ക്രിസ്റ്റീന മ്ലെദനോവിക് സഖ്യത്തെയാണ് ഫൈനലില്‍ (6-4, 6-3) തോല്‍പ്പിച്ചത്.
2. വിംബിള്‍ഡണ്‍ - മിക്‌സഡ് ഡബിള്‍സ്
ഫൈനലില്‍ അലക്‌സാണ്ടര്‍ പെയ-തിമിയ ബാബോസ് (6-1, 6-1) സഖ്യത്തെ വെറും 41 മിനിറ്റില്‍ തോല്‍പ്പിച്ച് രണ്ടാം കിരീടം. വെവ്വേറെ കൂട്ടാളികള്‍ക്കൊപ്പം മിസ്ഡ് ഡബിള്‍സില്‍ പേസിന്റെ നാലാം വിംബിള്‍ഡണ്‍ കിരീടം. ഹിംഗിസിന്റെ ആദ്യ മിക്‌സ്ഡ് ഡബിള്‍സ് കിരീടം. ഈ വിജയത്തോടെ ഗ്രാന്‍സ്ലാം വിജയിക്കുന്ന ഏറ്റവും പ്രായംകൂടിയ താരം എന്ന റെക്കോഡ് പേസിന്റെ പേരിലായി.
3. വിംബിള്‍ഡണ്‍ - വനിതാ ഡബിള്‍സ്
സാനിയ മിര്‍സ, വിംബിള്‍ഡണ്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായിമാറി. രണ്ടരമണിക്കൂര്‍ നീണ്ട മത്സരത്തില്‍ റഷ്യയുടെ എകാതറീന മകറോവ-എലേന വെസ്‌നിന സഖ്യത്തെ (5-7, 7-6, 7-5) തോല്‍പ്പിച്ചാണ് കിരീടം നേടിയത്.
4. യു.എസ്. ഓപ്പണ്‍ - മിക്‌സഡ് ഡബിള്‍സ്
അമേരിക്കയുടെ ബെഥാനീ മറ്റെക് സാന്‍ഡ്‌സ്-സാം ക്വറി സഖ്യത്തെ തോല്‍പ്പിച്ച് (6-4, 3-6, 10-7) കിരീടം നേടിയപ്പോള്‍ മിക്‌സഡ് ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ പുരുഷതാരമായി പേസ് മാറി. ഗ്രാന്‍സ്ലാം വിജയിക്കുന്ന ഏറ്റവും പ്രായംകൂടിയ താരം എന്ന തന്റെതന്നെ റെക്കോഡ് പുതുക്കി.
5. യു.എസ്. ഓപ്പണ്‍ - വനിതാ ഡബിള്‍സ്
70 മിനിറ്റ് നീണ്ട മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ കാസെ ഡെലാക്വ-യാരോസ്ലാവ ഷെവഡോവ (കസാഖ്‌സ്താന്‍) സഖ്യത്തെ തോല്‍പ്പിച്ച് സാനിയ-ഹിംഗിസ് സഖ്യം സീസണിലെ രണ്ടാം ഗ്രാന്‍സ്ലാം സ്വന്തമാക്കി. വനിതാ ഡബിള്‍സില്‍ ഹിംഗിസിന്റെ 11-ാം ഗ്രാന്‍സ്ലാം കിരീടം. സാനിയയുടെ രണ്ടാം കിരീടവും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/