മുംബൈയില്‍ ഇറച്ചിവില്പന വിലക്കിന് സ്റ്റേ

Posted on: 15 Sep 2015മുംബൈ: ജൈനമതവിശ്വാസികളുടെ പുണ്യവ്രതദിനങ്ങളില്‍ മുംബൈ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ സപ്തംബര്‍ 17-ന് ഏര്‍പ്പെടുത്തിയ ഇറച്ചിവില്പനവിലക്ക് ബോംബെ ഹൈക്കോടതി സ്റ്റേചെയ്തു.

എന്നാല്‍ വ്യാഴാഴ്ച കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവിന് ഇത് ബാധകമല്ല. മുംബൈ നഗരസഭയ്ക്ക് തൊട്ടടുത്ത മീരാ ഭയിന്ദര്‍ മുനിസിപ്പാലിറ്റിയിലും നവിമുംബൈയിലും ഇറച്ചിവില്പന നിരോധനത്തിന് സ്റ്റേ ഉണ്ടായിരിക്കില്ല. ജസ്റ്റിസുമാരായ അനൂപ് വി. മേത്തയും അംജദ് സയിദും അടങ്ങിയ െബഞ്ചാണ് ഇറച്ചിവില്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്തത്.

2004-ലെ മഹാരാഷ്ട്രസര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മുനിസിപ്പാലിറ്റികള്‍ ഇറച്ചിവില്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍, സര്‍ക്കാറിന്റെ ഉത്തരവുണ്ടെങ്കിലും അതൊരിക്കലും യഥാര്‍ഥത്തില്‍ നടപ്പാക്കിയതായിക്കാണുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ഇറച്ചിവില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവിനെ തങ്ങള്‍ നിയമദൃഷ്ടിയില്‍ മാത്രമാണ് കാണുന്നത്. അതിന്റെ രാഷ്ട്രീയമോ വൈകാരികമോ ആയ ഭാഗം പരിഗണിക്കുന്നില്ലെന്നും രണ്ടംഗബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

മുംബൈ കോര്‍പ്പറേഷന്‍ നാലുദിവസം ഇറച്ചിവില്പനയും കശാപ്പും വിലക്കിക്കൊണ്ടാണ് ആദ്യം ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നു. ഇതിനിടെ പ്രശ്‌നം കോടതിയിലെത്തിയപ്പോള്‍ മുംബൈ കോര്‍പ്പറേഷന്‍ അടിയന്തരയോഗം ചേര്‍ന്ന് വിലക്ക് രണ്ടുദിവസമാക്കി കുറച്ചിരുന്നു. അവശേഷിക്കുന്ന ഒരു ദിവസത്തെ നിരോധനമാണ് ഹൈക്കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/