മാഞ്ചസ്റ്റര്‍, മാഡ്രിഡ് ടീമുകള്‍ ഇന്ന് കളത്തില്‍

Posted on: 15 Sep 2015യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം ഇന്നുമുതല്‍

ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പടിക്കകത്തേക്ക് വീണ്ടും പ്രവേശനം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചൊവ്വാഴ്ച കളിക്കളത്തില്‍. ഗ്രൂപ്പ് ഡിയില്‍ ഡച്ച് ടീം പി.എസ്.വി. ഐന്തോവനാണ് മാഞ്ചസ്റ്ററിന്റെ എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗിനായുള്ള ഗ്രൂപ്പ് പോരാട്ടത്തിന് ചൊവ്വാഴ്ച തുടക്കംകുറിക്കുമ്പോള്‍ പ്രബലരായ സ്​പാനിഷ് ടീമുകളായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ഫ്രഞ്ച് ടീം പി.എസ്.ജി. എന്നിവരും ആദ്യദിനം കളിക്കളത്തിലുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിലവിലെ റണ്ണറപ്പുകളായ യുവന്റസും ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ആദ്യദിവസത്തെ വമ്പന്‍ പോരാട്ടം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2013-14 സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ലീഗില്‍ നാലാം സ്ഥാനം നേടിയ യുണൈറ്റഡ് പ്ലേ ഓഫ് റൗണ്ടിലൂടെയാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടിയത്. ബെല്‍ജിയം ടീം ക്ലബ്ബ് ബ്രൂഗെയെ ഇരുപാദങ്ങളിലായി 7-1ന് കീഴടക്കിയാണ് യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയത്. ഡച്ച് പരിശീലകനായ ലൂയി വാന്‍ഗാലിന് കീഴില്‍ പരിശീലിക്കുന്ന യുണൈറ്റഡിന് ഫിലിപ്പ് കൊക്കു പരിശീലിപ്പിക്കുന്ന ഐന്തോവന്റെ തന്ത്രങ്ങള്‍ അപരിചിതമാകില്ല. എവേ മത്സരത്തില്‍ സ്റ്റാര്‍ പ്ലെയര്‍ വെയ്ന്‍ റൂണി കളിക്കുന്നില്ല എന്നതുമാത്രമാണ് ഇംഗ്ലീഷ് വമ്പന്മാരുടെ ആകെ നിരാശ.
ഗ്രൂപ്പ് ഡിയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി-യുവന്റസ് പോരാട്ടം. കഴിഞ്ഞതവണ ഫൈനലിലെത്തിയ യുവന്റസിനാണ് മത്സരത്തില്‍ മുന്‍തൂക്കമെങ്കിലും സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരാണ്. മാത്രമല്ല, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മിന്നുന്ന ഫോമിലുമാണ്. ഇംഗ്ലണ്ടിലെ വീര്യം യൂറോപ്പിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതാണ് സിറ്റിയുടെ സങ്കടം. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രണ്ടുതവണ ഗ്രൂപ്പ് ഘട്ടത്തില്‍ കുരുങ്ങിപ്പോയ സിറ്റി രണ്ടുതവണ രണ്ടാം റൗണ്ടില്‍ ബാഴ്‌സലോണയോട് തോല്‍ക്കുകയും ചെയ്തു. എന്നാല്‍, യുവന്റസ് ഇറ്റലിയിലെ കരുത്ത് കഴിഞ്ഞ സീസണില്‍ യൂറോപ്പിലും പുറത്തെടുത്തു. ഫൈനലില്‍ അത്ഭുത ടീമായെത്തിയ യുവന്റസ് ബാഴ്‌സലോണയോട് 3-1ന് തോറ്റു. ഈ സീസണില്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട യുവന്റസ് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടോ എന്ന് ഈ മത്സരത്തിലറിയാം.
മാഡ്രിഡ് നഗര ടീമുകളായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ആദ്യദിനം കളിക്കളത്തിലിറങ്ങും. ഗ്രൂപ്പ് എയില്‍ റയലിന് യുക്രൈന്‍ ടീം ഷാക്തര്‍ ഡൊണെറ്റ്‌സ്‌കാണ് എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ തുര്‍ക്കി ടീം ഗളത്സരെയാണ് അത്‌ലറ്റിക്കോയുടെ എതിരാളികള്‍. പി.എസ്.ജി. സ്വീഡിഷ് ടീം മാല്‍മോയെ നേരിടുമ്പോള്‍, സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് അത് ഗൃഹാതുരത ഉണര്‍ത്തുന്ന മത്സരമാകും. 1999-ല്‍ മാല്‍മോയിലൂടെയാണ് ഇബ്രാഹിമോവിച്ച് പ്രൊഫഷണല്‍ കരിയറിന് തുടക്കമിട്ടത്. മുന്‍ ഇന്ത്യന്‍ കോച്ച് ബോബ് ഹൂട്ടന്റെ ശിക്ഷണത്തില്‍ 1979-ല്‍ യൂറോപ്യന്‍ ഫൈനല്‍ കളിച്ച ടീമാണ് മാല്‍മോ.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ:
റയല്‍ മാഡ്രിഡ്, പി.എസ്.ജി, ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക്, മാല്‍മോ
ഗ്രൂപ്പ് ബി: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സി.എസ്.കെ.എ. മോസ്‌കോ, പി.എസ്.വി. ഐന്തോവന്‍, വോള്‍ഫ്‌സ്ബര്‍ഗ്
ഗ്രൂപ്പ് സി: അത്‌ലറ്റിക്കോ മാഡ്രിഡ്, ഗളത്സരെ, ബെന്‍ഫിക്ക, എഫ്.സി. അസ്താന
ഗ്രൂപ്പ് ഡി: യുവന്റസ്, !മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ, ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാക്
ഗ്രൂപ്പ് ഇ: ബാഴ്‌സലോണ, എ.എസ്. റോമ, ബേറ്റ് ബോറിസോവ്, ബെയര്‍ ലേവര്‍കൂസന്‍
ഗ്രൂപ്പ് എഫ്: ബയറണ്‍ മ്യൂണിക്, ആഴ്‌സനല്‍, ഡൈനാമോ സാഗ്രേബ്, ഒളിമ്പ്യാക്കോസ്
ഗ്രൂപ്പ് ജി: ചെല്‍സി, പോര്‍ട്ടോ, ഡൈനാമോ കീവ്, മക്കാബി ടെല്‍ അവീവ്
ഗ്രൂപ്പ് എച്ച്: വലന്‍സിയ, ലിയോണ്‍, സെനിത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്, ഗെന്റ്.
ഇന്നത്തെ മത്സരം

പി.എസ്.ജി.-മാല്‍മോ
റയല്‍ മാഡ്രിഡ്-ഷാക്തര്‍
വോള്‍ഫ്‌സ്ബര്‍ഗ്-സി.എസ്.കെ.എ.
പി.എസ്.വി.-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
(രാത്രി 12.15 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍)
ഗളത്സരെ-അത്‌ലറ്റിക്കോ മാഡ്രിഡ്
ബെന്‍ഫിക്ക-അസ്താന
മാഞ്ചസ്റ്റര്‍ സിറ്റി-യുവന്റസ്
(രാത്രി 12.15 മുതല്‍ ടെന്‍ ആക്ഷനില്‍)
സെവിയ-മോണ്‍ചെന്‍ഗ്ലാഡ്ബാക്
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/