മൂന്നാര്‍ സമരം: സി.ഐ.ടി.യു. നേതാവിന്റെ പരാമര്‍ശം വിവാദമായി; പിന്നീട് തിരുത്തി

Posted on: 15 Sep 2015കണ്ണൂര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം വിവാദമായി.മണിക്കൂറുകള്‍ക്കകം അദ്ദേഹം പരാമര്‍ശം തിരുത്തി.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ്. മാനിഫെസ്റ്റോ തയ്യാറാക്കുന്ന കാര്യം പറയാന്‍ തിങ്കളാഴ്ച കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞത്.

തൊഴിലാളികളെ സമരത്തിന് സജ്ജരാക്കിയത് ആരാണെന്നന്വേഷിക്കണം. തീവ്രവാദികളുടെ സാനിധ്യം സമരത്തിനു പിന്നിലുണ്ട്. തമിഴ് തൊഴിലാളികളുടെ ശക്തമായ സാന്നിധ്യവും അന്വേഷിക്കേണ്ടതുണ്ട്്്. തമിഴ്തീവ്രവാദികളുടെ പങ്കും അന്വേഷിക്കണം. തൊഴിലാളികളില്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളുണ്ടാക്കിയതും അവര്‍ തന്നെയാണെന്നും സഹദേവന്‍ ആരോപിച്ചു. മൂന്നാറിലെ സമരത്തെ സി.ഐ.ടി.യു. അനുകൂലിക്കുന്നുണ്ട്്്. ബോണസ്സും വേതനവും ആവശ്യപ്പെട്ടുള്ള സമരം വളരെ പെട്ടെന്ന് ഇങ്ങനെയൊരു രീതിയിലാകാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കണം.

വി.എസ്. ആണല്ലോ സമരത്തിന് നേതൃത്വം നല്കിയത് എന്ന ചോദ്യത്തിന് വി.എസ്. മാത്രമല്ല എല്ലാ നേതാക്കളും അവിടെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന സി.ഐ.ടി.യുവിന്റെ പരാമര്‍ശം കണ്ണൂരിലെ പാര്‍ട്ടിക്ക് തന്നെ ക്ഷീണമുണ്ടാക്കി. ഇതേത്തുടര്‍ന്നാണ് ഉടന്‍ തന്നെ തിരുത്തു നല്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്.

മൂന്നാറിലെ തൊഴിലാളി സമരം സംബന്ധിച്ച് മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദിക്കുന്നു. സി.ഐ.ടി.യു. എന്നും തൊഴിലാളികളുടെ സമരത്തോടൊപ്പം ഉറച്ചു നില്‍ക്കുന്ന പ്രസ്ഥാനമാണെന്ന്്് അദ്ദേഹം തുടര്‍പ്രസ്താവനയില്‍ തിരുത്തി.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/