കോഴിക്കോട് സര്‍വകലാശാല: സപ്തംബര്‍ 16, 2015

Posted on: 15 Sep 2015ബിരുദ പ്രവേശനം: ഗവണ്‍മെന്റ് കോളേജുകളിലെ ഒഴിവുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തില്‍ ഗവണ്‍മെന്റ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓപ്പണ്‍ മെറിറ്റ്, എസ്.ഇ.ബി.സി (മുസ്ലിം, ഈഴവ, ഒ.ബി.എച്ച്, ഒ.ബി.എക്‌സ്, എല്‍.സി) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സപ്തംബര്‍ 18-ന് രാവിലെ പത്ത് മണിക്കും, എസ്.സി / എസ്.ടി, ബി.പി.എല്‍ (മൂന്നാക്ക വിഭാഗങ്ങളിലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സപ്തംബര്‍ 19-ന് രാവിലെ പത്ത് മണിക്കും സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഒഴിവുകള്‍ സപ്തംബര്‍ 16-ന് ഉച്ചക്ക് രണ്ട് മണിക്ക് www.cuonline.ac.in>Online Registration>Seat Detials എന്ന ലിങ്കില്‍ ലഭ്യമാവും. വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്  ഹാജരാവണം. ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചവരെ പരിഗണിക്കുന്നതല്ല.


പി.ജി ഏകജാലകം: സീറ്റ് വിവരങ്ങള്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ജി ഏകജാലക പ്രവേശനത്തിനുള്ള ഡിപ്പാര്‍ട്ടുമെന്റ്, ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിലെ കാറ്റഗറി തിരിച്ചുള്ള സീറ്റ് വിഭജന വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ യു.ജി (സിസിഎസ്എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ ഒമ്പത് മുതല്‍ നടക്കും.


പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി പരീക്ഷയുടെ (നവംബര്‍ 2014) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.


ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ് / സര്‍വകലാശാലാ ലൈബ്രറികളിലെ ലൈബ്രറി സയന്‍സ് അധ്യാപകര്‍ക്കും യു.ജി.സി സ്‌കീമില്‍ വരുന്ന ലൈബ്രേറിയന്‍മാര്‍ക്കുമായി സപ്തംബര്‍ 16 മുതല്‍ നടത്താനിരുന്ന ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 19 വരെ നടത്തും. സപ്തംബര്‍ 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം എച്ച്.ആര്‍.ഡി.സി ഓഫീസിലും www.ugcasccalicut.info എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.


മെഴുകുതിരി നിര്‍മ്മാണം, ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് വകുപ്പില്‍ സ്ത്രീകള്‍ക്കായി നടത്തുന്ന കറി പൗഡര്‍, മെഴുകിതിരി, ചന്ദനത്തിരി തുടങ്ങിയവയുടെ നിര്‍മ്മാണ കോഴ്‌സിനും, ബ്യൂട്ടീഷന്‍ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. പത്ത് ദിവസത്തെ കോഴ്‌സ് സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 0494 2407360. 


നാടക മല്‍സരം: സപ്തംബര്‍ 16-ന് ബുധനാഴ്ച സമാപനം
സംസ്ഥാന മേഖലാ ലഘുനാടക മല്‍സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് ഓഡിറ്റോറിയത്തില്‍ സപ്തംബര്‍ 16-ന് ബുധനാഴ്ച സമാപനം. കോഴിക്കോട് പെരുവയല്‍ നന്മയുടെ "വെളുവെളുത്ത കറുപ്പ്" ആണ് ബുധനാഴ്ചയിലെ നാടകം. തുടര്‍ന്ന് കോഴിക്കോട് ചെമ്പുലരി തിയറ്റേഴ്‌സിന്റെ "സഡന്‍ ബ്രേക്ക്" എന്ന നാടകത്തോടെ അഞ്ച് രാവുകളിലെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും. വടക്കന്‍ ജില്ലകളിലെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തുന്ന നാടക പ്രവര്‍ത്തകരും ആസ്വാദകരും ബുദ്ധിജീവികളും സാധാരണക്കാരുമൊക്കെ നിറഞ്ഞ വലിയൊരു സദസ്സാണ് നാടകദിനങ്ങളില്‍ കാമ്പസിലെത്തുന്നത്. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെ കേരള സംഗീത നാടക അക്കാദമിയാണ് പരിപാടിയുടെ സംഘാടകര്‍. അക്കാദമി പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാടക ഗാനങ്ങളുടെ സിഡി, കേളി മാസിക, പുസ്തകങ്ങള്‍ എന്നിവയുടെ വില്‍പന അഭൂതപൂര്‍വമാണെന്ന് അക്കാദമിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു. "പുകക്കണ്ണാടി" (ദ ഫോര്‍ത്ത് വാള്‍, കണ്ണൂര്‍), "മുടി" (അണിയറ നാടകസമിതി, മാവൂര്‍, കോഴിക്കോട്) എന്നീ നാടകങ്ങളാണ് ചൊവ്വാഴ്ച അവതരിപ്പിച്ചത്. 80 നാടകങ്ങള്‍ പരിശോധിച്ചാണ് മത്സര വേദിയില്‍ അവതരിപ്പിക്കാനുള്ളവ തിരഞ്ഞെടുത്തത്.


ദമ്പതികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു
പരസ്പര സ്‌നേഹത്തോടെയും സമഭാവനയോടെയും കഴിയുന്ന സന്തോഷം നിറഞ്ഞ ഭവനങ്ങളില്‍ നിന്ന് മാത്രമെ മാനസികാരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാനാവൂ എന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് വകുപ്പില്‍ ദമ്പതികള്‍ക്കായി സംഘടിപ്പിച്ച  സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യ മേഖലകളിലെല്ലാം കേരളം അഭൂതപൂര്‍വമായ  പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ പരസ്പര സഹകരണവും വിശ്വാസവും സൗഹാര്‍ദ്ദവും നഷ്ടമായ, അസ്വസ്ഥത നിറഞ്ഞ ഭവനങ്ങള്‍ നിരവധിയാണ്. അണുകുടുംബങ്ങളുടെ ആവിര്‍ഭാവം ഇതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനവിഭാഗം മേധാവി ഡോ.ഇ.മനോജം, കെ.പ്രശാന്ത്, സി.ടി.സഫ്‌വാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മനശ്ശാസ്ത്ര വിദഗ്ധരായ ഡോ.എല്‍.ആര്‍.മധുജന്‍, സജി നരിക്കുഴി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/