LATEST NEWS

Loading...

Custom Search
+ -

ജാനു ബറുവയുടെ 'ബന്ധനും' പലസ്തീന്‍ ചിത്രം 'ഹബീബി'ക്കും പുരസ്‌കാരം

Posted on: 28 Dec 2012

 

ബാംഗ്ലൂര്‍:അഞ്ചാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരമായ 'സുചിത്ര സമ്മാന്‍' അസമീസ് ചിത്രമായ ജാനുബറുവയുടെ 'ബന്ധന്‍' കരസ്ഥമാക്കി. നാലുലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. ഇതില്‍ രണ്ടുലക്ഷം രൂപ നിര്‍മാതാവിനും രണ്ടുലക്ഷം സംവിധായകനും ലഭിക്കും. കന്നഡ സിനിമാ വിഭാഗത്തില്‍ ഗിരീഷ് കാസറവള്ളിയുടെ 'കൂര്‍മാവതാര' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. രണ്ടു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലോഹഫലകവുമാണ് അവാര്‍ഡ്. സംവിധായകനും നിര്‍മാതാവിനും ഓരോ ലക്ഷം വീതം ലഭിക്കും. ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ് പലസ്തീന്‍ ചിത്രമായ 'ഹബീബി' നേടി. സംവിധായകന്‍ സൂസന്‍ യൂസഫി ക്ക് നെറ്റ്പാക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡ് തുകയായി രണ്ടുലക്ഷം രൂപയും ലഭിക്കും. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായിരുന്നു ജാനു ബറുവയുടെ ബന്ധന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ഐക്യവും സ്‌നേഹവുമാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ജാനു ബറുവ ശ്രമിച്ചത്. ബിഷ്ണു കാര്‍ഗോറിയ എന്ന നടനാണ് ഇതില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. അസം സ്റ്റേറ്റ് ഫിലിം കോര്‍പ്പറേഷനാണ് ബന്ധന്‍ നിര്‍മിച്ചത്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'ഹബീബി' പലസ്തീന്‍ സാഹചര്യത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നത്.
ഡിസംബര്‍ 20 മുതല്‍ ബാംഗ്ലൂരില്‍ വിവിധ വേദികളിലായി തുടങ്ങിയ ചലച്ചിത്രമേള വ്യാഴാഴ്ച വൈകിട്ട് ജ്ഞാനഭാരതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സമാപിച്ചത്. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് പുരസ്‌കാരം വിതരണം ചെയ്തു. ചടങ്ങില്‍ നടന്മാരായ അംബരീഷ്, പ്രഭുദേവ, നടിമാരായ താര, ജയമാല, ഹരിണി എന്നിവര്‍ പങ്കെടുത്തു. ഏഴു വേദികളിലായാണ് മേള നടന്നത്. നിരവധി മലയാളചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

(0%) (0 Votes)

 

 

Other News in this Section