LATEST NEWS

Loading...

Custom Search
+ -

കാവ്യവിസ്മയം

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 04 Sep 2009

 

കഴിഞ്ഞ ഏഴുവര്‍ഷമായി നിഘണ്ടുകളായിരുന്നു കാവ്യ ശിവശങ്കറിന്റെ കൂട്ടുകാര്‍. കിട്ടാവുന്നത്ര നിഘണ്ടുകള്‍ ശേഖരിക്കുകയും അതിലെ ഓരോവാക്കുകളും അതിന്റെ അര്‍ഥവും ഉത്പത്തിയും ഉപയോഗവും മനസ്സിലാക്കി പഠിക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യത്തിലായിരുന്നു കാവ്യ. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കാനുള്ള കഠിനശ്രമം.

സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീ ടെസ്റ്റില്‍ ചാമ്പ്യനാവുകയെന്ന ആഗ്രഹമാണ് കാലിഫോര്‍ണിയയിലെ ട്രയില്‍ ജൂനിയര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവ്യ കൂടെക്കൊണ്ടുനടന്നത്. ഇക്കൊല്ലം കാവ്യ അത് സാധിച്ചു. മത്സരത്തില്‍ പങ്കെടുത്ത 242പേരെ പിന്തള്ളി, നാല്‍പതുവാക്കുകളുടെ സ്‌പെല്ലിങ് കൃത്യമായി ഉച്ചരിച്ച് കാവ്യ ജീവിതത്തിലെ വലിയ മോഹം സഫലമാക്കി.

വാക്കുകളുടെ സ്‌പെല്ലിങ് കൃത്യമായി പറയുന്ന മത്സരമാണ് സ്‌പെല്ലിങ് ബീ. ഒരു കായിക മത്സരത്തെപ്പോലെ ആവേശം വിതറുന്ന സ്‌പെല്ലിങ് ബീയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സ്‌പോര്‍ട്‌സ് ചാനലായ ഇ.എസ്.പി.എന്നാണ് ഇത് സംപ്രേഷണം ചെയ്യുന്നതെന്നതുതന്നെ പരിപാടിയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. സ്‌പെല്ലിങ് ബീയില്‍ ചാമ്പ്യനാകാതെ അടങ്ങില്ലെന്ന ആവേശം കാവ്യയ്ക്കുണ്ടാകാന്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരീടം കപ്പിനും ചുണ്ടിനുമിടയില്‍ കാവ്യയ്ക്ക് നഷ്ടമാവുകയാണ്. 2006-ല്‍ പത്താം സ്ഥാനം. 2007-ല്‍ എട്ടാമത്. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്ത്. ഇക്കൊല്ലം, അവസാനചോദ്യത്തിനും ശരിയായ ഉത്തരം നല്‍കിയതോടെ കാവ്യ മികവിന്റെ കിരീടം ചൂടി. സ്‌പെല്ലിങ് ബീ ചാമ്പ്യനാകുന്ന പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് കാവ്യ. 1999-ലെ ചാമ്പ്യന്‍ നുപുര്‍ ലാലയാണ് ഈ രംഗത്ത് കാവ്യയുടെ പ്രചോദനം.

ഇക്കുറി ഫൈനലില്‍ കാവ്യയെ വെല്ലുവിളിക്കാനുണ്ടായിരുന്ന പത്തുപേരില്‍ ഏഴുപേരും ഇന്ത്യന്‍ വംശജരായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയിലെ ഏഷ്യക്കാര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ വംശജര്‍ വിദ്യാഭ്യാസരംഗത്ത് കൈവരിക്കുന്ന പുരോഗതിയായാണ് ഈ കുതിപ്പിനെ പലരും വിലയിരുത്തുന്നത്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ സമീര്‍ മിശ്ര രണ്ടാം സ്ഥാനക്കാരനായി. ഐശ്വര്യ ഈശ്വര്‍ പസ്തപുര്‍, സിദ്ദാര്‍ഥ് ചന്ദ്, നീതു ചന്ദക് , തുസ ഹീര, രമ്യ ഔറോപ്രേന്‍ എന്നിവരായിരുന്നു ഫൈനലിലെ മറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

1985-ല്‍ ബാലു നടരാജനിലൂടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ സ്‌പെല്ലിങ് ബീ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. 1988-ല്‍ രാജശ്രീ രാമചന്ദ്രന്‍, 1999-ല്‍ നുപൂര്‍ ലാല, 2000-ല്‍ ജോര്‍ജ് എബ്രഹാം തമ്പി, 2002-ല്‍ പ്രത്യുഷ് ബുദ്ദിഗ, 2003-ല്‍ സായ് ആര്‍.ഗണ്ടൂരി, 2005-ല്‍ അനുരാഗ് കാശ്യപ്, 2008-ല്‍ സമീര്‍ മിശ്ര എന്നിവരാണ് ലോകമെങ്ങും പ്രേക്ഷകരും ആരാധകരുമുള്ള മത്സരത്തിലെ മുന്‍കാല ഇന്ത്യന്‍ ജേതാക്കള്‍.

എത്ര കടുത്ത വാക്കുകളായാലും ചോദ്യത്തെ പതറാതെ നേരിടുന്ന കാവ്യയെ അസാമാന്യ പ്രതിഭയെന്നാണ് ഇ.എസ്.പി.എന്നിലെ പോള്‍ ലോഫ്‌ലര്‍ വിലയിരുത്തിയത്. വാക്കുകളുടെ ഉത്പത്തിയെയും അര്‍ഥത്തെയും കുറിച്ചുള്ള ഏതാനും ചോദ്യങ്ങളിലൂടെ സ്‌പെല്ലിങ് ശരിയായി ഗ്രഹിക്കാനായതാണ് തന്റെ വിജയരഹസ്യമെന്ന് കാവ്യയും പറയുന്നു. തന്റെ അച്ഛനും പരിശീലകനുമായ മിര്‍ലി ശിവശങ്കറിനാണ് ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രഡിറ്റും കാവ്യ നല്‍കുന്നത്. ഭാവിയില്‍ ന്യൂറോസര്‍ജനാകണമെന്നാണ് കാവ്യയുടെ മറ്റൊരു മോഹം.

rgirishkumar@ gmail.com
(64%) (5 Votes)

 

 

Other News in this Section